Skip to main content

കരുതലും കൈത്താങ്ങും : മന്ത്രി രാജീവ് ഇടപെട്ടു; മല്ലികയുടെ എട്ട് വർഷത്തെ പോരാട്ടത്തിന് വിജയം; കെട്ടിടത്തിന് സ്ഥിരം നമ്പർ മണിക്കൂറുകൾക്കകം

 

വീഴ്ച്ച വരുത്തിയ ഉദ്യോഗസ്ഥരെ മന്ത്രി ശകാരിച്ചു  

കല്ലൂർക്കാട് ചുരുളി പുത്തൻപുരയിൽ വീട്ടിൽ മല്ലിക രവീന്ദ്രന്റെ എട്ടു വർഷത്തെ പോരാട്ടത്തിന് അവസാനം. കരുതലും കൈത്താങ്ങും അദാലത്തിൽ മന്ത്രി പി. രാജീവിന്റെ ഇടപെടലിനെ തുടർന്നാണ് മല്ലികയുടെ പോരാട്ടം വിജയിച്ചത്. 

കല്ലൂർക്കാട് അഞ്ചാം വാർഡിൽ 8.75 സെന്റ് സ്ഥലത്ത് വാണിജ്യ ആവശ്യത്തിനായി പണിത കടമുറികളിൽ സ്ഥിരം നമ്പർ അനുവദിക്കുന്നില്ലെന്ന പരാതിയുമായാണ് മല്ലിക കഴിഞ്ഞ ദിവസം മൂവാറ്റുപുഴ താലൂക്കുതല അദാലത്തിൽ എത്തിയത്. പരാതി പരിഗണിച്ച മന്ത്രി  ഉദ്യോഗസ്ഥരുടെ വീഴ്ച കണ്ടെത്തുകയും കെട്ടിട നമ്പർ അനുവദിക്കുന്നതിന് ആവശ്യമായ ഫയലുകൾ സഹിതം ഹാജരാകാൻ ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ ഉദ്യോഗസ്ഥർ വീണ്ടും തടസവാദങ്ങളുമായാണ് എത്തിയത്.  ഉദ്യോഗസ്ഥരുടെ തുടർ അനാസ്ഥയിൽ ക്ഷുഭിതനായ മന്ത്രി എത്രയും വേഗത്തിൽ പരാതി പരിഹരിക്കുന്നതിനാവശ്യമായ സ്ഥിരമായ കെട്ടിട നമ്പർ സഹിതം കോതമംഗലം താലൂക്ക് അദാലത്തിൽ ഹാജരാകാൻ ആവശ്യപ്പെടുകയായിരുന്നു. 

കോതമംഗലം താലൂക്ക് അദാലത്തിലെത്തിയ ഉദ്യോഗസ്ഥർ കെട്ടിടത്തിനോട് ചേർന്ന് കുറച്ച് മാസങ്ങൾക്ക് മുമ്പ്  ഷീറ്റ് വച്ച് കെട്ടിയ ചെറിയ ചാർത്ത് പൊളിച്ച് മാറ്റാൻ മല്ലികയോട് ആവശ്യപ്പെട്ടു. റോഡിൽ നിന്നും മൂന്നു മീറ്റർ അകലെയല്ല എന്ന കാരണത്താലാണ് പൊളിച്ചു മാറ്റാൻ ആവശ്യപ്പെട്ടത്.തുടർന്ന് ചാർത്ത് ഒരു മണിക്കൂർ കൊണ്ട് പൊളിച്ചു മാറ്റുകയും ചെയ്തു. സ്ഥലം സന്ദർശിച്ച് ഇക്കാര്യം ഉറപ്പാക്കാൻ ഉദ്യോഗസ്ഥരോട് മന്ത്രി നിർദേശിച്ചു. സ്ഥല പരിശോധനയ്ക്ക് ശേഷം മല്ലികയ്ക്ക് കെട്ടിടത്തിന് സ്ഥിര നമ്പർ അനുവദിച്ചു കൊണ്ടുള്ള ഉത്തരവ് മന്ത്രി കൈമാറി.

രോഗിയായ ഭർത്താവും രണ്ടു പെൺമക്കളും അടങ്ങുന്ന കുടുംബം ഉപജീവന മാർഗമായാണ് കെട്ടിടം പണിതതെന്ന് മല്ലിക പറഞ്ഞു.  മാസത്തുക അടയ്ക്കാത്തതിനാൽ ഇപ്പോൾ ജപ്തി ഭീഷണിയിലാണ്. അവസാന ആശ്രയമായാണ് അദാലത്തിലെത്തിയത്. മന്ത്രിയെ നേരിൽ കണ്ട് അവസ്ഥകൾ പറയുമ്പോൾ സർക്കാർ കൈവിടില്ല എന്നുള്ള വിശ്വാസമാണ് തങ്ങളെ ഈ അദാലത്തിൽ എത്തിച്ചതെന്നും കെട്ടിടത്തിന്റെ സ്ഥിര നമ്പർ ഉത്തരവ് വാങ്ങിക്കൊണ്ട് മല്ലിക പറഞ്ഞു.

date