Skip to main content
കുറത്തിപ്പാറയെയും സെന്റർമുക്കിനെയും

കുറത്തിപ്പാറയെയും സെന്റർമുക്കിനെയും ബന്ധിപ്പിക്കുന്ന സ്റ്റീൽ പാലം നാടിന് സമർപ്പിച്ചു

 

ചക്കിട്ടപാറ ​ഗ്രാമപഞ്ചായത്തിലെ കുറത്തിപ്പാറയെയും മരുതോങ്കര ​ഗ്രാമപഞ്ചായത്തിലെ സെന്റർമുക്കിനെയും ബന്ധിപ്പിക്കുന്ന സ്റ്റീൽ പാലം ടി.പി രാമകൃഷ്ണൻ എം.എൽ.എ. നാടിന് സമർപ്പിച്ചു. കടന്തറ പുഴയ്ക്ക് കുറുകെ പാലം വേണമെന്ന നാട്ടുകാരുടെ ദീർഘകാലമായുള്ള ആ​ഗ്രഹമാണ് ഇതോടെ സഫലമായത്. ടി.പി രാമകൃഷ്ണൻ എം എൽ എ യുടെ 2015-16 വർഷത്തെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും അനുവദിച്ച ഒരു കോടി രൂപ ചെലവിലാണ് നാടിന്റെ സ്വപ്ന സാക്ഷാത്ക്കാരം. സിസ്റ്റർ ലിനിയുടെ ഓർമ്മയിൽ ഉയർന്ന പാലം നാടിന് സമർപ്പിച്ചതോടെ ചെമ്പനോട ഭാഗത്തുനിന്ന് പശുക്കടവ് ഭാഗത്തേക്ക് ഉൾപ്പടെയുള്ള യാത്ര എളുപ്പമാകും.

ഇരുവശത്തും രണ്ട് തൂണുകളായുള്ള പാലം 45 മീറ്റർ നീളത്തിലും നാല് മീറ്റർ വീതിയിലും പുഴയുടെ തറനിരപ്പിൽനിന്ന് 3.5 മീറ്റർ ഉയരത്തിലുമാണ് നിർമ്മിച്ചത്. ചെമ്പനോട കുറത്തിപ്പാറ ഭാഗത്ത് അപ്രോച്ച്റോഡും നിർമിച്ചിട്ടുണ്ട്. പൊതുമേഖലാ സ്ഥാപനമായ സ്റ്റീൽ ഇൻഡസ്ട്രീസ് ലിമിറ്റഡ് കേരളയ്ക്കായിരുന്നു (സിൽക്ക്) നിർമാണച്ചുമതല. താത്ക്കാലികമായി നിർമ്മിച്ചിരുന്ന മരത്തടി പാലത്തിന് പകരം സ്റ്റീൽപാലം വന്നതോടെ പ്രദേശവാസികൾക്ക് മഴക്കാലത്ത് ഭയമില്ലാതെ മറുകരയിലെത്താം. 

രണ്ട് പഞ്ചായത്തുകൾക്ക് പുറമേ രണ്ട് നിയോജക മണ്ഡലങ്ങളെയും രണ്ട് താലൂക്കുകളെയും ബന്ധിപ്പിക്കുന്നുവെന്ന പ്രത്യേകതയും പാലത്തിനുണ്ട്. പേരാമ്പ്ര, നാദാപുരും മണ്ഡലങ്ങളെയും കൊയിലാണ്ടി, വടകര താലൂക്കുകളെയുമാണ് പാലം ബന്ധിപ്പിക്കുന്നത്. 

ചടങ്ങിൽ ചക്കിട്ടപാറ ​ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ സുനിൽ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി, പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എൻ.പി ബാബു, സിൽക് ചെയർമാൻ മുഹമ്മദ് ഇക്ബാൽ എന്നിവർ മുഖ്യാതിഥികളായി. മരുതോങ്കര ​ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ സജിത്ത്, ചക്കിട്ടപാറ, മരുതോങ്കര ​ഗ്രാമപഞ്ചായത്ത് അം​ഗങ്ങൾ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു. ചക്കിട്ടപാറ ​പഞ്ചായത്ത് വികസന കാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ സി.കെ ശശി സ്വാ​ഗതവും പഞ്ചായത്തം​ഗം ലെെസ ജോർജ് നന്ദിയും പറഞ്ഞു.

date