Skip to main content

കരുതലും കൈത്താങ്ങും :  അൽഫോൻസാ സെബാസ്റ്റ്യന് ശുദ്ധജലം ലഭിക്കുമെന്ന്  മന്ത്രിയുടെ ഉറപ്പ്

 

കാന പണിയുന്നതിനായി നിർമ്മിച്ച കുഴിയിൽനിന്നും വെള്ളം ഇറങ്ങി കിണർ വെള്ളം ഉപയോഗശൂന്യമാകുന്നു എന്ന പരാതിയുമായാണ് ഞായപ്പിള്ളി ചിറ്റയം വീട്ടിൽ അൽഫോൻസാ സെബാസ്റ്റ്യൻ കോതമംഗലം താലൂക്കിലെ കരുതലും കൈത്താങ്ങും  അദാലത്തിൽ എത്തിയത്. 

രണ്ടു വർഷമായി കുടിവെള്ളത്തിന് അയൽവാസികളെ ആശ്രയിക്കുകയാണ് ഇവർ. ജൂൺ 3 നകം പരാതിയിൽ പരിഹാരം കാണാമെന്ന മന്ത്രി പി. പ്രസാദിന്റെ ഉറപ്പിലാണ് അവർ അദാലത്ത് വേദിയിൽ നിന്നും മടങ്ങിയത്. 

രണ്ടു വർഷം മുൻപ് കോതമംഗലം - പെരുമ്പൻകുത്ത് റോഡരികിൽ കാന നിർമ്മിക്കുന്നതിനായി കിടങ്ങു എടുത്തിരുന്നു. എന്നാൽ കാനനിർമ്മാണം തുടരാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ തയ്യാറാകാത്തതിനെ തുടർന്ന് രണ്ടു വർഷമായി അഞ്ചടിയോളം ആഴമുള്ള കുഴിയായി തുടരുകയാണ്. മഴക്കാലത്ത് കുഴിയിൽ വെള്ളം നിറയുകയും  ഒന്നര മീറ്റർ മാത്രം അകലത്തിലുള്ള തന്റെ കിണറിലേക്ക് കുഴിയിലെ മലിനജലം ഇറങ്ങുകയും ചെയ്യുന്നുവെന്ന് അൽഫോൻസാ പറയുന്നു.  കാനയ്ക്കായി നിർമ്മിച്ച കുഴിയിൽ എലിയും പെരുച്ചാഴിയും മണ്ണു തുരക്കുകയും ചെയ്തത് മലിനജലം കിണറിലേക്ക് ഒഴുകുന്നതിന്റെ അളവ് വർധിപ്പിച്ചു. വിധവയായ അൽഫോൻസ കൂലിപ്പണി കഴിഞ്ഞ് വീട്ടിലെത്തിയാണ് വെള്ളം ശേഖരിക്കാൻ അയൽവീടുകളിൽ പോയിരുന്നത്. മറ്റാരും സഹായത്തിനില്ലാത്തതിനാൽ വർഷകാലങ്ങളിൽ ദുരിതം അനുഭവിക്കുകയാണെന്നും വരുന്ന മഴക്കാലത്തിനുള്ളിൽ പ്രശ്നത്തിനു പരിഹാരം വേണമെന്ന അപേക്ഷയുമായാണ് അൽഫോൻസാ കോതമംഗലം അദാലത്ത് വേദിയിൽ എത്തിയത്.

കിണറിലേക്ക് അഴുക്ക് വെള്ളം ഇറങ്ങാതെ ജൂൺ മൂന്നിനകം കുഴി മൂടണമെന്നും കാന നിർമ്മാണത്തിന്റെ പൂർത്തികരണത്തിലെ പിഴവുകളുണ്ടെന്ന പരാതിയിൽ നടപടി സ്വീകരിക്കണമെന്നും മന്ത്രി ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി

date