Skip to main content

ഊത്തപിടുത്തം; ശുദ്ധജല മത്സ്യങ്ങളുടെ വംശനാശം ഫലം

 

- ഊത്തപിടുത്തം നിയവിരുദ്ധം

കോട്ടയം: നിയമവിരുദ്ധ മത്സ്യബന്ധനരീതിയായ ഊത്തപിടുത്തം ശുദ്ധജല മത്സ്യങ്ങളുടെ വംശനാശത്തിന് ഇടയാക്കുമെന്ന് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ ബെന്നി വില്ല്യം പറഞ്ഞു.
കേരളത്തിലെ 44 നദികളിലും 127 ഉൾനാടൻ ജലാശയങ്ങളിലുമായി 210 ഇനം ശുദ്ധജല മത്സ്യങ്ങളാണുള്ളത്. തെക്കു-പടിഞ്ഞാറൻ കാലവർഷത്തിന്റെ തുടക്കത്തിൽ മത്സ്യങ്ങൾ പുഴകളിൽനിന്നും മറ്റു ജലാശയങ്ങളിൽനിന്നും വയലുകളിലേക്കും ചെറുതോടുകളിലേക്കും ചതുപ്പുകളിലേക്കും കനാലുകളിലേക്കും കൂട്ടത്തോടെ കയറി വരുന്ന ദേശാന്തരഗമന പ്രതിഭാസമാണ് ഊത്ത എന്നറിയപ്പെടുന്നത്. വയറുനിറയെ മുട്ടകളുമായി പ്രജനനത്തിനായി കൂട്ടത്തോടെ ഒഴുക്കിനെതിരേ പുതുവെള്ളത്തിലേക്ക് നീന്തിവരുന്ന മത്സ്യങ്ങളാണിവ. മത്സ്യം കൂട്ടത്തോടെ വരുന്നതിനാൽ ഊത്തയേറ്റത്തിന്റെ സമയത്ത് മീൻ പിടിക്കൽ എളുപ്പമാണ്. ഇവയെ പിടികൂടി ഭക്ഷ്യയോഗ്യമായവയെ ഉപയോഗിക്കുകയും അല്ലാത്തവയെ നശിപ്പിക്കുകയും ചെയ്യുന്ന ഊത്തപിടുത്തത്തിലൂടെ മത്സ്യവംശം ഇല്ലാതാകും. പരൽ, വരാൽ, കൂരി, കുറുവ, ആരൽ, മുഷി, പല്ലൻ കുറുവ, മഞ്ഞക്കൂരി, കോലൻ, പള്ളത്തി, മനഞ്ഞിൽ എന്നിവയാണ് ഊത്തയ്ക്ക് കൂടുതലായും കണ്ടുവരുന്നത്. ഊത്തപിടുത്തത്തിലൂടെ ഇവയുടെ കൂട്ടക്കൊലയും വംശനാശവുമാണ് സംഭവിക്കുക. ശുദ്ധജലമത്സ്യങ്ങൾ വംശനാശ ഭീഷണി നേരിട്ടതോടെയാണ് ഈ സമയത്തെ മീൻപിടുത്തം നിയമവിരുദ്ധമായി പ്രഖ്യാപിച്ചത്.

date