Skip to main content

ന്യൂനപക്ഷ കമ്മിഷന്‍ സിറ്റിംഗ്;

എം ബി ബി എസ് വിദ്യാര്‍ഥിയുടെ സ്‌കോളര്‍ഷിപ്പ് തടഞ്ഞു; ഡി വൈ എസ് പി റാങ്കിലുള്ള
ഉദ്യോഗസ്ഥനോട് അന്വേഷിക്കാന്‍ നിര്‍ദേശം

 
എം ബി ബി എസ് മൂന്നാം വര്‍ഷ വിദ്യാര്‍ഥിയുടെ സ്‌കോളര്‍ഷിപ്പ് തടഞ്ഞുവച്ച സംഭവത്തില്‍ കാസര്‍കോട് ജില്ലാ പൊലീസ് മേധാവിയോട് ഡി വൈ എസ് പി റാങ്കിലുള്ള ഉദ്യോഗസ്ഥനെ കൊണ്ട് അന്വേഷിപ്പിക്കാന്‍ സംസ്ഥാന ന്യൂനപക്ഷ കമ്മിഷന്‍ അംഗം അഡ്വ. മുഹമ്മദ് ഫൈസല്‍ നിര്‍ദേശിച്ചു. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലുള്ളവര്‍ക്കായി നടന്ന സിറ്റിംഗിലാണ് നടപടി. കാരക്കോണം മെഡിക്കല്‍ കോളേജില്‍ മൂന്നാം വര്‍ഷം എം ബി ബി എസ് പഠിക്കുന്ന കാസര്‍കോട് ബല്ല സ്വദേശിക്കാണ്  രണ്ട് ഗഡുക്കളിലായി 10 ലക്ഷം രൂപ ലഭിച്ചതിനു ശേഷം സ്‌കോളര്‍ഷിപ്പ് മുടങ്ങിയത്. സര്‍ക്കാര്‍, സ്വാശ്രയ കോളേജുകളില്‍ എം ബി ബി എസ് പഠിക്കുന്ന സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന വിദ്യാര്‍ഥികള്‍ക്ക് കോര്‍പ്പസ് ഫണ്ടില്‍ നിന്ന് 90 ശതമാനം സ്‌കോളര്‍ഷിപ്പ് അനുവദിക്കുന്ന പദ്ധതിയില്‍ നിന്നാണ് തുക നല്‍കിയിരുന്നത്. വിദ്യാർത്ഥിയുടെ  മാതാപിതാക്കള്‍ വര്‍ഷങ്ങള്‍ക്ക് മുന്നേ വേര്‍പിരിഞ്ഞവരാണ്.   അമ്മയാണ് കുട്ടിയെ സംരക്ഷിക്കുന്നത്. ഗള്‍ഫില്‍ ജോലി ചെയ്യുന്ന പിതാവ്  ഉയര്‍ന്ന സാമ്പത്തിക നിലയിലാണെന്നും അതിനാല്‍ സ്‌കോളര്‍ഷിപ്പിന് അര്‍ഹതയില്ലെന്നും  കാണിച്ച് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് സ്‌കോളര്‍ഷിപ്പ് തടഞ്ഞത്.
കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ നിന്നായി 15 കേസുകള്‍ സിറ്റിംഗില്‍ പരിഗണിച്ചു. ഇതില്‍ രണ്ട് കേസുകള്‍ തീര്‍പ്പാക്കി. ശേഷിക്കുന്നവ അടുത്ത സിറ്റിംഗില്‍ പരിഗണിക്കും. എ ഡി എം കെ കെ ദിവാകരന്‍ സിറ്റിംഗില്‍ പങ്കെടുത്തു

date