Skip to main content

ആശ്വാസമായി അദാലത്ത്; ഉടുമ്പന്‍ചോലയില്‍ തീര്‍പ്പായത് 150 പരാതികള്‍

 

*അദാലത്ത് വേദിയില്‍ കൈമാറിയത് 16 പട്ടയങ്ങള്‍

 

വന്യമൃഗശല്യത്തെ തുടര്‍ന്ന് ലഭിക്കേണ്ട നഷ്ടപരിഹാരം വൈകുന്നതും ഭിന്നശേഷിക്കാരന് വീല്‍ചെയര്‍ ലഭ്യമാക്കല്‍ മുതല്‍ കാര്‍ഷിക കടാശ്വാസ കമ്മീഷന്‍ ഉത്തരവ് ബാങ്ക് നടപ്പാക്കാത്തത് വരെ പലവിധ ആവലാതികളുമായെത്തിയ നൂറ് കണക്കിന് പരാതിക്കാര്‍ക്ക് ആശ്വാസമായി ഉടുമ്പന്‍ചോല താലൂക്ക് അദാലത്ത്.

150 ഓളം സാധാരണക്കാരുടെ ജീവല്‍ പ്രശ്നങ്ങള്‍ക്കാണ് നെടുങ്കണ്ടം മിനിസിവില്‍ സ്റ്റേഷനില്‍ നടന്ന പരാതിപരിഹാര അദാലത്തില്‍ തീര്‍പ്പായത്. രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി താലൂക്ക് തലങ്ങളില്‍ സംഘടിപ്പിക്കുന്ന 'കരുതലും കൈത്താങ്ങും' അദാലത്തിലെ ഇടുക്കി ജില്ലയിലെ നാലാമത്തെ അദാലത്താണ് നെടുങ്കണ്ടത്ത് നടന്നത്.

ഓണ്‍ലൈനായി ലഭിച്ച 226 പരാതികള്‍ കൂടാതെ 193 പുതിയ പരാതികളും അദാലത്ത് വേദിയില്‍ നേരിട്ട് ലഭിച്ചു. ഇതില്‍ 150 പരാതികള്‍ക്ക് ജലവിഭവ വകുപ്പുമന്ത്രി റോഷി അഗസ്റ്റിനും സഹകരണ-രജിസ്ട്രേഷന്‍ വകുപ്പുമന്ത്രി വി.എന്‍. വാസവനും നേതൃത്വം നല്‍കിയ അദാലത്ത് അന്തിമ തീര്‍പ്പൊരുക്കി.

ഓണ്‍ലൈനായി നേരത്തേ ലഭിച്ച പരാതികളില്‍ 136 അപേക്ഷകള്‍ പരിഗണന വിഷയങ്ങളില്‍ ഉള്‍പ്പെടാത്തതായിരുന്നു. 41 അപേക്ഷകള്‍ നിരസിക്കുകയും ചെയ്തു. 12 എണ്ണത്തില്‍ നടപടികള്‍ പുരോഗമിക്കുന്നു.ശേഷിച്ച പരാതികളില്‍ അതിവേഗം നടപടിയെടുക്കുന്നതിനായി ബന്ധപ്പെട്ട വകുപ്പുകളെ ചുമതലപ്പെടുത്തിയിട്ടുണ്ട് . അദാലത്ത് വേദിയില്‍ നേരിട്ട് ലഭിച്ച പരാതികള്‍ക്ക് കൈപ്പറ്റു രസീതു നല്‍കിയ ശേഷം 10 ദിവസത്തിനുള്ളില്‍ വേണ്ട നടപടികള്‍ സ്വീകരിച്ച് പരാതിക്കാരനെ അറിയിക്കുമെന്നു മന്ത്രിമാരായ റോഷി അഗസ്റ്റിനും വി.എന്‍. വാസവനും അറിയിച്ചു.

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍, റവന്യു വകുപ്പ്, സിവില്‍ സപ്ലൈസ്, ആരോഗ്യം, വിദ്യാഭ്യാസം, കെ.എസ്. ഇ. ബി, കൃഷി, ജലസേചനം, വാട്ടര്‍ അതോറിറ്റി, മൃഗസംരക്ഷണം, ലേബര്‍, സാമൂഹ്യനീതി, പട്ടികജാതി പട്ടികവര്‍ഗം, വനം തുടങ്ങിയ വകുപ്പുകളുമായി ബന്ധപ്പെട്ട പരാതികളാണ് പരിഗണിച്ചത്.

അര്‍ബുദ രോഗിക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നുള്ള ചികില്‍സാ സഹായം, വന്യമൃഗ ശല്യത്തെ തുടര്‍ന്നുള്ള നഷ്ടപരിഹാരം, ഭിന്നശേഷിക്കാര്‍ക്കുള്ള വീല്‍ചെയര്‍ ലഭ്യമാക്കല്‍, തെരുവ് നായ ശല്യത്തിന് അറുതി വരുത്തല്‍, ക്ഷേമ പെന്‍ഷന്‍, മുന്‍ഗണന റേഷന്‍ കാര്‍ഡ്,  കുടിവെള്ള ക്ഷാമം, മഴവെള്ളസംഭരണി നിര്‍മാണം, മുറിച്ചിട്ട തടികള്‍ വിട്ടു കിട്ടുന്നത്, ഭവനനിര്‍മാണ അനുമതി നിഷേധിച്ചത്, റീ സര്‍വേയിലെ അപാകതകള്‍, കാര്‍ഷിക വായ്പ തിരിച്ചടക്കാനാവാത്തത്, കടാശ്വാസ കമ്മീഷന്‍ ഉത്തരവ് ബാങ്ക് നടപ്പാക്കാത്തത്, വീടില്ലാഞ്ഞിട്ടും ലൈഫ് പദ്ധതിയില്‍ പരിഗണിക്കാത്തത്, കൃഷിക്ക് നല്‍കിയ ആദിവാസി ഭൂമി തിരിച്ചു നല്‍കാത്തത്, അനധികൃതമായി പുരയിടത്തിലൂടെ വൈദ്യുതി പോസ്റ്റ് വലിച്ചത് മുതല്‍ പൗരത്വ അപേക്ഷ വരെ വ്യത്യസ്തങ്ങളായ ഒട്ടേറെ പരാതികളാണ് അദാലത്തില്‍ മന്ത്രിമാര്‍ക്ക് മുന്നിലെത്തിയത്.

രാവിലെ പത്തോടെ അദാലത്ത് നടന്ന നെടുങ്കണ്ടം മിനി സിവില്‍ സ്റ്റേഷനില്‍ എത്തിയ രണ്ട് മന്ത്രിമാരും  അപേക്ഷകര്‍ക്ക് പറയാനുള്ളത് കേട്ട് തീരുമാനമെടുത്തശേഷമാണ് സീറ്റില്‍ നിന്ന് എണീറ്റത്. രാവിലെ പത്ത് ന് ആരംഭിച്ച അദാലത്ത് ഇടവേള ഇല്ലാതെയാണ് ഉച്ചയ്ക്ക് രണ്ട് മണിയോടെ അവസാനിച്ചത് .

പരാതികളിന്മേലുള്ള തുടര്‍നടപടികള്‍ക്കായി റവന്യു ഡിവിഷണല്‍ ഓഫീസ്, താലൂക്ക് ഓഫീസ്, തദ്ദേശ സ്വയംഭരണ വകുപ്പ്, സിവില്‍ സപ്ലൈസ്, കൃഷി, വിദ്യാഭ്യാസം, ഭക്ഷ്യസുരക്ഷ, രജിസ്ട്രേഷന്‍, ഫിഷറീസ്, ഭൂഗര്‍ഭജലം, വാട്ടര്‍ അതോറിറ്റി, ലേബര്‍, പട്ടികജാതി പട്ടിക വര്‍ഗ വികസനം, വനം, മൃഗസംരക്ഷണം, സാമൂഹിക നീതി വകുപ്പ്, സര്‍വേ, കെ.എസ്.ഇ.ബി തുടങ്ങി 20 ഓളം വകുപ്പുകളുടെ കൗണ്ടറുകള്‍ രാവിലെ 9 മണിയോടെ തുറന്നിരുന്നു. പൊതുജനങ്ങളുടെ പരാതികള്‍ അതാത് വകുപ്പുകളുടെ കൗണ്ടറുകളിലേക്ക് തിരിച്ചുവിടാന്‍ ഹെല്‍പ്പ് ഡെസ്‌കുംഒരുക്കിയിരുന്നു.

ഉദ്ഘാടന ചടങ്ങിനൊടുവില്‍ ആദിവാസി പുനരധിവാസ പദ്ധതി പ്രകാരം നല്‍കുന്ന പട്ടയം അടക്കം 16 പേര്‍ക്ക് മന്ത്രിമാര്‍ പട്ടയം കൈമാറിക്കൊണ്ടാണ് അദാലത്തിന് തുടക്കം കുറിച്ചത്.

കെ.ആര്‍ ഗോപിനാഥന്‍ ചക്കിപ്പാറ, പൗലോസ് വട്ടപ്പറമ്പില്‍, സ്റ്റാലിന്‍ മാര്‍ക്കോസ് ചൂരക്കാട്ടില്‍, എം എം സാമുവല്‍ മാന്തടത്തില്‍, വി ജി ചന്ദ്രശേഖരന്‍ വെട്ടിക്കല്‍വീട്, എ കെ കുട്ടപ്പന്‍ എഴുത്തുവള്ളിയില്‍, പിപി പൗലോസ് പുളിമൂട്ടില്‍, ദാനിയേല്‍ പി എം പുത്തന്‍പറമ്പില്‍ എന്നിവര്‍ക്കാണ് വേദിയില്‍ വെച്ച് പട്ടയം കൈമാറിയത്.

എം എം മണി എം എല്‍ എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ടി ബിനു, ജില്ലാ കളക്ടര്‍  ഷീബ ജോര്‍ജ്, നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.റ്റി. കുഞ്ഞ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ ലിജു വര്‍ഗീസ്, തിലോത്തമ സോമന്‍, എസ്. മോഹനന്‍, സുമ ബിജു, സതി കുഞ്ഞുമോന്‍,  ലേഖ ത്യാഗരാജന്‍, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ രാരിച്ചന്‍ നീര്‍ണാംകുന്നേല്‍, ഉഷാകുമാരി മോഹന്‍കുമാര്‍, അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റ് ഷൈജു പി. ജേക്കബ്, ഡെപ്യൂട്ടി കളക്ടര്‍മാരായ മനോജ് കെ, ദീപ കെ. പി, ജോളി ജോസഫ്, ഉടുമ്പന്‍ചോല തഹസില്‍ദാര്‍ റെജി ഇ എം, ജനപ്രതിനിധികള്‍, വിവിധ വകുപ്പുകളുടെ ജില്ലാതല ഉദ്യോഗസ്ഥര്‍ എന്നിവര്‍ അദാലത്തിന് മേല്‍നോട്ടം വഹിച്ചു.

ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ നേതൃത്വത്തില്‍  ഉടുമ്പഞ്ചോല താലൂക്കിലെ വികസന പ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടുത്തിയ ഡോക്യുമെന്ററി പ്രദര്‍ശനവും മീഡിയാ സെന്ററും അദാലത്ത് വേദിയില്‍ ഒരുക്കിയിരുന്നു.

 

 

 

date