Skip to main content

കിടിലൻ ആപ്പുമായി നജീബും അരവിന്ദും, അടിപൊളി ഇംഗ്ലീഷുമായി ഗോടെക്ക് കുട്ടികൾ, സർക്കാർ സ്കൂളും പിള്ളേരും വേറെ ലെവൽ

സോഫ്റ്റ്‌ വെയർ ഡെവലപ്പ്മെന്റും, അനായാസ ഇംഗ്ലീഷുമായി  എന്റെ കേരളം മെഗാ മേളയിലെത്തുന്ന സന്ദർശകരുടെ ഹൃദയം കീഴടക്കുകയാണ് ജില്ലയിലെ വിവിധ സർക്കാർ സ്കൂളുകളിലെ കുട്ടികൾ. പൂവച്ചൽ ഗവൺമെന്റ് സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥികളായ നജീബിന്റെയും അരവിന്ദിന്റെയും ജീനി ആപ്പ്, നിറഞ്ഞ കയ്യടികളോടെയാണ് ജനം സ്വീകരിക്കുന്നത്.

കൊവിഡ് കാലത്തെ ഓൺലൈൻ ക്ലാസ്സിനിടയ്ക്ക്   ഫോൺ സ്റ്റോറേജ് കുറഞ്ഞു ഹാങ്ങ് ആകുന്ന അവസ്ഥയിലാണ് ജീനി ആപ്പ് എന്ന ആശയം രൂപപ്പെട്ടത്. വാട്സ് ആപ്പ്, ഫേസ്ബുക്ക്, ഗൂഗിൾ ക്രോം,  ട്രാൻസ്ലേറ്റർ  അങ്ങനെ നിരവധി ആപ്പുകൾ സാധാരണ നമ്മുടെ ഫോണിൽ ഉണ്ടാകാറുണ്ട്. എന്നാൽ ഒരു ആപ്പിൽ തന്നെ എല്ലാ സേവനവും ലഭിച്ചാൽ എങ്ങനെയുണ്ടാവും. അതാണ് ജീനി ആപ്പ്. ഈ ആപ്പ് ഉപയോഗിച്ച് വാട്സാപ്പ് പോലെയുള്ള ഏതെങ്കിലും ഒരു ആപ്പിൽ മറ്റ് തേർഡ് പാർട്ടി ആപ്പുകളുടെ സേവനം ലഭ്യമാക്കാൻ കഴിയും.

വാർത്തകളും കാലാവസ്ഥയും ചിത്രങ്ങളും ഡൗൺലോഡ് ചെയ്യാനും , ഭാഷാ വിവർത്തനവും  അങ്ങനെ നൂറിലധികം സേവനങ്ങൾ കൃത്യമായ കമാൻഡിലൂടെ  നമുക്ക് ലഭിക്കും. സ്കൂളിലെ ഐ.ടി ഫെസ്റ്റിന് വേണ്ടി വിദ്യാർത്ഥികൾ നിർമ്മിച്ച ആപ്പ് ആണ് എന്റെ കേരളത്തിലൂടെ ഇപ്പോൾ നിരവധിപേരുടെ ശ്രദ്ധയാകർഷിക്കുന്നത്. സ്കൂളിന്റെയും അധ്യാപകരുടെയും മികച്ച പിന്തുണയാണ് വിദ്യാർത്ഥികൾക്ക് ലഭിക്കുന്നത്.

നജീബിനെയും അരവിന്ദിനെയും കണ്ട് അന്തംവിട്ടു  നടക്കുന്നവരെ വീണ്ടും ഞെട്ടിക്കാൻ ജില്ലാ പഞ്ചായത്തിന്റെ ഗോടെക് പദ്ധതിയിലൂടെ പരിശീലനം നേടിയ    വിദ്യാർത്ഥികൾ  റെഡിയാണ്. സർക്കാർ സ്കൂൾ വിദ്യാർത്ഥികൾക്ക് അനായാസമായി ഇംഗ്ലീഷ് സംസാരിക്കാൻ കഴിയില്ലെന്ന ധാരണ മാറ്റുകയാണ് ഈ മിടുക്കികൾ. കൃത്യമായ ഉച്ചാരണവും വ്യാകരണവും നല്ല ആത്മവിശ്വാസവും കൂടി ആയതോടെ  കുട്ടികളുടെ ഇംഗ്ലീഷ് പരിജ്ഞാനം കേട്ട് ആരും നിന്നുപോകും. കഴിഞ്ഞവർഷം  ജില്ലാ പഞ്ചായത്ത് കൊണ്ടുവന്ന ഗോടെക് പദ്ധതി നിലവിൽ ജില്ലയിലെ 26 സ്കൂളുകളിലാണ് പ്രവർത്തിക്കുന്നത്. ഓരോ സ്കൂളിലെയും ഏഴാം ക്ലാസിലെയും എട്ടാം ക്ലാസിലെയും കുട്ടികളെ എഴുത്തു പരീക്ഷയിലൂടെയും ഇന്റർവ്യൂവിലൂടെയും  തിരഞ്ഞെടുക്കുന്നു. ഇങ്ങനെ തിരഞ്ഞെടുക്കപ്പെടുന്ന 50 വിദ്യാർത്ഥികൾക്കാണ് പരിശീലനം നൽകുന്നത്. സ്കൂൾ സമയത്തിന് ശേഷമുള്ള ഒരു മണിക്കൂറിൽ അതേ സ്കൂളിലെ  ഇംഗ്ലീഷ് അധ്യാപകരുടെ മേൽനോട്ടത്തിലാണ് പരിശീലനം. പരിശീലനം എന്നതിലുപരി പ്രസംഗത്തിലൂടെയും  റോൾപ്ലേകളിലൂടെയും ഇന്റർവ്യൂകളിലൂടെയും കുട്ടികളെ നല്ല രീതിയിൽ ഇംഗ്ലീഷ് സംസാരിക്കാൻ പ്രാപ്തരാക്കും. ആദ്യഘട്ടം വൻ വിജയമായതോടെ മറ്റു ക്ലാസുകളിലേക്കും കൂടുതൽ സ്കൂളുകളിലേക്കും പദ്ധതി വ്യാപിപിക്കാൻ ഒരുങ്ങുകയാണ് ജില്ലാ പഞ്ചായത്ത്. കൂടാതെ ഓട്ടോമാറ്റിക് ഡെസ്റ്റ്ബിൻ, മൈക്രോസ്കോപ്പ്, ഫ്ലോർ ക്ലീനർ, സോയിൽ സെൻസർ, തുടങ്ങി നിരവധി കണ്ടുപിടിത്തങ്ങളുമായി കോട്ടൺഹിൽ സ്കൂളിലെ വിദ്യാർഥികളും പ്രദർശനത്തിനുണ്ട്.

date