Skip to main content

ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷനുകള്‍ ജനസൗഹൃദമാക്കും- മന്ത്രി ജി. ആര്‍ അനില്‍

 

ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷനുകള്‍ ജനസൗഹൃദമാക്കാനും പരാതികള്‍ക്ക് അതിവേഗം പരിഹാരം നല്‍കാനും സര്‍ക്കാര്‍ ഇടപെടലുകള്‍ നടത്തി വരുന്നതായി ഭക്ഷ്യ, പൊതുവിതരണ, ഉപഭോക്തൃകാര്യ വകുപ്പ് മന്ത്രി ജി. ആര്‍. അനില്‍. പൈനാവ് കുയിലിമലയില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്റെ നവീകരിച്ച മന്ദിരം ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിലെ 14 ജില്ലകളിലും കമ്മീഷന് ഇപ്പോള്‍ സ്വന്തം കെട്ടിടമുണ്ട്. പുതിയ കാലത്ത് ഉപഭോക്തൃ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് ഒട്ടേറെ കേസുകള്‍ വരുന്നുണ്ട്. 20000 ത്തോളം കേസുകള്‍ സംസ്ഥാനത്ത് പെന്‍ഡിങ്ങുണ്ട്. പല ജില്ലകളിലും മീഡിയേഷന്‍ സെല്ലുകള്‍ ആരംഭിച്ചും മറ്റും ഇവ അതിവേഗം പരിഹരിക്കുന്നതിന് നടപടി സ്വീകരിച്ചുവരുകയാണ്. പരാതികള്‍ ഓണ്‍ലൈനായി നല്‍കാനും സംവിധാനം ഏര്‍പ്പെടുത്തിക്കഴിഞ്ഞു. സാധാരണക്കാര്‍ക്ക് സൗജന്യമായി നിയമോപദേശം നല്‍കാന്‍ എല്ലാ കമ്മീഷനുകളിലും നിയമസഹായ കേന്ദ്രങ്ങള്‍ സ്ഥാപിച്ചു കഴിഞ്ഞു.   35.9 ലക്ഷം രൂപ ചെലവില്‍ നവീകരിച്ച ഇടുക്കി ജില്ല കമ്മീഷന്‍ മന്ദിരം പ്രവര്‍ത്തനക്ഷമമാകുന്നതോടെ  അതിവേഗത്തില്‍ പരാതികള്‍ പരിഹാരം കാണാനാവുമെന്നും കമ്മീഷന്റെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ജനങ്ങളിലേക്ക് എത്തിക്കാന്‍ കഴിയുമെന്നും മന്ത്രി പറഞ്ഞു. വ്യാപകമാക്കി കൂടുതല്‍ വേഗത്തില്‍ കേസുകള്‍ക്ക് തീര്‍പ്പ് കല്‍പ്പിക്കാനാകും. ജില്ലാ കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ വെള്ളിയാഴ്ച 3.30 ന് ചേര്‍ന്ന പൊതുയോഗത്തില്‍ ജലവിഭവവകുപ്പ് മന്ത്രി റോഷി അഗസ്‌ററിന്‍ ഓണ്‍ലൈനായി അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാജി ചന്ദ്രന്‍, ജില്ലാ പഞ്ചായത്ത് അംഗം കെ ജി സത്യന്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം ഡിറ്റാജ് ജോസഫ്, ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്‍ അംഗങ്ങളായ ആശമോള്‍ പി, അമ്പാടി കെ എസ്, ഇടുക്കി ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് സി കെ ബാബു, ബി.ജെ. പി ജില്ലാ വൈസ് പ്രസിഡന്റ് പി. രാജന്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.
 

date