Skip to main content

കരുതലും കൈത്താങ്ങുമായി വകുപ്പുകളും ജീവനക്കാരും

സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തിന്റെ ഭാഗമായി നടത്തുന്ന 'കരുതലും കൈത്താങ്ങും' തിരൂർ താലൂക്ക്തല അദാലത്തിൽ പൊതുജനങ്ങൾക്കായി ഒരുക്കിയത് വിപുലമായ സൗകര്യങ്ങൾ. കളക്ടറേറ്റ്, ആർ.ഡി.ഒ ഓഫീസ്, താലൂക്ക് ഓഫീസ് മുതൽ വിവിധ വകുപ്പുകളുടെയും  താലൂക്കിന് കീഴിൽ വരുന്ന കുറ്റിപ്പുറം, തിരൂർ, താനൂർ ബ്ലോക്കുകളുടെയും വിവിധ പഞ്ചായത്തുകളുടെയും ഉൾപ്പടെ 19 കൗണ്ടറുകളാണ് അപേക്ഷകരുടെ പരാതികൾ പരിഗണിക്കുന്നതിനായി ഒരുക്കിയിരുന്നത്. മന്ത്രി വി. അബ്ദുറഹിമാൻ, എ.ഡി.എം, ജില്ലാ വികസന കമ്മീഷണർ, സബ് കളക്ടർ, അസിസ്റ്റന്റ് കളക്ടർ,  ഡെപ്യൂട്ടി കളക്ടർമാർ എന്നിവരുടെ നേതൃത്വത്തിലുള്ള പരാതി പരിഹാര കൗണ്ടറുകൾക്ക് പുറമെയാണ് 19 കൗണ്ടറുകൾ ഒരുക്കിയിരുന്നത്. വിവിധ വകുപ്പുകളുടെ ജില്ലാതല ഉദ്യോഗസ്ഥരുൾപ്പടെയുള്ളവരും പ്രത്യേകമായി ഒരുക്കിയ കൗണ്ടറുകളിൽ അണിനിരന്നു. പുതിയ പരാതികൾ സ്വീകരിക്കുന്നതിനും ഭിന്നശേഷിക്കാർക്ക് മാത്രമായി പ്രത്യേക കൗണ്ടറും ലഭ്യമാക്കിയിരുന്നു. പരാതികൾ എഴുതി നൽകുന്നതിനായി എസ്.എസ്.എം പോളിടെക്നിക് കോളജിലെ എൻ.എസ്.എസ് വിദ്യാർത്ഥികളുടെ സേവനവും പൊതുജനങ്ങൾക്ക് ഏറെ സഹായകരമായി. കൂടാതെ അദാലത്ത് നടന്ന വാഗൺ ട്രാജഡി ടൗൺ ഹാളിന് മുന്നിലായി  അന്വേഷണ കൗണ്ടർ, പൊലീസ്, ഫയർ ആന്റ് റെസ്ക്യൂ, മെഡിക്കൽ സേവനങ്ങളും ഉറപ്പ് വരുത്തിയിരുന്നു.

 

date