Skip to main content

മന്ത്രി ഇടപെട്ടു: അനൈനയുടെ വീട്ടിൽ ഉടൻ  വൈദ്യുതി എത്തും

 

കലങ്ങിയ കണ്ണുകളുമായി അദാലത്ത് വേദിയിലേക്ക് എത്തിയ അനൈന ആശ്വാസത്തോടെ വീട്ടിലേക്ക് മടങ്ങി. മുന്നറിയിപ്പില്ലാതെ വീട്ടിലേക്കുള്ള വൈദ്യുതി ബന്ധം  വിച്ഛേദിച്ചെന്ന അനൈനയുടെ പരാതി പരിഗണിച്ച മന്ത്രി പി. രാജീവ് ഉടൻതന്നെ വൈദ്യുതി ബന്ധം പുനസ്ഥാപിക്കാൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകുകയായിരുന്നു.

കുന്നത്തുനാട് താലൂക്കിലെ രായമംഗലം ഗ്രാമപഞ്ചായത്തിലെ ആറാം വാർഡിൽ 243/A നമ്പർ വീട്ടിൽ താമസിക്കുന്ന അനൈന ബാബു, അമ്മ ഷോളി ബാബുവിനൊപ്പമാണ് കോതമംഗലം താലൂക്ക്തല  അദാലത്തിൽ പരാതിയുമായി എത്തിയത്. അവസാന വർഷ ബിരുദ വിദ്യാർത്ഥിയായ അനൈനയുടെ പരാതി കേട്ടറിഞ്ഞ ഉദ്യോഗസ്ഥർ ടോക്കൺ നമ്പറിന് പോലും കാത്തുനിൽക്കാതെ വിദ്യാർത്ഥിയെ മന്ത്രിയുടെ അടുത്തേക്ക് കടത്തിവിടുകയായിരുന്നു. 

അദാലത്തിൽ രജിസ്റ്റർ പോലും ചെയ്യാത്ത പരാതിയിൽ മന്ത്രി ഇടപെട്ടതോടെയാണ് അനൈനയുടെ വീട്ടിൽ തത്കാലിക വൈദ്യുതി കണക്ഷൻ ലഭ്യമാകുന്നത്. വാണിജ്യ ആവശ്യത്തിനായി അനുവദിച്ച വൈദ്യുതി കണക്ഷൻ ഗാർഹിക കണക്ഷനായി പുനസ്ഥാപിച്ചതിനെ തുടർന്നുള്ള സാങ്കേതിക പ്രശ്നത്തെ തുടർന്നാണ് വൈദ്യുതി ബന്ധം വിച്ഛേദിച്ചത്.   പെരുമ്പാവൂർ സ്വദേശിയായ കെ.എം ബാബു ആണ് അനൈനയുടെ പിതാവ്.

date