Skip to main content

ആരോഗ്യമേഖലയിൽ ആഭ്യന്തര ഉത്പാദനം പ്രോത്സാഹിപ്പിക്കും മന്ത്രി പി.രാജീവ്

'ബയോ കണക്റ്റ് കേരള 2023'- ദിദ്വിന ഇൻഡസ്ട്രിയൽ കോൺക്ലേവിന് കോവളത്ത് തുടക്കമായി

ആഭ്യന്തര ഉത്പാദനം പ്രോത്സാഹിപ്പിച്ചും അത്യാധുനിക മെഡിക്കൽ സാങ്കേതിക വിദ്യകൾ വികസിപ്പിച്ചും കേരളത്തിന്റെ ആരോഗ്യ പരിരക്ഷാ മേഖലയെ കൂടുതൽ ശക്തിപ്പെടുത്തുമെന്ന് വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് പറഞ്ഞു. ലൈഫ് സയൻസ് മേഖലയിലെ വിദഗ്ധരേയും സ്ഥാപനങ്ങളേയും പങ്കെടുപ്പിച്ച് കെഎസ്‌ഐഡിസി സംഘടിപ്പിക്കുന്ന 'ബയോ കണക്ട് കേരള 2023' ഇൻഡസ്ട്രിയൽ കോൺക്ലേവ് ഓൺലൈനായി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

ആരോഗ്യരംഗവുമായി ബന്ധപ്പെട്ട് വ്യവസായമേഖലയിൽ അത്യാധുനിക സാങ്കേതികത വികസിപ്പിക്കാൻ പ്രാദേശിക പ്രതിഭകളെ പ്രോത്സാഹിപ്പിക്കും. പ്രവർത്തനക്ഷമമായ ബിസിനസ് അന്തരീക്ഷം സൃഷ്ടിച്ചും മെഡിക്കൽ ഉപകരണങ്ങളുടെ നിർമാണത്തിലും രോഗനിർണയ മികവിലും കേരളത്തെ കേന്ദ്രസ്ഥാനത്തെത്തിക്കുകയാണ് ലക്ഷ്യമെന്നും മന്ത്രി വ്യക്തമാക്കി. കേരളത്തിലെ പ്രകൃതിവിഭവങ്ങളുടെ സമ്പന്നത ഫാർമസ്യൂട്ടിക്കൽ വ്യവസായത്തിന് അനുയോജ്യമായതിനാൽ , ഇതിന്റെ പ്രയോജനം സമൂഹത്തിന്റെ എല്ലാ തട്ടിലും ലഭിക്കുംവിധം മേഖലയെ പരിപോഷിപ്പിക്കാൻ ആവശ്യമായ എല്ലാ പിന്തുണയും സർക്കാർ നൽകുമെന്നും മന്ത്രി പറഞ്ഞു.

ആരോഗ്യപരിരക്ഷാരംഗത്തെ വ്യാവസായിക സാധ്യതകൾ പ്രയോജനപ്പെടുത്താനുതകുന്ന വ്യാവസായിക നയത്തിനാണ് സർക്കാർ രൂപംകൊടുത്തിട്ടുള്ളത്. ഗവേഷണ-വികസനങ്ങൾക്കൊപ്പം പാഠ്യ- വ്യവസായ മേഖലകളുടെ സഹകരണത്തേയും പ്രോത്സാഹിപ്പിക്കുകയും നിക്ഷേപം ആകർഷിക്കുകയും ചെയ്യുന്ന വ്യവസായിക ആവാസവ്യവസ്ഥ സൃഷ്ടിക്കുകയാണ് സർക്കാർ ചെയ്യുന്നത്. വ്യാവസായിക വളർച്ച സുഗമമാക്കുന്നതിൽ അടിസ്ഥാനസൗകര്യവികസനത്തിന്റെയും ആധുനികവത്ക്കരണത്തിന്റെയും പങ്ക് തിരിച്ചറിഞ്ഞ്, നിക്ഷേപക സൗഹൃദ അന്തരീക്ഷം സൃഷ്ടിക്കുന്നതിൽ സർക്കാർ വലിയ മുന്നേറ്റമാണ് നടത്തിയതെന്ന് മന്ത്രി പറഞ്ഞു.വിവിധ ഗവേഷണ സ്ഥാപനങ്ങളുടേയും ശാസ്ത്ര സാങ്കേതിക അക്കാദമികളുടേയും ബയോടെക്നോളജി, നാനോ-ടെക്നോളജി, ലൈഫ് സയൻസസ് മേഖലകളിലെ കമ്പനികളുടേയും സഹകരണ കേന്ദ്രമാണ് കെഎസ്‌ഐഡിസി ആരംഭിച്ച ബയോ 360 ലൈഫ് സയൻസ് പാർക്ക്. ഇൻകുബേഷൻ സെന്റർ, ടെക്‌നോളജി ഡെവലപ്‌മെന്റ് സെന്റർ ഉൾപ്പെടെ വ്യവസായത്തിന് ആവശ്യമായ അടിസ്ഥാന സൗകര്യം ലഭ്യമാക്കുകയാണ് പാർക്കിന്റെ ലക്ഷ്യമെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി സുമൻ ബില്ല, കെഎസ്ഐഡിസി എക്സിക്യൂട്ടീവ് ഡയറക്ടർ സ്നേഹിൽ കുമാർ സിങ്, കെഎസ്ഐഡിസി ചെയർമാൻ പോൾ ആന്റണി, ഡിഎസ്ടി മുൻ സെക്രട്ടറി പ്രൊഫ. ടി. രാമസ്വാമി, എയിംസ് ബയോടെക്നോളജിസ്റ്റ് പ്രൊഫ. ടി.പി സിങ്, കേരള ലൈഫ് സയൻസ് ഇൻഡസ്ട്രീസ് പാർക്ക് ഡയറക്ടർ ഡോ.സി.എൻ രാംചന്ദ് എന്നിവർ സംസാരിച്ചു.

ലൈഫ് സയൻസ് മേഖലയിലെ വിദഗ്ധർ, വിദ്യാർഥികൾ, ഗവേഷകർ എന്നിവർക്കൊപ്പം ഈ മേഖലയിലെ മുൻനിര കമ്പനികൾ, ഗവേഷണ-വികസന സ്ഥാപനങ്ങൾ, സ്റ്റാർട്ടപ്പുകൾ എന്നിവർ ഉൾപ്പടെ 300 പ്രതിനിധികളാണ് കോൺക്ലേവിൽ പങ്കെടുക്കുന്നത്. ഈ രംഗത്തെ നൂതന സാങ്കേതികവിദ്യകളും സേവനങ്ങളും ഉൽപന്നങ്ങളും പരിചയപ്പെടുത്തുന്ന 45 സ്റ്റാളുകളും കോൺക്ലേവിൽ ഒരുക്കിയിട്ടുണ്ട്. ലൈഫ് സയൻസ് പാർക്കിനെ മുൻനിർത്തി ഗവേഷണ-വികസന മേഖലയിലും ഉത്പാദന മേഖലയിലും നിക്ഷേപം ആർജിക്കുകയുമാണ് പരിപാടിയുടെ ലക്ഷ്യം. കോൺക്ലേവ് നാളെ (മെയ് 26) സമാപിക്കും

date