Skip to main content

മാലിന്യ മുക്തം നവകേരളം :സിവിൽ സ്റ്റേഷനിലെ ഓഫീസും പരിസരവും സമ്പൂർണ്ണമായി മാലിന്യ മുക്തമാക്കും

 

'മാലിന്യ മുക്തം നവകേരളം' ക്യാമ്പയിന്റെ ഭാഗമായി സിവിൽ സ്റ്റേഷനിലെ എല്ലാ ഓഫീസുകളും പരിസരവും മെയ്‌ അവസാന വാരത്തോടെ സമ്പൂർണ്ണ മാലിന്യ മുക്തമാക്കുമെന്ന് തദ്ദേശ വകുപ്പ് ജോയിന്റ് ഡയറക്ടർ പ്രസാദ് പി. ടി പറഞ്ഞു. താലൂക്ക് കോൺഫറൻസ് ഹാളിൽ ശുചീകരണത്തൊഴിലാളികളുടെ ശില്പശാല ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഓഫീസുകളിലെ ശൗചാലയങ്ങളും പരിസരവും ഏറ്റവും വൃത്തിയായി സൂക്ഷിക്കുന്നതിന് ജില്ലാ കലക്ടർ പ്രഖ്യാപിച്ച അംഗീകാരം എല്ലാ ഓഫീസുകൾക്കും ലഭ്യമാക്കാൻ ആവശ്യമായ സഹകരണം ജീവനക്കാരുടെ ഭാഗത്തുനിന്ന്  ഉണ്ടാകണമെന്നും അദ്ദേഹം  ആവശ്യപ്പെട്ടു.

ചടങ്ങിൽജൂനിയർ സൂപ്രണ്ട് കെ.എം പ്രകാശ് അധ്യക്ഷത വഹിച്ചു. മെയ് 26ന് രാവിലെ 7മുതൽ 10 മണി വരെ നടക്കുന്ന സിവിൽ സ്റ്റേഷൻ രണ്ടാംഘട്ട ശുചീകരണത്തിൽ എല്ലാ ജീവനക്കാരുടേയും പരിസ്ഥിതി സംഘടനകളുടെയും സന്നദ്ധ സംഘടനകളുടെയും പങ്കാളിത്തം  ഉണ്ടാകണമെന്ന് ജില്ലാഭരണകൂടം അഭ്യർത്ഥിച്ചു.

നവകേരളം ക്യാമ്പയിൻ ജില്ലാ കോർഡിനേറ്റർ മണലിൽ മോഹനൻ വിഷയാവതരണം നടത്തി. ശുചിത്വ മിഷൻ കോ-ഓർഡിനേറ്റർ രാധാകൃഷ്ണൻ കെ. പി സ്വാഗതവും ഹരിതകേരളം ടെക്നിക്കൽ അസിസ്റ്റന്റ് വിവേക് വിനോദ് നന്ദിയും പറഞ്ഞു. പാർട്ട് ടൈം സ്വീപ്പർ കെ.എ സജീവനെ ചടങ്ങിൽ ആദരിച്ചു.

date