Skip to main content
.

ഓട്ടിസം ബാധിതനായ ജോബിഷിന് ചികിത്സാ സഹായവും ഒപ്പം ലൈഫ് ഭവനവും

 

ഓട്ടിസം ബാധിതനായ മകൻ ജോബിഷിനെയും കൊണ്ട് അമ്മ രാജമ്മയും അച്ഛൻ ജയനും ഉടുമ്പൻചോല താലൂക്ക് തല പരാതി പരിഹാര അദാലത്തിൽ എത്തിയത് മകനെ സംരക്ഷിക്കുന്നതിൽ നേരിടേണ്ടി വരുന്ന പ്രശ്നങ്ങൾക്ക് പരിഹാരം തേടിയാണ്.    ചിരിക്കുന്ന മുഖത്തോടെയാണ് കാര്യങ്ങൾ സംസാരിക്കുന്നതെങ്കിലും വിങ്ങുന്ന മനസ്സുമായാണ് ഓരോ വാക്കും രാജമ്മ പങ്കുവെച്ചത്. രണ്ട് വർഷമായി മുടങ്ങിക്കിടക്കുന്ന ആശ്വാസകിരണം  പെൻഷൻ, മകന്റെ ചികിത്സാ ധനസഹായം, ലൈഫ് ഭവനം എന്നിങ്ങനെ മൂന്ന് പ്രശ്നങ്ങൾക്ക് ആശ്വാസകരമായ തീരുമാനമാണ് അദാലത്തിൽ ഈ കുടുംബത്തിന് ലഭിച്ചത്.  രാജമ്മയ്ക്ക് ലഭിക്കുന്ന ഈ പെൻഷനും മകന്റെ ഭിന്നശേഷി പരിരക്ഷ തുകയും കൊണ്ടാണ് ഇക്കാര്യങ്ങളെല്ലാം നടന്നു പോയിരുന്നത്. ആരുടെയെങ്കിലും സഹായം കൊണ്ട് മാത്രമേ ജോബിഷിന് സ്വന്തം കാര്യങ്ങൾ നോക്കാൻ സാധിക്കുകയുള്ളു. 18 വയസ്സായ മകനെയും  കൊണ്ട് മൂന്നുമാസം കൂടുമ്പോൾ ചികിത്സയ്ക്കായി  ഈ മാതാപിതാക്കൾ മെഡിക്കൽ കോളേജിലേക്ക് പോകണം. മകനെ നോക്കേണ്ടതുകൊണ്ട് രാജമ്മയ്ക്ക് ജോലിക്ക് പോകാൻ സാധിക്കില്ല. കൂലിപ്പണിക്കാരാനായ അച്ഛന് ഈ ചികിത്സാ ചെലവ് താങ്ങാവുന്നതിനും അപ്പുറമാണ്.   എന്നിരുന്നാലും മകനെ പരിപാലിക്കുന്നതിൽ യാതൊരു വിട്ടുവീഴ്ചയും ഇതുവരെ ഇവർ വരുത്തിയിട്ടില്ല. മകന് പെട്ടെന്ന് ഒരു അസ്വസ്ഥതയുണ്ടായാൽ കൂടി റോഡിലേക്ക്  വളരെയേറെ ബുദ്ധിമുട്ടിയെത്തേണ്ട തരത്തിലുള്ള വഴിയിലാണ് ഇവരുടെ വീട് നിലവിൽ സ്ഥിതി ചെയുന്നത്. അതുകൊണ്ടുതന്നെ കയ്യിലുള്ളതെല്ലാം വിറ്റും  കടം വാങ്ങിയും റോഡിനരികിലായി 5 സെന്റ് സ്ഥലം വാങ്ങിച്ചു. എന്നാൽ ഇവിടെ വീട് നിർമ്മിക്കാനുള്ള സാമ്പത്തികം നിലവിൽ ഇവർക്കില്ല. ഇക്കാര്യങ്ങൾ  പ്രത്യേക പരിഗണനയിൽപെടുത്തിയാണ് ഭിന്നശേഷിക്കാരായ മക്കളെ സംരക്ഷിക്കുന്ന  കുടുംബാംഗങ്ങൾക്ക് ലഭിക്കുന്ന ആശ്വാസകിരണം പെൻഷൻ കുടിശ്ശിക തീർത്തു നൽകുന്നതിനും ജോബിഷിന്റെ ചികിത്സയ്ക്കുള്ള ധനസഹായം ലഭിക്കുന്നതിനും ലൈഫ് മിഷൻ മുഖേന വീട് നിർമ്മിക്കുന്നതിനുമുള്ള നടപടികൾ വേഗത്തിൽ ആക്കാൻ അദാലത്തിൽ തീരുമാനമായത്.

 

 

 

 

 

 

date