Skip to main content

സൗജന്യ ചികിത്സയും രക്തപരിശോധനയും; കനകക്കുന്നിൽ സജീവമായി ജനകീയ ആരോഗ്യ കേന്ദ്രം

എന്റെ കേരളം പ്രദർശന വിപണന മേളയിലെ ജനകീയ ആരോഗ്യ കേന്ദ്രവും ആയുഷ് മിഷന്റെ ഹോമിയോ ക്ലിനിക്കും പ്രവർത്തന മികവിൽ വ്യത്യസ്തമാകുന്നു. ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ അലോപ്പതി, ഹോമിയോ തുടങ്ങിയ സ്റ്റാളുകളിലാണ്  സന്ദർശകർക്കായി സൗജന്യ പരിശോധനയും രോഗികളുടെ സംശയനിവാരണവും ലഭ്യമാകുന്നത്. ആരോഗ്യ കേരളം സ്റ്റാളിൽ ജീവിതശൈലി രോഗങ്ങളായ രക്തസമ്മർദ്ദം, പ്രമേഹം എന്നിവ പരിശോധിക്കാനും ഡോക്ടറുടെ സേവനം സൗജന്യമായി ലഭിക്കാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. രാവിലെ 10 മണി മുതൽ രാത്രി 9.30 വരെ ഡോക്ടറുടെ സേവനം ലഭ്യമാണ്. ജനങ്ങളുടെ ഭാഗത്ത്‌ നിന്നും മികച്ച പ്രതികരണമാണ് ഈ സ്റ്റാളുകൾക്ക് ലഭിക്കുന്നത്. ക്യാൻസർ സ്ക്രീനിംഗിനായി പ്രത്യേക ബോധവൽക്കരണ ക്ലാസും വിവ കേരള എന്നപേരിൽ 15 വയസ്സിനും 59 വയസ്സിനുമിടയിൽ പ്രായമുള്ള സ്ത്രീകൾക്ക് ഹീമോഗ്ലോബിൻ, രക്തത്തിലെ പഞ്ചസാരയുടെ അളവിന്റെ പരിശോധന എന്നിവ ചെയ്തുകൊടുക്കുന്നു. ജനകീയ ആരോഗ്യ കേന്ദ്രം സ്റ്റാളിലുള്ള ഇ- സഞ്ജീവനി ആപ്പിനെ കുറിച്ചുള്ള മാർഗനിർദേശങ്ങളും സന്ദർശകർക്ക് പ്രയോജനപെടുത്താം. പേപ്പട്ടി കടിയേറ്റാൽ ചെയ്യേണ്ട പ്രാഥമിക ശുശ്രൂഷയുടെ വിവിധ ഘട്ടങ്ങളുടെ പ്രദർശനവും ആരോഗ്യ കേരളം സ്റ്റാളിനെ വ്യത്യസ്തമാക്കുന്നു.

ആയുഷ് ഹോമിയോപ്പതിയുടെ 'യുവതയ്ക്കായി കേരളം യുവതയ്ക്കായി ഹോമിയോപതി' സ്റ്റാളിൽ ഹോമിയോപതി വകുപ്പിന്റെ ചരിത്രത്തിന്റെ നാൾവഴികൾ സന്ദർശകർക്കായി ഒരുക്കിയിട്ടുണ്ട്. ഡോക്ടറുടെ സേവനം ലഭ്യമാകുന്നതിനൊപ്പം ശരീരഭാരം, ഉയരം, ബോഡി മാസ് ഇൻഡക്സ് ഇവ പരിശോധിച്ച് മാർഗനിർദേശങ്ങളും നൽകുന്നുണ്ട്. രണ്ട് ഷിഫ്റ്റുകളിലായി രാവിലെ 10 മണി മുതൽ വൈകിട്ട് 4 മണിവരെയും, വൈകിട്ട് 4 മണിമുതൽ രാത്രി 10 മണി വരെയും ഹോമിയോ സ്റ്റാളിൽ ഡോക്ടറുടെ സേവനം ലഭ്യമാണ്. ഹോമിയോ ആശുപത്രികളില്‍ ജനനി, പുനർജ്ജനി, സീതാലയം, സദ്ഗമയ തുടങ്ങി ഹോമിയോപ്പതിയിലെ വിവിധ വിഭാഗങ്ങളില്‍ ലഭ്യമാകുന്ന ചികിത്സാ പദ്ധതികളുടെ വിവരങ്ങള്‍ അടങ്ങിയ പോസ്റ്ററുകളും ലഘുലേഖകളും വിതരണം ചെയ്യുന്നുണ്ട്. രോഗികൾക്കായി പ്രാഥമിക ചികിത്സയും മരുന്ന് വിതരണവും ഹോമിയോപ്പതിയിലൂടെ നൽകുന്നു. ഓരോ ദിവസവും അഞ്ച് ചോദ്യങ്ങൾ വീതമുള്ള ക്വിസ് മത്സരവും ഒരുക്കിയിട്ടുണ്ട്. അതിനൊപ്പം ഈ ചോദ്യങ്ങളുടെ ഉത്തരങ്ങൾ സ്റ്റാളിനുള്ളിൽ തന്നെ പലയിടങ്ങളിലായി പോസ്റ്ററുകളിൽ പതിപ്പിച്ചിട്ടുണ്ട്. അറിവിനൊപ്പം കൗതുകമുണർത്തുന്ന ഭാഗങ്ങളും സന്ദശർകർക്കായി പ്രത്യേക സെൽഫി മത്സരവും മേളയിൽ ഒരുക്കിയിട്ടുണ്ട്. എന്റെ കേരളം മെഗാ പ്രദർശന വിപണന മേളയുടെ സമാപനത്തിന് രണ്ട് നാൾ ബാക്കി നിൽക്കെ മികച്ച പ്രതികരണമാണ് സ്റ്റാളിന് ലഭിക്കുന്നത്.

date