Skip to main content

മമ്പറം ഹയർ സെക്കൻഡറി സ്‌കൂൾ വാർഷികാഘോഷം

എസ്എസ്എൽസി ഫലം അക്കാദമിക് നിലവാരം ഉയർന്നതിന്റെ സൂചന: മുഖ്യമന്ത്രി

സംസ്ഥാനത്തിന്റെ അക്കാദമിക് നിലവാരം ഉയർന്നുവെന്നതിന്റെ സൂചകമാണ് ഈ വർഷത്തെ എസ് എസ് എൽ സി പരീക്ഷാ ഫലമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. മമ്പറം ഹയർ സെക്കൻഡറി സ്‌കൂൾ 40ാം വാർഷികാഘോഷത്തിന്റെയും സ്‌കൂൾ ഓഡിറ്റോറിയത്തിന്റെയും ഉദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
സംസ്ഥാനത്തെ അക്കാദമിക് നിലവാരത്തിന് അനുസൃതമായ രീതിയിൽ ഉന്നത വിദ്യാഭ്യാസ മേഖലയെ കരുത്തുറ്റതാക്കാനുള്ള ശ്രമമാണ് സംസ്ഥാന സർക്കാർ നടത്തുന്നത്. വിദ്യാഭ്യാസ മേഖലയിലെ സമഗ്രപുരോഗതിയാണ് സംസ്ഥാന സർക്കാരിന്റെ ലക്ഷ്യം. എല്ലാ വിഭാഗം കുഞ്ഞുങ്ങൾക്കും പഠിക്കാനുള്ള സൗകര്യം ഒരുക്കും. സംസ്ഥാനത്ത് പാഠപുസ്തകത്തിനപ്പുറത്തുള്ള കാര്യങ്ങൾ കൂടെ പഠിക്കാനുള്ള വിദ്യാഭ്യാസ സമ്പ്രദായമാണ് ആവിഷ്‌കരിച്ചിട്ടുള്ളത്. എന്നാൽ, രാജ്യത്ത് ചില മാറ്റങ്ങൾ കേന്ദ്ര സർക്കാർ കൊണ്ടുവരുന്നുണ്ട്. ചരിത്രത്തെ ചിലർ വളച്ചൊടിക്കുന്നു. ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിന്റെ കൃത്യമായ ചരിത്രം പുതിയ തലമുറ പഠിക്കണം. നമ്മുടെ കുട്ടികൾക്ക് കൃത്യമായ ചരിത്രബോധം ഉണ്ടാക്കണം. അതിന് വേണ്ടിയുള്ള ഇടപെടലാണ് സംസ്ഥാന സർക്കാർ നടത്തുന്നത്. മതനിരപേക്ഷത, ജനാധിപത്യം എന്നിവ പഠിപ്പിക്കുന്നതിൽ വിദ്യാഭ്യാസ സ്ഥാപനം വലിയ പങ്ക് വഹിക്കുന്നുണ്ട്. കേന്ദ്ര സർക്കാർ വേണ്ട എന്ന് പറഞ്ഞ പാഠഭാഗങ്ങൾ കേരളത്തിൽ ഉൾകൊള്ളിക്കും. ഇത് കേരളമാണ് മതനിരപേക്ഷതയുടെ വിളനിലമാണ് കേരളമെന്നത് ഓർക്കണം-മുഖ്യമന്ത്രി പറഞ്ഞു.
സ്‌കൂൾ അങ്കണത്തിൽ നടന്ന ചടങ്ങിൽ പൊതുവിദ്യാഭ്യാസ, തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻ കുട്ടി അദ്ധ്യക്ഷത വഹിച്ചു. എം എൽ എ മാരായ കെ പി മോഹനൻ, സജീവ് ജോസഫ്, വേങ്ങാട് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ ഗീത, മുൻ എംപി കെ കെ രാഗേഷ്, പഞ്ചായത്ത് അംഗം പി കെ ഇന്ദിര,  പ്രിൻസിപ്പൽ കെ പി ശ്രീജ, പ്രധാന അധ്യാപകൻ കെ വി ജയരാജ് വാർഷികാഘോഷ കമ്മിറ്റി ചെയർമാൻ മെമ്പറം പി മാധവൻ, സ്‌കൂൾ പി ടി എ പ്രസിഡണ്ട് വി വി ദിവാകരൻ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

date