Skip to main content

പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിലൂടെ സംസ്ഥാനത്തെ സ്‌കൂളുകളുടെ മുഖച്ഛായ മാറ്റി : മുഖ്യമന്ത്രി

 

പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി കേരളത്തിലെ സ്‌കൂളുകളുടെ മുഖച്ഛായ തന്നെ മാറ്റാനായെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികത്തിന്റെ ഭാഗമായി 97 സ്‌കൂൾ കെട്ടിടങ്ങളുടെയും മൂന്ന് ടിങ്കറിംഗ് ലാബുകളുടെയും ഉദ്ഘാടനവും  12 സ്‌കൂൾ കെട്ടിടങ്ങളുടെ തറക്കല്ലിടലും നിർവഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ജില്ലയിൽ അറുന്നൂറ്റി മംഗലം ജി.എൽ.പി.എസിൽ നിർമിച്ച പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനവും പട്ടണക്കാട് എസ്.സി.യു.ജി.വി.എച്ച്.എസ്.എസ്, കുന്നം ജി.എച്ച്.എസ്.എസ് എന്നീ സ്‌കൂളുകളിലെ പുതിയ കെട്ടിടങ്ങളുടെ ശിലാസ്ഥാപനവുമാണ് മുഖ്യമന്ത്രി ഓൺലൈനായി നിർവഹിച്ചത്

ഒരുകാലത്ത് തകർന്നുകൊണ്ടിരിക്കുന്നുവെന്ന് ആശങ്കപ്പെട്ടിരുന്ന പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളെല്ലാം ഇന്ന് മികവിന്റെ കേന്ദ്രങ്ങളായി മാറി. കെട്ടിടങ്ങളുടെ സൗകര്യം മാത്രമല്ല അക്കാദമിക നിലവാരവും ഉന്നതിയിലെത്തി. അതുകൊണ്ടുതന്നെയാണ് ഇന്ത്യയിലെ ഏറ്റവും മികച്ച വിദ്യാഭ്യാസരംഗം കേരളത്തിലാണെന്ന് നീതി ആയോഗ് ഉൾപ്പടെ പറഞ്ഞത്. ഏഴുവർഷം മുൻപുള്ള കേരളം പൊതുവിദ്യാലയങ്ങളുടെ തകർച്ചക്കാലമായിരുന്നു. ഇന്ന് ലക്ഷക്കണക്കിന് കുട്ടികളാണ് ഓരോ വർഷവും പൊതുവിദ്യാലയങ്ങളിലേക്ക് പ്രവേശനം നേടുന്നത്. പൊതുവിദ്യാലയങ്ങളുടെ വികസന പ്രവർത്തനങ്ങൾക്കായി 2016 മുതൽ 3800 കോടി രൂപയുടെ നിക്ഷേപമാണ് സംസ്ഥാനത്ത് നടന്നത്. അതിൽ 2300 കോടി രൂപ കിഫ്ബി മുഖേനയാണെന്നും കിഫ്ബി കേരളത്തിന്റെ  മൊത്തത്തിലുള്ള വികസനപ്രക്രിയയിൽ വലിയൊരു പങ്കാണ് വഹിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. 

കുട്ടികളുടെ പഠനത്തിന് നൽകുന്ന അതേ ശ്രദ്ധ ലഹരിയുടെ ഇടപെടൽ തടയാനും ഉണ്ടാകണം. ഇതിനായി ഈ വിദ്യാഭ്യാസ വർഷ ആരംഭത്തിൽ തന്നെ എല്ലാ സ്‌കൂളുകളിലും ഫലപ്രദമായ നടപടികൾ സ്വീകരിക്കണമെന്ന് കർശന നിർദേശം നൽകിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

പട്ടണക്കാട് എസ്.സി.യു.ജി.വി.എച്ച്.എസ്.എസ്. ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ എ.എം ആരിഫ് എം.പി മുഖ്യാതിഥിയായി. ജില്ല പഞ്ചായത്ത് അംഗം എൻ.എസ് ശിവപ്രസാദ്, പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആർ. ജീവൻ, പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്ത് അംഗം വി.കെ സാബു, എ.ഇ.ഒ. ആർ പ്രസന്നകുമാരി, ചേർത്തല ഡി.ഇ.ഒ പി.എസ് ശ്രീകല, ബി.പി.സി അനുജ, സ്‌കൂൾ പ്രിൻസിപ്പൽ വി.എ ബോബൻ, വി.എച്ച്.എസ്.ഇ. പ്രിൻസിപ്പൽ പി.ബി ശ്രീകല, ഹെഡ്മാസ്റ്റർ എൽ. രമ, എസ്.എം.സി. ചെയർമാൻ പി. പ്രസാദ്, പട്ടണക്കാട് ഗ്രാമപഞ്ചായത്ത് അംഗം ഉഷാദേവി, അധ്യാപകർ, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

3.93 കോടി രൂപയുടെ  കിഫ്ബി ഫണ്ട് വിനിയോഗിച്ച് നിർമ്മിക്കുന്ന പട്ടണക്കാട് എസ് സി യു ജി വി എച്ച് എസ് സ്‌കൂളിൽ ഇരുനിലകളിലായി ഒരു കമ്പ്യൂട്ടർ ലാബ്, ഓഫീസ് മുറി, 15 ക്ലാസ് മുറികൾ, ശുചിമുറികൾ ഉൾപ്പെടെയുള്ള സൗകര്യങ്ങളാണ് സജ്ജമാക്കുന്നത്.

date