Skip to main content

കരുതലും കൈത്താങ്ങും : ജനങ്ങളുടെ  സേവകരാണ്  ഉദ്യോഗസ്ഥർ: മന്ത്രി പി. രാജീവ്‌

 

കോതമംഗലം  താലൂക്ക്തല  അദാലത്ത് ഉദ്ഘാടനം  ചെയ്തു 

ജനങ്ങളുടെ  സേവകരാണ് തങ്ങൾ  എന്ന മനോഭാവത്തിൽ വേണം  ഓരോ  ഉദ്യോഗസ്ഥരും പ്രവർത്തിക്കാൻ എന്ന്  മന്ത്രി പി. രാജീവ്‌.  കരുതലും കൈത്താങ്ങും കോതമംഗലം താലൂക്കുതല അദാലത്ത് മാർത്തോമാ ചെറിയ പള്ളി കൺവെൻഷൻ സെന്ററിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. 

ജനാധിപത്യ സംവിധാനത്തിൽ ജനങ്ങൾക്കാണ് പരമാധികാരം. ഓരോ ഫയലും ഓരോ ജീവിതമാണ്  എന്ന നയമാണ് സർക്കാരിനുള്ളത്. ആ നയത്തോട് ചേർന്നാണ് ഭൂരിഭാഗം ഉദ്യോഗസ്ഥരും പ്രവർത്തിക്കുന്നത്.  എന്നാൽ ചില  പുഴുക്കുത്തുകൾ ഇനിയും അവശേഷിക്കുന്നുണ്ട്. അവർക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത  നടപടികൾ  സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

തെറ്റായ  പ്രവണതകൾ  വച്ചുപൊറുപ്പിക്കില്ല. ജനോപകാരപ്രദമായ സമീപനമാണ് ഉദ്യോഗസ്ഥരിൽ നിന്നുണ്ടാകേണ്ടത്. എങ്ങനെ ഒരു അപേക്ഷ തീർപ്പാക്കാതിരിക്കാം എന്നല്ല, മറിച്ച് എങ്ങനെ നിയമവിധേയമായി തീർപ്പാക്കാം എന്നാണ് ചിന്തിക്കേണ്ടത്. എറണാകുളം ജില്ലയിലെ താലൂക്ക് തല  അദാലത്തുകൾ വലിയ  വിജയമായിരുന്നുവെന്നും മികച്ച  പ്രവർത്തനമാണ് ഉദ്യോഗസ്ഥർ നടത്തിയതെന്നും മന്ത്രി പറഞ്ഞു.

അദാലത്തിൽ എടുക്കുന്ന തീരുമാനങ്ങൾ കാലതാമസം കൂടാതെ  നടപ്പാക്കണമെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ചു സംസാരിച്ച കർഷക കാർഷിക ക്ഷേമവകുപ്പ് മന്ത്രി പി. പ്രസാദ് പറഞ്ഞു. അദാലത്തുകൊണ്ട് എല്ലാം അവസാനിക്കുന്നില്ല, തുടർപ്രവർത്തനങ്ങൾ  വേണം. അദാലത്തിൽ സ്വീകരിച്ച നടപടികൾ സംബന്ധിച്ച് കൃത്യമായ  അവലോകനമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

ചടങ്ങിൽ13 പേർക്ക് മുൻഗണനാ വിഭാഗത്തിലുള്ള റേഷൻ കാർഡുകൾ  വിതരണം ചെയ്തു. 

ആന്റണി ജോൺ എം.എൽ.എ, ജില്ലാ കളക്ടർ എൻ.എസ്.കെ. ഉമേഷ്, അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് എസ്. ഷാജഹാൻ, കോതമംഗലം നഗരസഭ  ചെയർമാൻ  കെ. കെ ടോമി, കോതമംഗലം ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡന്റ് പി.എ.എം ബഷീർ, വാർഡ് കൗൺസിലർ ഷിബു കുര്യാക്കോസ്, മൂവാറ്റുപുഴ ആർ.ഡി.ഒ പി.എൻ. അനി, മലയാറ്റൂർ ഡി.എഫ്.ഒ. ( ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ )രവികുമാർ മീണ, കോതമംഗലം ഡി.എഫ്.ഒ വരുൺ ഡാലിയ, ഡെപ്യൂട്ടി കളക്ടർമാരായ  ബി.അനിൽകുമാർ, എസ്. ബിന്ദു, കെ. ഉഷ ബിന്ദുമോൾ, ഹുസൂർ ശിരസ്തദാർ കെ. അനിൽകുമാർ മേനോൻ, തഹസിൽദാർമാരായ റേച്ചൽ കെ. വർഗീസ്, കെ. എം നാസർ, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ  പങ്കെടുത്തു.

date