Skip to main content
.

തോമസിന് പുതിയ മുച്ചക്രവാഹനം ലഭിക്കും; പ്രതിസന്ധിയില്‍ സര്‍ക്കാരിന്റെ കൈത്താങ്ങ്

 

പുതിയ മുച്ചക്ര വാഹനം ലഭിക്കുമെന്ന സന്തോഷത്തില്‍ ഉടുമ്പന്‍ചോല താലൂക്ക് തല പരാതി പരിഹാര അദാലത്തില്‍ നിന്നും മടങ്ങി തോമസ് ടി ടി. ഇരട്ടയാര്‍ ഗ്രാമപഞ്ചായത്തിലെ പതിനാലാം വാര്‍ഡ് ഇടിഞ്ഞമല സ്വദേശിയായ താഴത്തുപറമ്പില്‍ തോമസിന് ഒന്നര വയസിലാണ് പോളിയോ ബാധിച്ച് കാലിന്റെ സ്വാധീനം നഷ്ടപ്പെട്ടത്. പ്രതിസന്ധിയില്‍ തളരാതെ മുന്നോട്ട് നീങ്ങിയ തോമസിന് 2015 ല്‍ വികലാംഗ ക്ഷേമ കോര്‍പ്പറേഷന്‍ മഹീന്ദ്രയുടെ മുച്ചക്ര വാഹനം അനുവദിച്ചു നല്‍കിയിരുന്നു. എന്നാല്‍ മഹീന്ദ്ര കമ്പനി സ്‌കൂട്ടര്‍ നിര്‍മ്മാണം അവസാനിപ്പിച്ച സാഹചര്യത്തില്‍ വാഹനത്തിന്റെ അറ്റകുറ്റ പണികള്‍ നടത്തുന്നതിനും ആവശ്യമായ അനുബന്ധ ഉപകരണങ്ങള്‍ ലഭിക്കുന്നതിനും ബുദ്ധിമുട്ട് അനുഭവപ്പെട്ടതോടെ സാധാരണക്കാരനായ തോമസ് പ്രതിസന്ധിയിലായി. കൃഷി മാത്രം വരുമാന മാര്‍ഗ്ഗമായുള്ള തോമസ് തന്റെ രണ്ട് പെണ്മക്കളെ വിവാഹം കഴിപ്പിച്ചയച്ചതിനു ശേഷം ഭാര്യയുമായി കൃഷിയില്‍ നിന്നും ലഭിക്കുന്ന വരുമാനത്തിലാണ് കഴിയുന്നത്. ഇറച്ചി കോഴികളെ വളര്‍ത്തുന്ന ഒരു ഫാം ഉണ്ടായിരുന്നുവെങ്കിലും കോവിഡ് കാലത്ത് വലിയ നഷ്ടം വരികയും ഫാം നിര്‍ത്തേണ്ട അവസ്ഥ വരികയും ചെയ്തതോടെ വലിയ കടബാധ്യതയിലായി . മറ്റാരെയും ആശ്രയിക്കാതെ യാത്ര ചെയ്യുന്നതിന് തനിക്ക് ആകെയുള്ള മുച്ചക്ര വാഹനം അധിക ചെലവ് വരുത്തുന്ന സാഹചര്യത്തിലാണ് തോമസ് അദാലത്ത് നഗരിയില്‍ എത്തിയത്. മന്ത്രി റോഷി അഗസ്റ്റിന്‍ വിഷയത്തില്‍ ഇടപെടുകയും ജില്ലാ പഞ്ചായത്തിന്റെ ഈ വര്‍ഷത്തെ പദ്ധതിയില്‍ ഉള്‍പ്പെടുത്തി  പുതിയ മുച്ചക്ര വാഹനം അനുവദിക്കുന്നതിന് വേണ്ട നടപടി സ്വീകരിക്കാന്‍ നിര്‍ദ്ദേശം നല്‍കുകയും ചെയ്തു. ഏറ്റവും വലിയ പ്രതിസന്ധിഘട്ടത്തിലൂടെ കടന്നുപോകുമ്പോള്‍ സര്‍ക്കാരിന്റെ ഈ കൈത്താങ്ങില്‍ അതീവ സന്തോഷത്തോടെയാണ് തോമസ് അദാലത്ത് നഗരി വിട്ടത്.

ചിത്രം; തോമസ് ടി ടി അദാലത്ത് നഗരിയില്‍
 

date