Skip to main content
.

ബെന്നിക്ക് ചികിത്സാ സഹായം ലഭിക്കും; മന്ത്രിയുടെ ഉറപ്പില്‍ സന്തോഷത്തോടെ മടക്കം

 

കഞ്ഞിക്കുഴി ചുരുളി സ്വദേശി കല്ലകത്ത് വീട്ടില്‍ ബെന്നി ജോസഫിന് അദാലത്ത് വേദിയില്‍ നിന്ന് ആശ്വാസത്തോടെ മടക്കം. സ്‌ട്രോക്ക് വന്ന് ആരോഗ്യസ്ഥിതി മോശമായ ബെന്നി ചികിത്സാ സഹായമാവശ്യപ്പെട്ടാണ്  ഭാര്യ സരസുവുമായി അദാലത്തില്‍ എത്തിയത്. വേദിവിട്ടിറങ്ങിയ മന്ത്രി  റോഷി അഗസ്റ്റിന്‍ നേരിട്ടെത്തിയാണ് ബെന്നിയുടെയും കുടുംബത്തിന്റെയും പരാതി കേട്ടത്. ചികിത്സാ സഹായം ലഭിക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് മന്ത്രി ബെന്നിക്കും ഭാര്യ സരസുവിനും ഉറപ്പ് നല്‍കി. 2021 നവംബറിലാണ് ബെന്നിയ്ക്ക് സ്‌ട്രോക്ക് വന്നത്. നിലവില്‍  കോട്ടയം മെഡിക്കല്‍ കോളേജിലാണ് ചികിത്സ നടത്തുന്നത്. സ്‌കൂള്‍ ബസ് ഡ്രൈവറായ ബെന്നി രോഗബാധിതനായതോടെ ജോലി ചെയ്യാന്‍ കഴിയാത്ത അവസ്ഥയിലാണ്. രണ്ട്  പെണ്‍മക്കളില്‍ ഒരാള്‍ ഡിഗ്രിക്കും രണ്ടാമത്തെയാള്‍ പത്തിലുമാണ് പഠിക്കുന്നത്.  ചികിത്സ  സഹായത്തിന് അദാലത്തില്‍ അനുകൂല തീരുമാനമുണ്ടായതിലെ  സന്തോഷവും ബെന്നി പങ്കുവെച്ചു.

ചിത്രം: മന്ത്രി റോഷി അഗസ്റ്റിന്‍ ബെന്നിയുടെയും ഭാര്യ സരസുവിന്റെയും പരാതി കേള്‍ക്കുന്നു.

date