Skip to main content

അഴകോടെ ആലപ്പുഴ' ശുചിത്വ സന്ദേശ നാടകയാത്ര രമേശ് പിഷാരടി ഉദ്ഘാടനം ചെയ്തു

നഗരസഭയുടെ ശുചിത്വ സന്ദേശ നാടകയാത്ര 'അഴകോടെ ആലപ്പുഴ' രമേശ് പിഷാരടി ഉദ്ഘാടനം ചെയ്തു. ആലപ്പുഴ നഗരസഭയുടെ സമ്പൂർണ്ണ ശുചിത്വ ക്യാമ്പയിനിന്റെ ഭാഗമായാണ്  'അഴകോടെ ആലപ്പുഴ' എന്ന പേരിൽ തെരുവ് നാടകം ഒരുക്കിയിരിക്കുന്നത്. മാലിന്യങ്ങൾ നിത്യ ജീവിതത്തിൽ സൃഷ്ടിക്കുന്ന വിപത്തുകളും മാലിന്യ സംസ്കരണത്തിൻ്റെ അനിവാര്യതയും പറയുന്നതാണ് നാടകം. 

മാലിന്യം വലിച്ചെറിയുന്ന പ്രവണതക്കെതിരെ ദൃശ്യാവിഷ്കാരം നൽകിയ ഒരു ഗാനവും അഴകുള്ള ആലപ്പുഴയുടെ ഭംഗി വിളിച്ചോതുന്ന മറ്റൊരു ഗാന നൃത്ത രംഗവും ഉൾപ്പെടുന്നതാണ് അരമണിക്കൂർ ദൈർഘ്യമുള്ള നാടകം . 

തിരക്കഥാകൃത്തും സംവിധായകനുമായ സുനിൽ ഞാറയ്ക്കലാണ് നാടകത്തിൻ്റെയും ഗാനങ്ങളുടെയും രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത്. പിന്നണി ഗായകൻ പ്രദീപ് പള്ളുരുത്തിയുടെ യാണ് സംഗീതം. പ്രദീപും ഷിജു അഞ്ചുമനയും ചേർനാണ് ഗാനങ്ങൾ
ആലപിചിരിക്കുന്നത്. ചലച്ചിത്ര താരങ്ങളായ സുനിൽ ഞാറക്കൽ, എബ്രഹാം കോശി, പുന്നപ്ര അപ്പച്ചൻ , ഗിരീഷ് അനന്തൻ, സജു കെ.പി.എ.സി, ഷാജി മൊയ്തീൻ, നിതാ കർമ്മ തുടങ്ങിയവർക്കൊപ്പം ബാലതാരം റിഫാനയും ആലപ്പുഴ നഗരസഭയിലെ ഹരിത കർമ്മ സേനാംഗങ്ങളും നാടകത്തിലൂടെ അരങ്ങിൽ എത്തുന്നുണ്ട്. നഗരസഭയിലെ മുഴുവൻ വാർഡുകളിലും നാടകം അവതരിപ്പിക്കും.

വൈ.എം.സി.എ. ഇൻഡോർ ബാസ്കറ്റ് ബോൾ കോർട്ടിൽ നടന്ന ചടങ്ങിൽ എ.എം. ആരിഫ് എം.പി., ജില്ല കളക്ടർ ഹരിത വി. കുമാർ, നഗരസഭ ചെയർപേഴ്സൺ സൗമ്യരാജ്, വൈസ് ചെയർമാൻ പി.എസ്.എം. ഹുസ്സൈൻ മറ്റു ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

date