Skip to main content
ration card

കരുതലും കൈത്താങ്ങും: മന്ത്രിയുടെ ഇടപെടലിൽ വീട്ടമ്മയ്ക്ക് മുൻഗണനാ റേഷൻ  കാർഡ്

 

കരുതലും കൈത്താങ്ങും അദാലത്ത് വേദിയിലൂടെ മുണ്ടംവേലി സ്വദേശി ലില്ലി ആൽബിക്ക് മണിക്കൂറുകൾക്കകം മുൻഗണനാ റേഷൻ കാർഡ് ലഭ്യമായി. മുടങ്ങിയ റേഷൻ വിഹിതം ഇനി മുതൽ കൃത്യമായി ലഭിക്കുമെന്ന ആശ്വാസത്തിലാണ് ലില്ലി അദാലാത്ത് വേദിയിൽ നിന്ന് മടങ്ങിയത്.

ആറുമാസത്തോളമായി മുണ്ടംവേലി സ്വദേശി കണ്ണമാലി വീട്ടിൽ ലില്ലി ആൽബിക്കും കുടുംബത്തിനും റേഷൻ വിഹിതം ലഭിച്ചിട്ടില്ല. ഭർത്താവിന്റെ പേരിൽ ഉണ്ടായിരുന്ന റേഷൻ കാർഡ് അദ്ദേഹത്തിന് ആധാർ കാർഡ് ഇല്ലാത്തതിനാൽ അസാധുവായി. റേഷൻ കാർഡ് അനുവദിച്ച് കിട്ടണമെന്ന ആവശ്യവുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് പരാതി നൽകിയിരുന്നു. നടപടി സ്വീകരിക്കാൻ കാലതാമസം നേരിട്ടത്തോടെ അദാലത്ത് വേദിയിൽ അപേക്ഷയുമായെത്തി. പരാതി പരിശോധിച്ച മന്ത്രി പി. രാജീവ്‌ റേഷൻ കാർഡ് നൽകാൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.

ലില്ലിയും തൊഴിൽരഹിതനായ ഭർത്താവും മകന്റെ കുടുംബത്തോടൊപ്പമാണ് താമസിക്കുന്നത്. സ്വന്തമായി വീടില്ലാത്തതിനാൽ വാടക വീട്ടിലാണ് താമസം. വാടകയ്ക്കും മറ്റു ചെലവുകൾക്കും മകന്റെ വരുമാനം തികയാത്ത സാഹചര്യത്തിൽ മുൻഗണനാ റേഷൻ കാർഡ് ലഭിച്ചത് വളരെ ഉപകാരപ്രദമാകുമെന്ന് ലില്ലി പറഞ്ഞു.

date