Skip to main content

കനകക്കുന്നിൽ കൗതുകമായി കാസർകോടൻ സുരങ്കയും, ഇടുക്കിയുടെ മുനിയറയും;

കനകക്കുന്നിൽ നടക്കുന്ന എന്റെ കേരളം പ്രദർശന വിപണന മേളയിൽ ആകർഷകമായി ടൂറിസം വകുപ്പിന്റെ 'മിനി പിക്നിക്ക് സ്പോട്ട്'. ഗ്രാമീണ ടൂറിസത്തിന്റെ ആശയം പകർന്നാണ് ഇത്തവണ വകുപ്പ് സ്റ്റാൾ ഒരുക്കിയിരിക്കുന്നത്. പഴമ വിളിച്ചോതുന്ന സുരങ്കയും ഏലത്തോട്ടവും മുനിയറയും വമ്പൻ ഹിറ്റായായി മാറിയിരിക്കുകയാണ്.

മലയോര നാടിന്റെ കൃഷിയും കാനന ഭംഗിയും മുനിയറയും ഒരിടത്തുതന്നെ കാണികൾക്ക് ആസ്വദിക്കാൻ സാധിക്കും.  ‘സുരങ്ക’യുടെ മാതൃകയിലൂടെയാണ് ടുറിസം വകുപ്പിന്റെ സ്റ്റാൾ ആരംഭിക്കുന്നത്. കാസർഗോഡ് ജില്ലയിലെ മലമ്പ്രദേശങ്ങളിൽ വെള്ളത്തിനായി നിർമിക്കുന്ന തുരങ്കമാണ് സുരങ്ക. കേരളത്തിലെ അറിയപ്പെടാത്ത സ്ഥലങ്ങളെ ജനങ്ങളിലേക്കെത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് മേളയില്‍ ഇത്തരം സ്ഥലങ്ങള്‍ സജ്ജീകരിച്ചിട്ടുള്ളത്. സുരങ്കത്തിലൂടെ കടന്ന്  ഏലക്കാടുകളിലേക്കെത്താം. ഒന്ന് വിശ്രമിക്കാൻ ഇവിടെ ഈറ്റയും പുല്ലും കൊണ്ടുള്ള കാവൽ പുരയും ഒരുക്കിയിട്ടിയുണ്ട്.

സുരങ്കത്തിലും ഏലക്കാട്ടിലും നിന്നുമൊക്കെ ഫോട്ടോയും റീല്‍സുമെടുക്കാനായി നിരവധി പേരാണ് ദിവസവും എത്തുന്നത്. മാത്രമല്ല ഏലത്തോട്ടത്തിനിടയിൽ ഇരുണ്ട കാടിനുള്ളിൽ അമ്പെയ്ത്തിലും ഒരു പരീക്ഷണം നടത്താം. ഇടുക്കിയിൽ കാണുന്ന ചരിത്ര പ്രസിദ്ധമായ മുനിയറകളുടെ മാതൃകകളും സ്റ്റാളിലുണ്ട്. കേരളത്തിന്റെ വിനോദ സഞ്ചാര ഇടങ്ങളെക്കുറിച്ചും വിവിധ കാലങ്ങളിൽ നടപ്പിലാക്കിയ പദ്ധതികളെക്കുറിച്ചുമുള്ള വിവരങ്ങൾ ഉൾക്കൊള്ളിച്ചുള്ള ഡിജിറ്റൽ ഡിസ്പ്ലേകളുമുണ്ട്. ഇതിനെല്ലാം പുറമെ വിനോദസഞ്ചാര വകുപ്പിന്റെ സ്റ്റാളിൽ എത്തുന്നവർക്കായി ലക്കി വിൻ കോണ്ടസ്റ്റും നടത്തുന്നു. സൂചനകളിലൂടെ, കേരളത്തിലെ മൂന്ന് വിനോദസഞ്ചാര കേന്ദ്രങ്ങൾ കണ്ടെത്തി, സമ്മാനം നേടാനും അവസരമുണ്ട്.

date