Skip to main content
.

പ്രകൃതി ക്ഷോഭത്തില്‍ കിടപ്പാടം നഷ്ടപെട്ട ജോയിക്ക് താങ്ങായി സര്‍ക്കാര്‍

 

2020 ല്‍ നടന്ന പ്രകൃതിക്ഷോഭത്തില്‍ സ്വന്തം വീട് നഷ്ടമായത്തോടെ ചേലച്ചുവട് സ്വദേശി ജോയി ചാക്കോ ഷെഡ്ഡ് കെട്ടി താമസിക്കേണ്ട സ്ഥിതിയിലാണിപ്പോള്‍. പൂര്‍ണമായി തകര്‍ന്ന വീടിന്റെ തറ മാത്രമാണ് ഇവര്‍ക്കായി പ്രകൃതി ബാക്കിവച്ചത്. മൂന്നുവര്‍ഷത്തോളം ആയി സുരക്ഷിതത്വമുള്ള ഒരു ഭവനം നിര്‍മ്മിക്കുന്നതിനായി പല ഓഫീസുകള്‍ കയറി ഇറങ്ങി മടുത്തെങ്കിലും തന്റെ പ്രശ്നത്തിന് പരിഹാരം ലഭിക്കുമെന്ന് ഉറപ്പിലാണ് ഇടുക്കി താലൂക്ക് തല പരാതി പരിഹാര അദാലത്തിലെത്തി മന്ത്രിയെ കാണാന്‍ ജോയി തീരുമാനിച്ചത്. എന്നാല്‍ ആ ഉറപ്പിന് ആക്കം കൂട്ടുന്നതായിരുന്നു അദാലത്തില്‍ നിന്ന് ജോയിക്ക് ലഭിച്ച  മറുപടി. താമസ വീടിനുണ്ടായ നാശനഷ്ട തോതിന് അനുസൃതമായി ധനസഹായം 10 ദിവസത്തിനുള്ളില്‍ അനുവദിക്കുമെന്ന് സഹകരണ രജിസ്ട്രേഷന്‍ വകുപ്പ് മന്ത്രി വി എന്‍ വാസവനും ജില്ലാ കളക്ടര്‍ ഷീബ ജോര്‍ജ്ജും ഉറപ്പ് നല്‍കി. പോളിയോ രോഗം ബാധിച്ച് ഒരു വശം ഭാഗീകമായി തളര്‍ന്ന ഭാര്യയെയും കൊണ്ടാണ് ഓട്ടോ ഡ്രൈവറായ ജോയി അദാലത്തില്‍ എത്തിയത്. ഇരുവരും തനിച്ചാണ് പ്ലാസ്റ്റിക് ഷീറ്റ് കൊണ്ട് മറച്ച കുടിലില്‍ താമസം. കയറി കിടക്കാന്‍ അടച്ചുറപ്പുള്ള ഒരു വീടിനായി കഴിഞ്ഞ മൂന്ന് വര്‍ഷത്തെ ഓട്ടം അദാലാത്ത് വേദിയില്‍ അവസാനിച്ചതിന്റെ ആശ്വാസത്തിലാണ് ജോയിയും ഭാര്യ തങ്കമ്മയും.

 

date