Skip to main content

അതിജീവിതരുടെ പ്രശ്നങ്ങൾ സമൂഹം ഏറ്റെടുക്കണം : ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ 

അതിജീവിതരുടെ പ്രശ്നങ്ങൾ സമൂഹം ഏറ്റെടുക്കണമെന്നും അവരോടുള്ള സമൂഹത്തിന്റെ കാഴ്ചപ്പാട് മാറ്റണമെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ. കുറ്റകൃത്യങ്ങൾക്കും അധികാര ദുർവിനിയോഗത്തിനും അവകാശ നിഷേധനത്തിനും ഇരകളാവുന്നവർക്കു വേണ്ടിയുള്ള വിശ്വാസ് ഇന്ത്യ (Victims Information, Sensitisation, Welfare & Assistance Society) യുടെ  ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. 
ഇരകളെ കളങ്കിതരായി സമൂഹം കരുതുന്ന പക്ഷം അവർക്ക് നീതി ലഭ്യമാകില്ല. ഇരകൾ അകത്തും കുറ്റാരോപിതർ പുറത്തും എന്ന സമീപനമാണ് പോക്സോ കേസുകളിൽ കാണുന്നത്. സമൂഹത്തിന്റെ അനുകമ്പയല്ല അനുതാപമാണ് അതിജീവിതർക്ക് വേണ്ടത്. അതിജീവിതരെ കാണുമ്പോൾ നമ്മുടെ ജീവിതത്തിലും വേദന അനുഭവപ്പെടണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഹൈക്കോടതി ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ മു൯ ഡി.ജി.പി ഡോ. പി.എം നായർ അധ്യക്ഷനായി. കളക്ടർ എൻ.എസ്.കെ. ഉമേഷ്, സിറ്റി പോലീസ് കമ്മിഷണർ സേതുരാമൻ,  ഹൈകോർട്ട് അഡ്വക്കേറ്റ് അസോസിയേഷൻ വൈസ് പ്രസിഡന്റ് അഡ്വ. എസ്. ബിജു, അഡ്വ. വി.എച്ച്. ജാസ്മിൻ, അഡ്വ. നിഹാരിക ഹേമരാജ്, അഡ്വ. പ്രബിത, ഇന്ദുലേഖ, വിശ്വാസ് സെക്രട്ടറി ജനറൽ പി പ്രേംനാഥ്, വൈസ് പ്രസിഡന്റ് അഡ്വ. അനിൽ എസ്. രാജ് എന്നിവർ സംസാരിച്ചു. 
പരിപാടിയോടനുബന്ധിച്ച് മനുഷ്യകടത്തിന്റെ ദൂഷ്യഫലങ്ങളെയും എതിരായ പ്രവർത്തനങ്ങളെയും കുറിച്ച് മുൻ ഡി ജി പി പി.എം. നായർ പോലിസ് ഉദ്യോഗസ്ഥർക്ക് പരിശീലനം നൽകി.
2012 ൽ ജില്ലാ കളക്ടർ ആധ്യക്ഷനായി പാലക്കാട് ആരംഭിച്ച വിശ്വാസ് ഇതിനകം നിരവധി പരിപാടികൾ സംഘടിപ്പിച്ചിട്ടുണ്ട്. ദേശീയ തലത്തിൽ വിശ്വാസിന്റെ പ്രവർത്തനങ്ങൾ വ്യാപിപ്പിക്കുന്നതിനാണ് ഡോ. പി.എം. നായരുടെ നേതൃത്വത്തിൽ വിശ്വാസ് ഇന്ത്യ രൂപീകരിച്ചത്. ജില്ലാ കളക്ടർ ചെയർമാനായി എറണാകുളം ചാപ്റ്ററും നിലവിൽ വന്നു. 
പടം ക്യാപ്ഷ൯
വിശ്വാസ് ഇന്ത്യയുടെ ഉദ്ഘാടനം ജസ്റ്റിസ് ദേവ൯ രാമചന്ദ്ര൯ നിർവഹിക്കുന്നു. പി. പ്രേംനാഥ്, കെ. സേതുരാമ൯, ഡോ. പി.എം. നായർ, എ൯.എസ്.കെ. ഉമേഷ് തുടങ്ങിയവർ വേദിയിൽ

date