Skip to main content

കരുതലും കൈത്താങ്ങും : മുളവൂർതോട് പഞ്ചായത്തിന്റെ നേതൃത്വത്തിൽ ശുചിയാക്കണം: മന്ത്രി പി.പ്രസാദ്

 

 മഴക്കാലപൂർവ്വ ശുചീകരണത്തിന്റെ ഭാഗമായി പായിപ്ര മുളവൂർതോട് പഞ്ചായത്തിന്റെ നേതൃത്വത്തിൽ വൃത്തിയാക്കണമെന്ന്  മന്ത്രി പി. പ്രസാദ് പറഞ്ഞു.  മൂവാറ്റുപുഴ താലൂക്ക് തലത്തിൽ സംഘടിപിച്ച  കരുതലും കൈത്താങ്ങും അദാലത്തിൽ മുളവൂർ  തോടിന്റെ സംരക്ഷണവുമായി ബന്ധപ്പെട്ട് മുറിക്കല്ലിൽ കെ. കെ കുഞ്ഞുമോൻ സമർപ്പിച്ച അപേക്ഷ പരിഗണിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. 

മുളവൂർ തോട് മഴക്കാലപൂർവ്വ ശുചീകരണത്തിന്റെ ഭാഗമായി   ജനകീയ പരിപാടിയായി തോടിന്റെ ശുചീകരണ പ്രവർത്തനം നടത്തണം. വിശദമായ പദ്ധതി രേഖ അനുസരിച്ച് തോടിന്റെ സ്വാഭാവിക ഒഴുക്ക് തടസപ്പെടാതെ മാലിന്യമുക്തമാക്കുന്നതിനുള്ള നടപടികൾ സമയബന്ധിതമായി നടപ്പിലാക്കണമെന്ന്   മന്ത്രി നിർദ്ദേശിച്ചു.

 അശമന്നുർ പഞ്ചായത്തിലെ മേതല നിന്നും ഉത്ഭവിച്ച് നെല്ലിക്കുഴി, പായിപ്ര പഞ്ചായത്തുകളിലൂടെ കടന്നു മൂവാറ്റുപുഴയാറിൽ അവസാനിക്കുന്നതാണ് മുളവൂർ തോട്.

നിലവിൽ പായിപ്ര ഗ്രാമപഞ്ചായത്തിലെ ഒമ്പതാം വാർഡിലൂടെ ഒഴുകുന്ന മുളവൂർ തോടിന്റെ വാലടിതണ്ട് പാലം മുതൽ കാവുംപാട്ട് പാലം വരെയുള്ള ഭാഗംവരെ കഴിഞ്ഞ സാമ്പത്തിക വർഷം "ഓപ്പറേഷൻ വാഹിനി" എന്ന പദ്ധതിയിൽ ഉൾപ്പെടുത്തി 2500 ക്യൂബിക് മീറ്റർ ചെളി നീക്കം ചെയ്തിട്ടുണ്ട്. കൂടാതെ പായിപ്ര പഞ്ചായത്തിലെ 9, 10 വാർഡുകളിലൂടെ  ഒഴുകുന്ന തോടിന്റെ ചെളി നീക്കം ചെയ്യുന്നതിന്  ജില്ലാ പഞ്ചായത്ത് 8 ലക്ഷം രൂപ വകയുരുത്തി നിർമ്മാണ പ്രവർത്തികൾ ആരംഭിച്ചിട്ടുണ്ട്.മുളവൂർ തോടിന്റെ സമഗ്ര വികസനം നടപ്പിലാക്കുന്നതിന്റെ ഭാഗമായി ടോപ്പോഗ്രാഫിക്കൽ സർവ്വേ, ടോപ്പോഗ്രാഫിക്കൽ സ്കെച്ച് എന്നിവ തയ്യാറാക്കുക, ആവശ്യമായ ഭാഗങ്ങളിൽ സംരക്ഷണഭിത്തി നിർമ്മിക്കുക,അടിഞ്ഞുകൂടിയിട്ടുള്ള എക്കൽ നീക്കം ചെയ്യുക,തോടിന്റെ വശങ്ങളിൽ സൗന്ദര്യവൽക്കരണ പ്രവർത്തികൾ നടത്തുകയും അതുവഴി മാലിന്യം നിക്ഷേപിക്കുന്നത് തടയുക, തുടങ്ങിയ പ്രവർത്തികൾ നടത്തുന്നതിന് ഡി.പി.ആർ തയ്യാറാക്കാൻ  വാർഷിക പദ്ധതിയിൽ പ്രോജക്ട് ഉൾപ്പെടുത്തിയിട്ടുണ്ട്.ഇതിന്റെ ടെൻഡർ നടപടികൾ പൂർത്തിയാക്കിയിട്ടുണ്ട്..

date