Skip to main content
Dasan

കരുതലും കൈത്താങ്ങും: ദാസന്റെ വീടെന്ന സ്വപ്നം  യാഥാർത്ഥ്യത്തിലേക്ക്  ലൈഫ് പട്ടികയിൽ നിന്ന് ഒഴിവാക്കിയ ഉദ്യോഗസ്ഥർക്കെതിരെ അച്ചടക്ക നടപടിക്ക് മന്ത്രിയുടെ നിർദേശം 

 

ഞാറക്കൽ കൈതവളപ്പിൽ കെ.കെ ദാസന്റെ സ്വന്തമായി വീടെന്ന ഏറെ നാളത്തെ സ്വപ്നം യാഥാർത്ഥ്യത്തിലേക്ക്. കരുതലും കൈത്താങ്ങും കൊച്ചി താലൂക്കുതല അദാലത്തിൽ ദാസൻ നൽകിയ പരാതി മന്ത്രി പി. പ്രസാദ് വിശദമായി പരിശോധിക്കുകയും ഉടനടി നടപടി സ്വീകരിക്കുകയും ചെയ്തു. അപേക്ഷയിൽ അനാസ്ഥ വരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ  അച്ചടക്ക നടപടി സ്വീകരിക്കുന്നതിനും അദാലത്തിൽ മന്ത്രി നിർദേശം നൽകി.

2020 ലാണ് ദാസൻ ഭൂരഹിത ഭവനരഹിത കാറ്റഗറിയിൽ ലൈഫ് പദ്ധതിയിൽ അപേക്ഷ സമർപ്പിക്കുന്നത്. ലൈഫ്  പദ്ധതിയിൽ പേര് ഉൾപ്പെട്ടെങ്കിലും  പിന്നീട് അറിയിപ്പ് ലഭിക്കാതിരുന്നതിനെ തുടർന്ന് പഞ്ചായത്തിൽ അന്വേഷിച്ചപ്പോൾ റേഷൻ കാർഡിൽ പേരുള്ള ആൾക്ക്  സ്വന്തമായി സ്ഥലമുണ്ടെന്ന് പറഞ്ഞ് അപേക്ഷ തള്ളിക്കളഞ്ഞു. ഈ സാഹചര്യത്തിലാണ് അപേക്ഷയുമായി അദാലത്തിൽ എത്തിയത്. കാർഡിൽ പേരുള്ള വ്യക്തിയെ ഒമ്പത് വർഷം മുമ്പ് പേര് വെട്ടിമാറ്റിയതാണെന്ന് ദാസൻ അദാലത്തിൽ അറിയിച്ചു. റേഷൻ കാർഡിലെ പേര് വർഷങ്ങൾക്കു മുമ്പ് മാറ്റിയിട്ടുണ്ടെന്ന് ജില്ലാ സപ്ലൈ ഓഫീസറും അദാലത്തിൽ മന്ത്രിയെ അറിയിച്ചു. ഈ സാഹചര്യത്തിലാണ് അപേക്ഷകനെ ലൈഫ് ഗുണഭോക്തൃ പട്ടികയിൽ നിന്നും മതിയായ കാരണമില്ലാതെയും തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങൾ ഉൾപ്പെടുത്തി ഒഴിവാക്കിയ ഉദ്യോഗസ്ഥർക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കാൻ മന്ത്രി നിർദേശം നൽകിയത്. അർഹത പരിശോധിച്ചു അടിയന്തരമായി ലൈഫ് പദ്ധതിയിൽ ഉൾപ്പെടുത്തുന്നതിനുള്ള നടപടികൾ സ്വീകരിക്കുന്നതിനും ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി.

date