Skip to main content
.

കുടുംബത്തോടൊപ്പം ജോയിക്ക് ഇനി സുരക്ഷിതമായി അന്തിയുറങ്ങാം

 

പ്ലാസ്റ്റിക് ഷീറ്റിട്ട ഷെഡില്‍ യാതൊരു സുരക്ഷിതത്വവുമില്ലാതെ മക്കളോടും ഭാര്യയോടുമൊത്ത് അന്തിയുറങ്ങേണ്ട ഗതികേടാണ് ജോയി ദേവസിയയെ ഉടുമ്പന്‍ചോല താലൂക്ക് തല പരാതിപരിഹാര അദാലത്തില്‍ എത്തിച്ചത്. സേനാപതി ഗ്രാമപഞ്ചായത്തിലെ കുളകോഴിച്ചല്‍ സ്വദേശിയായ ജോയി കടം വാങ്ങി 6 സെന്റ് സ്ഥലം സ്വന്തമാക്കിയെങ്കിലും അതിന് കൈവശരേഖയുമില്ല. എന്നാല്‍ ജോയിയുടെ ഭൂമിയുടെ കൈവശരേഖ, ലൈഫ് ഭവനം എന്നിവയുടെ കാര്യത്തില്‍ പ്രത്യേക പരിഗണന നല്‍കി ഉടനടി നടപടി സ്വീകരിക്കുന്നതിന് സഹകരണ രജിസ്‌ട്രേഷന്‍ വകുപ്പ് മന്ത്രി വി എന്‍ വാസവന്‍  നിര്‍ദ്ദേശിച്ചു. കൂലിപ്പണിക്കാരനായ ജോയി  കെട്ടിടത്തില്‍ നിന്ന് വീണ് നട്ടെല്ലിന് കാര്യമായ ക്ഷതം സംഭവിക്കുകയും അതിനുള്ള ചികിത്സയിലുമാണ്. എട്ടാം ക്ലാസ്സില്‍ പഠിക്കുന്ന മകള്‍ക്ക് കണ്ണുമായി ബന്ധപ്പെട്ട ഒരു ഓപ്പറേഷന്‍ അടുത്തിടെയാണ് കഴിഞ്ഞത്. ഭാര്യ ലിസി ജോസഫ് ഹൃദയ സംബന്ധമായ രോഗത്താല്‍ ബുദ്ധിമുട്ടനുഭവിക്കുന്ന വ്യക്തിയാണ്. ഈ ആരോഗ്യസ്ഥിതിയില്‍ മനസമാധാനത്തോടെ കിടന്നുറങ്ങാന്‍ പോലും സാധിക്കാതെ 80 രൂപയുടെ പ്ലാസ്റ്റിക് ഷീറ്റ് വരിഞ്ഞു കെട്ടിയ ഷെഡ്ഡിലാണ് ഇവര്‍ താമസിക്കുന്നത്. കഴിഞ്ഞ 10 വര്‍ഷമായി വാടകവീട്ടില്‍ കഴിയുകയും മോശമായ ആരോഗ്യസ്ഥിതി കാരണം വരുമാനം നിലച്ചതിനാല്‍ വാടക നല്‍കാന്‍ സാധിക്കാത്തതുകൊണ്ട്  സ്വന്തമായി 6 സെന്റ് ഭൂമി കടം വാങ്ങി. ലൈഫ് മുഖേന വീട് ലഭിക്കുന്നതിന് പലതവണ അപേക്ഷ നല്‍കിയെങ്കിലും അവ നിരസിച്ചതിനെ തുടര്‍ന്ന്  ഷെഡ് വെച്ച് താമസിക്കുകയായിരുന്നു ഈ കുടുംബം. വാങ്ങിയ ഭൂമിക്ക് കൈവശരേഖയില്ലാത്തതിനാല്‍ സര്‍ക്കാര്‍ ഓഫീസുകളില്‍ കയറിയിറങ്ങുകയായിരുന്നു. എന്നാല്‍ ഇനി ജോയിക്ക് കൂടുതല്‍ കാലം ഈ ഷെഡ്ഡില്‍ അഭയംതേടേണ്ടി വരില്ല. പുതിയ വീടിന് വേണ്ടിയുള്ള എല്ലാ നടപടികളും വേഗത്തില്‍ ആക്കുന്നതിനായി അദാലത്തില്‍ തീരുമാനമായതിന്റെ സന്തോഷത്തിലാണ് ജോയി ദേവസ്യ അദാലത്ത് വേദിയില്‍ നിന്നും വീട്ടിലേക്ക് യാത്രയായത്.

 

 

date