Skip to main content

പാവറട്ടി പഞ്ചായത്തിലെ റോഡുകൾക്ക് ശാപമോക്ഷം

റീബിൽഡ് കേരളയുടെ ഭാഗമായി പൊട്ടിപ്പൊളിഞ്ഞ അവസ്ഥയിലായ പാവറട്ടി പഞ്ചായത്തിലെ റോഡുകൾ പൂർവസ്ഥിതിയിലാക്കാൻ അദാലത്തിൽ തീരുമാനം. ഗുരുവായൂർ മുനിസിപ്പൽ ടൗൺഹാളിൽ നടന്ന കരുതലും കൈത്താങ്ങും അദാലത്തിലാണ് പാവറട്ടി വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഇത് സംബന്ധിച്ച പരാതി റവന്യൂ വകുപ്പ് മന്ത്രി കെ രാജനെ ബോധ്യപ്പെടുത്തുന്നത്. അഞ്ച് കിലോമീറ്റർ ദൂരം പൂർവസ്ഥിതിയിൽ എത്തിക്കാൻ വാട്ടർ അതോറിറ്റിയുടെ സഹായം ലഭിക്കുമെന്ന ഉറപ്പാണ് അദാലത്തിലൂടെ പഞ്ചായത്തിന് ലഭിച്ചത്. 

നിരവധി അപകടങ്ങൾക്കും ജനരോഷത്തിനും ഇടയായ സാഹചര്യത്തിനാണ് ഇതോടുകൂടി പരിഹാരമാവുന്നത്. നിലവിൽ റോഡ് റീസ്റ്റോറേഷന്റെ ഭാഗമായി 5 കിലോമീറ്റർ പുനർനിർമ്മിക്കാൻ ടെൻഡർ നൽകിയിരിക്കുകയാണ്. ഇതിനായി 75 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. ബാക്കിയുള്ള 5 കിലോമീറ്റർ ദൂരമാണ് പുനർനിർമ്മിക്കാനായി മന്ത്രിയുടെ ഇടപെടലിൽ സാധ്യമായത്. വാട്ടർ അതോറിറ്റി മാനേജിംഗ് ഡയറക്ടർ ഭണ്ടാരി സ്വാഗത് രൺവീർ ചന്ദിനെ അദാലത്തിൽ വച്ച് മന്ത്രി വിളിക്കുകയും അന്തിമ തീരുമാനത്തിൽ എത്തിച്ചേരുകയുമായിരുന്നു. ഇതോടെ ഒരു വർഷത്തിലേറെയായി പാവറട്ടി പഞ്ചായത്തിനു തലവേദനയായിരുന്ന പ്രശ്നത്തിനാണ് പരിഹാരമായത്.

date