കൂളിമാട് പാലം 31 ന് മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും
ചാത്തമംഗലം പഞ്ചായത്തിലെ കൂളിമാട് കടവിൽ ചാലിയാറിനു കുറുകെ കോഴിക്കോട്-മലപ്പുറം ജില്ലകളെ ബന്ധിപ്പിച്ച് നിർമിച്ച കൂളിമാട് പാലം മെയ് 31-ന് വൈകിട്ട് നാലിന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും. കിഫ്ഫി അനുവദിച്ച 25 കോടി ചെലവിൽ ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയാണ് നിർമാണം പൂർത്തിയാക്കിയത്.
2016-17 ബജറ്റിൽ പ്രഖ്യാപിച്ച പാലത്തിന്റെ പ്രവൃത്തി 2019ൽ അന്നത്തെ മന്ത്രി ടി.പി. രാമക്യഷ്ണനാണ് ഉദ്ഘാടനം ചെയ്തത്. 309 മീറ്റർ നീളവും 11 മീറ്റർ വീതിയുമുള്ള പാലത്തിന് ഇരുഭാഗത്തും 1.5മീറ്റർ വീതിയിൽ നടപ്പാതയുണ്ട്. 35 മീറ്റർ നീളത്തിലുള്ള ഏഴ് സ്പാനുകളും 12 മീറ്റർ നീളത്തിലുള്ള 5 സ്പാനുകളുമുണ്ട്. 35 മീറ്റർ നീളത്തിലുള്ള സ്പാനുകൾ പുഴയിലും 12 മീറ്റർ നീളത്തിലുള്ള കര ഭാഗത്തുമാണ് നിർമിച്ചത്. പാലത്തിന് ആകെ 13 തൂണുകളുണ്ട്. കൂളിമാട് ഭാഗത്ത് 160 മീറ്റർ നീളത്തിലും മപ്രം ഭാഗത്ത് 80 മീറ്റർ നീളത്തിലും അപ്രോച്ച് റോഡുമുണ്ട്.
- Log in to post comments