Skip to main content
.

ആത്മഹത്യയുടെ വക്കില്‍ നിന്നും ജീവിതത്തിലേക്ക് മടങ്ങി തങ്കമ്മ

 

ഒരു ജീവിതകാലം മുഴുവന്‍ പേറിയ കഷ്ടപ്പാടുകളുടെ കണ്ണീരുമായാണ് തങ്കമ്മ അപ്പച്ചന്‍ ഇടുക്കി താലൂക്ക് തല പരാതി പരിഹാര അദാലത്ത് വേദിയുടെ പടി കയറിയത്. നട്ടെല്ല് തളര്‍ന്ന ഭര്‍ത്താവ് അപ്പച്ചനും 36 വയസുള്ള ഭിന്നശേഷിക്കാരനായ മകനുമൊത്ത് 30 വര്‍ഷം പഴക്കമുള്ള പൊട്ടിപൊളിയാറായ വീട്ടില്‍ ഓട്ടോക്കാരനായ രണ്ടാമത്തെ മകന്റെ വരുമാനം കൊണ്ട് മാത്രമാണ് തങ്കമ്മയുടെ കുടുംബം താമസിക്കുന്നത്. പാറക്കെട്ടില്‍ നിര്‍മ്മിച്ചിരിക്കുന്ന ഇവരുടെ വീടിന്റെ ഇരുവശവും തോടുകളാണ്. റോഡിലേക്ക് ഏറെ ദൂരമുള്ള ഇവിടെ നിന്ന് വഴിയില്ലാത്തതിനാല്‍ രോഗബാധിതരായ ഇരുവരെയും തോളില്‍ ചുമന്ന് വഴിയിലേക്ക് എത്തിക്കേണ്ട ഗതികേടാണ് ഈ കുടുംബത്തിന്. സ്വന്തമായുള്ള 60 സെന്റ് സ്ഥലം താമസയോഗ്യമല്ലെന്ന നിയമപരമായ തീരുമാനം നിലനില്‍ക്കെ ചിലരുടെ സഹായം കൊണ്ട് റോഡിനരികില്‍ മൂന്ന് സെന്റ് സ്ഥലം കൂടി ഇവര്‍ വാങ്ങി. എന്നാല്‍ നിലവിലുള്ള 60 സെന്റ് സ്ഥലത്തിന്റെ ഉടമയാണെന്ന് കാണിച്ച് ലൈഫ് ഭവനം നിര്‍മ്മിക്കുന്നതിനു ഉപ്പുത്തോട് സ്വദേശിയായ തങ്കമ്മ നല്‍കിയ അപേക്ഷ നിരസിക്കുകയായിരുന്നു. അദാലത്തില്‍ ഈ നടപടിയെ ചോദ്യംചെയ്ത് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ ഇവര്‍ക്ക് വീട് നിര്‍മ്മിക്കുന്നതിനായി മൂന്ന് സെന്റ് സ്ഥലം കൊടുക്കുന്നതാണ് ഉചിതം എന്നും എത്രയും വേഗം ലൈഫ് അപേക്ഷ പരിഗണിക്കണമെന്നും അദാലത്തില്‍ പ്രത്യേക നിര്‍ദ്ദേശം നല്‍കുകയായിരുന്നു. 15 ദിവസത്തിനുള്ളില്‍ ഇക്കാര്യത്തില്‍ ഒരു തീരുമാനം ഉണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു. ഒരു വീടിന്റെ സുരക്ഷിതത്വമില്ലാതെ രോഗബാധിതരായ കുടുംബാംഗങ്ങളെ സംരക്ഷിക്കുന്നതിനായി കഷ്ടപ്പെടുന്ന രാജമ്മ ആത്മഹത്യയുടെ വക്കില്‍ നില്‍ക്കുമ്പോഴാണ് അവസാന ശ്രമം എന്നോണം അദാലത്തില്‍ വന്നെത്തിയത്. തിരിച്ചു മടങ്ങുമ്പോള്‍ ഏറെ ആശ്വാസകരമായ ഒരു പ്രതീക്ഷയാണ് സംസ്ഥാന സര്‍ക്കാര്‍ തങ്കമ്മയുടെ ജീവിതത്തിന് നല്‍കിയത്.

ചിത്രം 1: ഇടുക്കി താലൂക്ക് തല പരാതിപരിഹാര അദാലത്ത് വേദിയില്‍ നിന്നും ആനന്ദകണ്ണീരോടെ  തങ്കമ്മ അപ്പച്ചന്‍
 

date