Skip to main content
.

കെട്ടിട നമ്പര്‍ ലഭിച്ചു; സണ്ണിക്ക് ഇനി സംരംഭം ആരംഭിക്കാം

ജീവിതകാലം മുഴുവന്‍ സമ്പാദിച്ച കാശ് ചെലവഴിച്ച് ഒരു സംരംഭം ആരംഭിക്കുന്നതിനായി കെട്ടിടം നിര്‍മ്മിച്ചു. എന്നാല്‍ കെട്ടിടത്തിന് നമ്പര്‍ ലഭിക്കാത്തതിനെ തുടര്‍ന്ന് സംരംഭം ആരംഭിക്കാന്‍ പോലും സാധിക്കാതെ  പൂട്ടിയിടേണ്ട സാഹചര്യത്തിലാണ് രാജകുമാരി സ്വദേശി സണ്ണി എം കെ അദാലത്തില്‍ പരാതി സമര്‍പ്പിച്ചത്. കെ എസ്  ഇ ബി ജീവനക്കാരനായ സണ്ണി അടുത്ത് തന്നെ ജോലിയില്‍ നിന്ന് വിരമിക്കും. ഈ സാഹചര്യത്തില്‍ ശിഷ്ടകാലം കുടുംബത്തിനും തനിക്കും വരുമാനം ലഭിക്കുന്നതിനായാണ് ഇത്തരമൊരു സംരംഭം ആരംഭിക്കാന്‍ തീരുമാനിച്ചത്. കെട്ടിടത്തിന് നമ്പര്‍ നല്‍കാതിരിക്കാന്‍ 64 ലെ പട്ടയ നിയമപ്രകാരമുള്ള കെട്ടിട അനുമതി പ്രശ്‌നങ്ങള്‍ പറഞ്ഞു ഉദ്യോഗസ്ഥര്‍ ഒഴിഞ്ഞു എങ്കിലും 2020ല്‍ ബില്‍ഡിംഗ് പെര്‍മിറ്റ് ലഭിച്ച കെട്ടിടത്തിന്റെ കാര്യത്തിലാണ് ഇത്തരമൊരു വീഴ്ച സംഭവിച്ചിരിക്കുന്നത് എന്നതാണ് യാതാര്‍ത്ഥ്യം. താഴത്തെ നിലയില്‍ വീടും മുകളിലത്തെ നിലയില്‍ കടയും ആരംഭിക്കുന്നതിനായി ഒരുമിച്ച് നിര്‍മ്മിച്ച ഇരുനില കെട്ടിടത്തില്‍ വീടിന് കെട്ടിന് നമ്പര്‍ നല്‍കിയെങ്കിലും സംരംഭം ആരംഭിക്കുന്നതിനായി നിര്‍മ്മിച്ച രണ്ടാം നിലയ്ക്ക്  കെട്ടിട നമ്പര്‍ നല്‍കിയിരുന്നില്ല. ഈ വിഷയത്തില്‍ മന്ത്രി നേരിട്ട് ഇടപെട്ട് ഉദ്യോഗസ്ഥരുടെ വീഴ്ചയില്‍ കര്‍ശന താക്കീത് നല്‍കി  ഉടുമ്പഞ്ചോല താലൂക്ക് തല പരാതി പരിഹാര അദാലത്തില്‍  സണ്ണിയുടെ പ്രശ്‌നം തീര്‍പ്പായിരിക്കുകയാണ്.

ചിത്രം - ഉടുമ്പന്‍ചോല താലൂക്ക് തല പരാതിപരിഹാര അദാലത്തില്‍ ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്റെ അടുത്ത് പരാതിയുമായി എത്തിയ സണ്ണി എം കെ

 

 

 

 

 

date