Skip to main content

ശ്രീക്കുട്ടിയുടെ സങ്കടങ്ങള്‍ക്ക് കരുതലായി മന്ത്രി റോഷി അഗസ്റ്റിന്‍

 

അടുത്തമാസം ജര്‍മ്മനിയില്‍ നടക്കുന്ന സ്‌പെഷ്യല്‍ സ്‌കൂള്‍ ഒളിമ്പിക്‌സില്‍ ഹാന്റ്‌ബോള്‍ മത്സരത്തില്‍ രാജ്യത്തെ പ്രതിനിധീകരിക്കുന്ന ഇടുക്കിക്കാരിയായ ശ്രീക്കുട്ടിയ്ക്ക് അദാലത്തിലെത്തി മന്ത്രിമാരോട് പറയാന്‍ പരാതികളും പരിഭവങ്ങളും ഏറെയുണ്ടായിരുന്നു. പക്ഷേ അദാലത്ത് വേദിയില്‍ നേരിട്ട് എത്താന്‍ സാധിക്കാത്തതിനാല്‍ തന്റെ പരാതികള്‍ മാതാപിതാക്കളായ നാരായണന്റേയും ബീനയുടെയും പക്കല്‍ കൊടുത്തു വിടുകയായിരുന്നു 29 കാരിയായ ശ്രീക്കുട്ടി. ഒറ്റമുറി വീട്ടില്‍ താമസിക്കുന്ന ഇവര്‍ക്ക് പഞ്ചായത്ത് വീട് അനുവദിച്ചെങ്കിലും നിര്‍മാണസാമഗ്രികള്‍ വീടിനടുത്ത് എത്തിക്കാന്‍ വഴി സൗകര്യമില്ലാത്തതിനാല്‍ വീണ്ടും പ്രതിസന്ധിയായി. അദാലത്തില്‍ പരാതി കേട്ട മന്ത്രി വഴി സൗകര്യമുള്ളയിടത്ത് വീട് വെയ്ക്കാനോ നിര്‍മാണ സാമഗ്രികള്‍ എത്തിക്കാനോ വേണ്ട നടപടികള്‍ സ്വീകരിക്കാന്‍ ഉദ്യോഗസ്ഥരോട് നിര്‍ദ്ദേശിക്കുകയായിരുന്നു. കൂടാതെ പൊതുവിഭാഗത്തില്‍ ഉള്‍പ്പെട്ടിരുന്ന റേഷന്‍കാര്‍ഡ് മുന്‍ഗണന വിഭാഗത്തില്‍ ഉള്‍പ്പെടുത്താന്‍ വേണ്ട നടപടികള്‍ സ്വീകരിക്കാനും മന്ത്രി നിര്‍ദേശം നല്‍കി.
    ഹരിയാനയിലും ഡല്‍ഹിയിലും നടന്ന ക്യാമ്പില്‍ പങ്കെടുത്താണ് ശ്രീക്കുട്ടി സ്‌പെഷ്യല്‍ ഒളിമ്പിക്‌സില്‍ അര്‍ഹത നേടിയത്. ജൂണ്‍ 12 മുതല്‍ 26 വരെ ജര്‍മനിയിലെ ബെര്‍ലിനിലാണ് സ്‌പെഷ്യല്‍ ഒളിമ്പിക്‌സ് നടക്കുന്നത്. ഹാന്റ് ബോള്‍ മത്സരത്തില്‍ രാജ്യത്തെ പ്രതിനിധീകരിക്കുന്ന ശ്രീക്കുട്ടിയെ ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ നേരത്തേ വീട്ടിലെത്തി അഭിനന്ദിച്ചിരുന്നു. സാമ്പത്തികമായി ഏറെ പിന്നോക്കം നില്‍ക്കുന്ന ശ്രീക്കുട്ടിക്കും കുടുംബത്തിനും വീട് നിര്‍മ്മിച്ച് നല്‍കുമെന്ന് മന്ത്രി വീട്ടിലെത്തിയപ്പോള്‍ നല്‍കിയ ഉറപ്പാണ് അദാലത്തിലൂടെ പാലിക്കപ്പെട്ടത്.

date