Skip to main content
.

'ഷാജി മാത്യുവിന് മുച്ചക്രവാഹനം ലഭിക്കും'

 

 ഒരു വയസ്സുള്ളപ്പോഴാണ് തങ്കമണി സ്വദേശി വടക്കേക്കര ഷാജി മാത്യുവിന് പോളിയോ ബാധിച്ച് കാലിന്റെ സ്വാധീനം നഷ്ടമാവുന്നത്.   70% വികലാംഗനായ ഷാജി പ്രായമായ മാതാവിനൊപ്പം ആണ് താമസം. വേറെ വരുമാനമാര്‍ഗം ഒന്നും ഇല്ലാത്ത ഇരുവരും ഏറെ സാമ്പത്തിക പരാധീനതകളിലാണ് ജീവിച്ചു പോകുന്നത്. തനിക്ക് ഒരു മുച്ചക്രവാഹനം അനുവദിച്ച നല്‍കണമെന്ന ആവശ്യവുമായി അദാലത്ത് നഗരിയില്‍ എത്തിയ ഷാജി മാത്യുവിന്റെ പ്രശ്നത്തിന് പരിഹാരമായി. ജില്ലാ പഞ്ചായത്തിന്റെ ഈ വര്‍ഷത്തെ പദ്ധതിയില്‍ ഉള്‍പ്പെടുത്തി മുച്ചക്രവാഹനം അനുവദിക്കുന്നതിന് വേണ്ട നടപടികള്‍ സ്വീകരിക്കുന്നതിന് മന്ത്രി റോഷി അഗസ്റ്റിന്‍ നിര്‍ദ്ദേശം നല്‍കി. കൂടാതെ യൂണിയന്‍ ബാങ്കില്‍ നിന്നും എടുത്തിട്ടുള്ള ലോണ്‍ തുക ഒഴിവാക്കി തരണമെന്ന ആവശ്യത്തിനും ഉചിതമായ നടപടി സ്വീകരിക്കാന്‍ മന്ത്രി നിര്‍ദേശം നല്‍കി. ഹൃദയസംബന്ധമായ രോഗങ്ങളാല്‍ ബുദ്ധിമുട്ട് അനുഭവിക്കുന്ന ഷാജി മെഡിക്കല്‍ കോളേജില്‍ നിന്നും കാര്‍ഡിയോളജി വിഭാഗം ഡോക്ടറുടെ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കുന്ന മുറയ്ക്ക് കടം എഴുതിത്തള്ളുന്നതിനുള്ള നടപടികള്‍ പരിശോധിക്കുന്നതിന് സഹകരണ വകുപ്പ് ജോയിന്റ് രജിസ്ട്രാര്‍ക്കും മന്ത്രി നിര്‍ദ്ദേശം നല്‍കി. ഇതോടെ നിറപുഞ്ചിരിയോടെയാണ് ഷാജിയും മാതാവും അദാലത്ത് നഗരിയില്‍ നിന്നും മടങ്ങിയത്.

ചിത്രം; ഷാജി മാത്യുവിന് അരികിലെത്തി പ്രശ്നങ്ങള്‍ ചോദിച്ചറിയുന്ന മന്ത്രി റോഷി അഗസ്റ്റിന്‍

date