Skip to main content
.

ചികിത്സാ സഹായം വേണം; മുരളീധരന്അ ദാലത്തില്‍ മുന്‍ഗണനാ വിഭാഗം റേഷന്‍ കാര്‍ഡിന് അനുമതി

 

ഉടുമ്പന്‍ചോല താലൂക്ക് പരാതി പരിഹാര അദാലത്തില്‍ ചികിത്സാ സഹായത്തിന് വേണ്ടി റേഷന്‍ കാര്‍ഡ് മുന്‍ഗണനാ വിഭാഗത്തില്‍ ഉള്‍പ്പെടുത്തണമെന്ന പരാതിയുമായാണ് രാജകുമാരി സ്വദേശി ഇരുപ്പക്കാട്ട് മുരളീധരന്‍ അദാലത്തിലെത്തിയത്. റേഷന്‍കാര്‍ഡില്‍ ദാരിദ്ര്യരേഖക്ക് മുകളില്‍ രേഖപ്പെടുത്തിയതിനാല്‍ ചികിത്സാ സഹായം അടക്കം പല സര്‍ക്കാര്‍ ആനുകൂല്യങ്ങളും ലഭിക്കുന്നില്ലെന്നും അദ്ദേഹം പറയുന്നു. ഒരു വര്‍ഷമായി കാല്‍ മുട്ടിന് തേയ്മാനം സംഭവിച്ചതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. നിലവില്‍ വാക്കറിന്റെ സഹായത്തോടെയാണ് നടക്കുന്നത്. കര്‍ഷകനായിരുന്ന മുരളീധരന് മറ്റ് ജോലികള്‍ക്ക് പോകാന്‍ കഴിയാത്ത അവസ്ഥയാണ്. റേഷന്‍ കാര്‍ഡ് മുന്‍ഗണന വിഭാഗത്തിലല്ലാത്തതിനാല്‍ ചികിത്സാ സഹായങ്ങളും ലഭിച്ചില്ല. അദാലത്തില്‍ പരാതി പരിഗണിച്ച മന്ത്രി വി.എന്‍ വാസവന്‍ ചികിത്സാ സഹായം മുന്‍നിര്‍ത്തി റേഷന്‍ കാര്‍ഡ് മുന്‍ഗണനാ വിഭാഗത്തില്‍ നല്‍കാന്‍ താലൂക്ക് സപ്ലൈ ഓഫീസര്‍ക്ക് നിര്‍ദേശം നല്‍കി.

പരാതിക്ക് പരിഹാരമായതില്‍ സന്തോഷമുണ്ടെന്നും ചികിത്സാ സഹായം ലഭ്യമാകുമെന്നാണ് പ്രതീക്ഷയെന്നും മുരളീധരന്‍ പ്രതികരിച്ചു. ക്ഷേമനിധി പെന്‍ഷനാണ് മുരളീധരന്റെയും ഭാര്യയുടെയും ഏക വരുമാനം.

ചിത്രം: മന്ത്രി വി.എന്‍ വാസവന് മുന്നില്‍ പരാതി സമര്‍പ്പിക്കുന്ന മുരളീധരന്‍

date