Skip to main content

അപകട രഹിത വാര്യാട്; തെർമോപ്ലാസ്റ്റിക് സ്ട്രിപ്പുകൾ സ്ഥാപിക്കും

 

 

അപകടങ്ങൾ തുടർക്കഥയായ കോഴിക്കോട് കൊല്ലഗൽ ദേശീയ പാതയിലെ വാര്യാട് റോഡ് സുരക്ഷയുടെ ഭാഗമായി തെർമോപ്ലാസ്റ്റിക് സ്ട്രിപ്പുകളും റിഫ്ളക്റ്റീവ് സ്റ്റഡുകളും സ്ഥാപിക്കും. കളക്ടറേറ്റ് മിനി കോൺഫറൻസ് ഹാളിൽ ജില്ലാ കളക്ടർ ഡോ. രേണു രാജിന്റെ അധ്യക്ഷതയിൽ ചേർന്ന ജില്ലാ റോഡ് സുരക്ഷാ സമിതി യോഗത്തിലാണ് തീരുമാനം.  ജില്ലയിലെ സ്കൂളുകളിൽ സ്കൂൾ തുറക്കുന്നതിന് മുന്നോടിയായി സ്കൂളിനേടു ചേർന്നുള്ള റോഡിലെ സീബ്രാ ക്രോസിംഗുകൾ ഇല്ലാത്തവ കൃത്യമായി മാർക്ക് ചെയ്യുന്നതിനും സുരക്ഷിതമായ അധ്യായന വർഷം ഒരുക്കുന്നതിനായി പി.ഡബ്ല്യു.ഡി രോഡ്സ് ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. ജില്ലയിലെ ബെസ്ബേകൾ നിർമ്മിക്കുന്നതുമായി ബന്ധപ്പെട്ട് ജില്ലാ ടൗൺപ്ലാനർ തയ്യാറാക്കിയ പ്രപ്പോസലിൽ തദ്ദേശസ്വയംഭരണ വകുപ്പും പോലീസും സംയുക്ത പരിശോധന നടത്തി ബെസ്ബേകൾ എവിടെയെല്ലാം സ്ഥാപിക്കണമെന്ന് തീരുമാനമെടുക്കും. ചുരത്തിലൂടെയുള്ള വാഹനങ്ങളുടെ ഗതാഗത തടസ്സം പരിഹരിക്കുന്നതിനായി പഠനം നടത്തുന്നതിന് ആർ.ടി.ഒ എൻഫോഴ്സ്മെന്റിനെ ചുമതലപ്പെടുത്തി.എ.ഡി.എം. എൻ.ഐ ഷാജു, ആർ.ടി.ഒ ഇ. മോഹൻദാസ്, ജില്ലാതല ഉദ്യോഗസ്ഥർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.

date