Skip to main content
കണ്ടാണശ്ശേരി പഞ്ചായത്തിലെ ബസ് സ്റ്റോപ്പ് ശങ്കരംകുളം റോഡിന്റെ ഉദ്ഘാടനം മുരളി പെരുനെല്ലി എം എൽ എ നിർവ്വഹിക്കുന്നു

ബസ് സ്റ്റോപ്പ് ശങ്കരംകുളം റോഡ് നാടിന് സമർപ്പിച്ചു

കണ്ടാണശ്ശേരി പഞ്ചായത്തിലെ ബസ് സ്റ്റോപ്പ് ശങ്കരംകുളം റോഡ് മുരളി പെരുനെല്ലി എംഎൽഎ നാടിന് സമർപ്പിച്ചു. എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 12 ലക്ഷം രൂപ വിനിയോഗിച്ചാണ് റോഡ് യാഥാർത്ഥ്യമാക്കിയത്. കണ്ടാണശ്ശേരി പഞ്ചായത്തിൽ നിന്ന് ചൂണ്ടൽ ഗുരുവായൂർ റോഡിലേക്ക് വന്നുചേരുന്ന ഭാഗത്ത് നിലവിലുളള കൾവെർട്ട് ശോചനീയാവസ്ഥയിലായതിനാൽ അത് പൊളിച്ച് പുതിയ കൾവർട്ടും അപ്രോച്ച് റോഡുമാണ് നിർമ്മിച്ചത്. 

വെളളത്തിന്റെ ഒഴുക്ക് സുഗമമാക്കുന്നതിനു വേണ്ടി നിലവിലുളള കൾവർട്ട് പൊളിച്ചു മാറ്റി 2 മീറ്റർ വീതിയിലും 7.5 മീറ്റർ നീളത്തിലുമായി ബോക്സ് കൽവെർട്ട് നിർമ്മിച്ചിട്ടുണ്ട്. ചേർന്ന് വരുന്ന റോഡ് ജിഎസ്ബി ഇട്ട് ഉയർത്തി പഞ്ചായത്ത് റോഡിന്റെ സൈഡിലേക്ക് 40 മീറ്ററും പിഡബ്ലിയുഡി ബിഎം ബിസി  3.5 മീറ്റർ നീളത്തിൽ ഇന്റർലോക്കിംഗ് ചെയ്തിട്ടുണ്ട്. ഇരുവശങ്ങളിലുമായി പാലത്തിന്റെ രണ്ട് ഭാഗത്തും പാരപ്പറ്റ് വാളും പണിതിട്ടുണ്ട്. കൂടാതെ ഐറിഷ് ഡ്രെയിനും നിർമ്മിച്ചിട്ടുണ്ട്. മഴക്കാലത്ത് പ്രദേശത്തുണ്ടാകുന്ന വെള്ളക്കെട്ടിന് ഇതോടെ പരിഹാരം കാണാൻ കഴിയും.  

പഞ്ചായത്ത് പ്രസിഡന്റ് മിനി ജയൻ അധ്യക്ഷയായി. ചൊവ്വന്നൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ ജി പ്രമോദ് മുഖ്യാതിഥിയായി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻഎസ് ധനൻ, സ്ഥിരം സമിതി അധ്യക്ഷന്മാരായ ഷെക്കീല ഷമീർ, നിവ്യ റനീഷ്, ഗ്രാമപഞ്ചായത്തംഗങ്ങളായ ഷീബ ചന്ദ്രൻ, രാജി വേണു, പി കെ അസീസ്, ശരത് രാമനുണ്ണി, രമ ബാബു, ജയന്തി രാധാകൃഷ്ണൻ, ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു. ബ്ലോക്ക് പഞ്ചായത്ത് അസി. എക്സി. എഞ്ചിനീയർ ഇ കെ വിനോദ് പദ്ധതി വിശദീകരിച്ചു.

date