Skip to main content

ചങ്ങാതി പദ്ധതി; എഴുപുന്നയിൽ  128 അതിഥി സംസ്ഥാന തൊഴിലാളികൾ പരീക്ഷ എഴുതി

 

അതിഥി തൊഴിലാളികളെ മലയാള ഭാഷ പഠിപ്പിക്കുന്നതിനായി സാക്ഷരതാ മിഷന്റെ നേതൃത്വത്തില്‍ നടപ്പിലാക്കുന്ന ചങ്ങാതി പദ്ധതിയുടെ ഭാഗമായി എഴുപുന്ന ഗ്രാമ പഞ്ചായത്തിൽ 128 അതിഥി സംസ്ഥാന തൊഴിലാളികൾ സാക്ഷരതാ പരീക്ഷ എഴുതി.

സർവേ വഴി കണ്ടെത്തിയ പഠിതാക്കളിൽ 63 പുരുഷന്മാരും 65 സ്ത്രീകളും പരീക്ഷ എഴുതി. പ്രത്യേക പരിശീലനം നേടിയ ഇൻസ്ട്രക്ടർമാരാണ് ചങ്ങാതി പഠിതാക്കൾക്കുള്ള ക്ലാസുകൾ നയിച്ചത്. ഹമാരി മലയാളം എന്ന പാഠപുസ്തകം അടിസ്ഥാനമാക്കിയായിരുന്നു പഠനം. കഴിഞ്ഞ വർഷമാണ് എഴുപുന്നയിൽ പദ്ധതി ആരംഭിച്ചത്.
പഞ്ചായത്തിലെ രണ്ട് കേന്ദ്രങ്ങളിലായിട്ടാണ് പരീക്ഷ നടന്നത്.  ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആർ.പ്രദീപ് പഠിതാക്കൾക്ക് ചോദ്യപേപ്പർ കൈമാറി. 
ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ പി.കെ.മധുക്കുട്ടൻ, സി.എസ്.അഖിൽ, ഇൻസ്ട്രക്ടർമാരായ സീന ടോമിച്ചൻ, സ്വപ്ന തിലകൻ, പി.എ.ശ്രീവിദ്യ, സാക്ഷരതാ മിഷൻ ജില്ലാ കോർഡിനേറ്റർ കെ.വി.രതീഷ് എന്നിവർ  നേതൃത്വം നൽകി. 

സംസ്ഥാനത്ത്  പെരുമ്പാവൂർ നഗരസഭയിലാണ് ആദ്യമായി ചങ്ങാതി പദ്ധതി നടപ്പിലാക്കിയത്. പിന്നീട് എല്ലാ ജില്ലകളിലും ഓരോ പഞ്ചായത്തുകളിൽ പദ്ധതി ആരംഭിച്ചു. അതിന്റെ ഭാഗമായി ആലപ്പുഴ ജില്ലയിൽ 2018 ൽ മണ്ണഞ്ചേരിയിലും 2019 ൽ പാണാവള്ളിയിലും ചങ്ങാതി പദ്ധതി വിജയകരമായി നടത്തിയിരുന്നു.

date