Skip to main content

തീരസദസ്:  കൊച്ചി, വൈപ്പിൻ മണ്ഡലങ്ങളിൽ ശനിയാഴ്ച 

 

കൊച്ചി മണ്ഡലത്തിൽ രാവിലെയും വൈപ്പിൻ മണ്ഡലത്തിൽ ഉച്ചയ്ക്ക് ശേഷവും

മന്ത്രിമാരായ സജി ചെറിയാനും പി രാജീവും പങ്കെടുക്കും

സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് ഫിഷറീസ് വകുപ്പ് സംഘടിപ്പിക്കുന്ന തീരസദസ്സ്  കൊച്ചി, വൈപ്പിൻ നിയോജക മണ്ഡലങ്ങളിൽ ശനിയാഴ്ച (മെയ്‌ 27) നടക്കും. രാവിലെ 10.30 ന് ഫോർട്ടുകൊച്ചി വെളി ഗ്രൗണ്ടിൽ ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാൻ കൊച്ചി മണ്ഡലത്തിലെ തിരസദസ് ഉദ്ഘാടനം ചെയ്യും. കൊച്ചി മണ്ഡലത്തില്‍ ഫോർട്ട്കൊച്ചി ഗ്രാന്റ് കാനിയൻ ഹോട്ടൽ ഓഡിറ്റോറിയത്തിൽ രാവിലെ 9 മുതല്‍ 10.30 വരെ ജനപ്രതിനിധികളുമായുള്ള ചര്‍ച്ചയും  ഫോർട്ട്‌കൊച്ചി വെളി ഗ്രൗണ്ടിൽ 10.30 മുതല്‍ ഒന്ന് വരെ തീരസദസ്സും സംഘടിപ്പിക്കും.

വൈപ്പിന്‍ മണ്ഡലത്തിലെ തീരസദസ് വൈകിട്ട് 4ന് ഞാറയ്ക്കല്‍ മാഞ്ഞൂരാന്‍ ഹാളില്‍ ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്യും. ഞാറയ്ക്കലിലെ ഐലന്റ് ക്ലബ് ഓഡിറ്റോറിയത്തില്‍ ഉച്ചയ്ക്ക് മൂന്ന് മുതല്‍ ജനപ്രതിനിധികളുമായുള്ള ചര്‍ച്ചയും ഞാറയ്ക്കല്‍ മാഞ്ഞൂരാന്‍ ഹാളില്‍ വൈകിട്ട് നാലു മുതല്‍ ഏഴ തീരസദസ്സും സംഘടിപ്പിക്കും.

തീരപ്രദേശങ്ങളിലെ ജനങ്ങളുടെ പ്രശ്നങ്ങള്‍ നേരിട്ടു മനസിലാക്കി പരിഹരിക്കുന്നതിനും വികസന, ക്ഷേമ പ്രവര്‍ത്തനങ്ങള്‍ അവരിലേക്ക് എത്തിക്കുന്നതിനുമായാണ് കൊച്ചി, വൈപ്പിന്‍ നിയോജക മണ്ഡലങ്ങളിൽ അദാലത്ത് മാതൃകയില്‍ 'തീരസദസ്സ്' സംഘടിപ്പിക്കുന്നത്. ഓൺലൈനായും ഓഫ് ലൈനായും ലഭിച്ച 1020 പരാതികളാണ് തീരസദസ്സിൽ പരിഗണിക്കുന്നത്. കൊച്ചി മണ്ഡലത്തിൽ 556 ഉം വൈപ്പിനിൽ 464 പരാതികളും പരിഗണിക്കും. 

മത്സ്യത്തൊഴിലാളികളുടെ പാരമ്പര്യ അറിവ് ആധാരമാക്കി, പ്രാദേശിക പരിഗണന നല്‍കി നൂതന പദ്ധതികള്‍ ആവിഷ്കരിക്കുന്നതിനുള്ള ചുവടുവെപ്പാണ് തീരസദസ്സ്.  47 തീരദേശ മണ്ഡലങ്ങളിലായി സംഘടിപ്പിക്കുന്ന തീരസദസ്സ് 2023 ഏപ്രിൽ 23 ന് വൈകുന്നേരം 4ന് തിരുവനന്തപുരം ജില്ലയിലെ പൊഴിയൂരിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം നിർവ്വഹിച്ചു.

രണ്ടു പരിപാടികളിലും വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ്  മുഖ്യപ്രഭാഷണം നടത്തും.  ഹൈബി ഈഡൻ എം.പി,  കെ.ജെ. മാക്സി എം.എൽ.എ, കെ.എൻ ഉണ്ണികൃഷ്ണൻ എം.എൽ.എ, കൊച്ചി മേയർ എം. അനിൽകുമാർ ജില്ല പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ്, ജില്ലാ കളക്ടർ എൻ.എസ്.കെ ഉമേഷ്, ജനപ്രതിനിധികൾ, രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക നേതാക്കൾ എന്നിവർ ചടങ്ങിൽ പങ്കെടുക്കും. തീരസദസ്സ് നടത്തിപ്പുമായി ബന്ധപ്പെട്ട് കൊച്ചി, വൈപ്പിന്‍ മണ്ഡലങ്ങളിലെ 12,553 വീടുകകളില്‍ ജീവനക്കാര്‍ നേരിട്ട് സന്ദര്‍ശിക്കുകയും നോട്ടീസുകള്‍ നല്‍കുകയും ചെയ്തിട്ടുണ്ട്.

date