Skip to main content

കൊച്ചി മണ്ഡലം തീര സദസ്: തീരദേശ ജനതയുടെ പ്രശ്നം നേരിട്ട് ചർച്ച ചെയ്ത് മന്ത്രി സജി ചെറിയാൻ

 

സൗത്ത് ചെല്ലാനം കുടുംബാരോഗ്യ കേന്ദ്രം  താൽക്കാലിക കെട്ടിടത്തിലേക്കി മാറ്റും 

കുമ്പളങ്ങി കായലിലെ എക്കൽ നീക്കുന്നതിന് നടപടി സ്വീകരിക്കും

കൊച്ചി നിയോജകമണ്ഡലത്തിൽ തീര സദസ്സിന്റെ ഭാഗമായി തീരദേശ ജനതയുടെ പ്രശ്നങ്ങൾ ചർച്ച ചെയ്ത് ഫിഷറീസ് മന്ത്രി സജി ചെറിയാൻ. കൊച്ചി തീര സദസ്സിന്റെ ആദ്യ ഘട്ടമായി തീരദേശത്തെ വിവിധ വിഷയങ്ങൾ ജനപ്രതിനിധികൾ, മത്സ്യത്തൊഴിലാളി സംഘടന നേതാക്കൾ, പൗര പ്രമുഖർ തുടങ്ങിയവർ മന്ത്രിക്ക് മുന്നിൽ അവതരിപ്പിച്ചു. ഇക്കാര്യങ്ങൾ വിശദമായി കേട്ട് വേദയിൽ  ആവശ്യമായ നടപടികൾ സ്വീകരിക്കാൻ ബന്ധപ്പെട്ട വകുപ്പ് ഉദ്യോഗസ്ഥർക്ക് മന്ത്രി നിർദേശം നൽകി.

 ഭവന നിർമ്മാണം, നഷ്ട്ട പരിഹാരം, അടിസ്ഥാന സൗകര്യ വികസനം, ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവർത്തനം, ഉൾനാടൻ മത്സ്യതൊഴിലാളികളുടെ പ്രശ്നങ്ങൾ, തീര ദേശ റോഡുകളുടെ നവീകരണം, കുടിവെള്ളം തുടങ്ങിയ പ്രശ്നങ്ങൾ യോഗത്തിൽ ചർച്ച ചെയ്തു.

ടൗട്ട ചുഴലിക്കാറ്റിൽ നാശനഷ്ടം സംഭവിച്ച കെട്ടിടത്തിൽ പ്രവർത്തിക്കുന്ന സൗത്ത് ചെല്ലാനം കുടുംബാരോഗ്യ കേന്ദ്രത്തിന്റെ പ്രവർത്തനം അടിയന്തരമായി മറ്റൊരു കെട്ടിടത്തിലേക്ക് മാറ്റണമെന്ന് മന്ത്രി നിർദേശിച്ചു. നടപടികൾ സ്വീകരിക്കാൻ ജില്ലാ കളക്ടറെ ചുമതലപ്പെടുത്തി. ചെല്ലാനം  പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് ഫിഷറീസ് ഫണ്ട്‌ ഉപയോഗിച്ച് പുതിയ കെട്ടിടം നിർമ്മിക്കാൻ നടപടി സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു. കണ്ണമാലിയിൽ തീരദേശ നിർമ്മാണ ബോർഡ് നിർമ്മിച്ച  ഫിഷറീസ് യൂറ്റിലിറ്റി സെന്ററിന്റെ ക്ലീയറൻസ് നടപടികൾ പൂർത്തിയാക്കി ഫിഷറീസ് വകുപ്പിന് എത്രയും വേഗം കൈമാറണം. ഇതിനായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി അടിയന്തരം യോഗം ചേരുവാനും മന്ത്രി നിർദേശിച്ചു. വിജയൻ കനാൽ വികസനവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾക്ക് പരിവാരം കാണുന്നതിന്  ബന്ധപ്പെ ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി.

കുമ്പളങ്ങി കല്ലഞ്ചേരി കായലിലെ എക്കൽ നീക്കുന്നതിന് വിശദമായ പദ്ധതി തയ്യാറാക്കി നൽകുവാൻ  നിർദേശിച്ചു. കൂടാതെ കല്ലഞ്ചേരിയിലെ 2.36 ഏക്കർ സ്ഥലത്ത് കളിക്കളം സ്ഥാപിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കും. സ്ഥലം സന്ദർശിച്ച് എസ്റ്റിമേറ്റ് തയ്യാറാക്കാൻ തീരദേശ നിർമ്മാണ കോർപ്പറേഷനെ ചുമതലപ്പെടുത്തി. ഫിഷറീസ് വകുപ്പും കായിക വകുപ്പും ചർച്ച ചെയ്ത് നടപടികൾ സ്വീകരിക്കും. കുമ്പളങ്ങിയിൽ റിംഗ് റോഡ് നിർമ്മിക്കണമെന്ന ജനപ്രതിനിധികളുടെ ആവശ്യം പരിഗണിച്ച് കെ.ജെ മാക്സി എം.എൽ.എ യോഗം ചേർന്ന് പ്രൊപ്പോസൽ സമർപ്പിക്കാനും മന്ത്രി നിർദേശിച്ചു.

ടൗട്ട ചുഴലിക്കാറ്റിന് ശേഷം നികന്ന ഉപ്പത്തക്കാട് തോട് അടിയന്തരമായി നവീകരിക്കുന്നതിന് നടപടി സ്വീകരിക്കും. കുമ്പളങ്ങി ആഞ്ഞിലിത്തറയിലെ സ്ലൂയിസ്  നിർമ്മാണം വേഗത്തിലാക്കാനും  മന്ത്രി നിർദേശം നൽകി. ദിവസങ്ങളായി കുടിവെള്ളം ലഭിക്കാത്ത കുമ്പളങ്ങി പഞ്ചായത്തിലെ രണ്ടാം വാർഡിൽ ചർച്ചയ്ക്ക് ശേഷം  സ്ഥല  പരിശോധന നടത്തി ഉടൻ തന്നെ കുടിവെള്ളമെത്തിക്കാൻ  വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥർക്ക്‌ നിർദേശം നൽകി.

ചെല്ലാനത്ത് ടെട്രാ പോഡ് നിർമ്മാണം നടക്കുന്ന സ്ഥലങ്ങളിലെ വഴി അരികിലെ കൈയേറ്റം ഒഴിപ്പിക്കാൻ നടപടികൾ സ്വീകരിക്കും. പുത്തൻതോട് ഗവ. ഹയർ സെക്കന്ററി സ്കൂളിലേക്കുള്ള 300 മീറ്റർ റോഡ് തകർത്തു കിടക്കുന്ന സാഹചര്യത്തിൽ. റോഡിന്റെ നിർമ്മാണം ഉടൻ തന്നെ പൂർത്തിയാക്കാൻ മന്ത്രി നിർദേശം നൽകി. ചെല്ലാനം ഗ്രാമപഞ്ചായത്തിൽ ടൗട്ട ചുഴലികാറ്റിൽ വീട് നഷ്ട്ടപ്പെട്ട 150 കുടുംബങ്ങളെ ലൈഫ് ഭവന പദ്ധതിയിൽ ഉൾപ്പെടുത്താൻ നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. ചെല്ലാനത്തെ ആയുർവേദ ആശുപത്രിക്ക്‌ കെ. ജെ മാക്സി എം.എൽ.എയുടെ ആസ്ഥിവികസന ഫണ്ടിൽ നിന്ന് 35 ലക്ഷം രൂപ വകയിരുത്തി പുതിയ കെട്ടിടം നിർമ്മിക്കും.

ചെല്ലാനം മോഡൽ വില്ലേജ് പദ്ധതിയുടെ ഭാഗമായി തീരദേശ റോഡുകളുടെ നവീകരണം നടപ്പിലാക്കും. തീരദേശ പരിപാലന നിയമ പരിധിയിൽ വരുന്ന പരാതികൾ,  ഒരു നെല്ലും മീനും പദ്ധതി, കുമ്പളങ്ങി കല്ലഞ്ചേരി കായലിലെ അനധികൃത ചീനവല നീക്കം ചെയ്യൽ  തുടങ്ങിയ പ്രശ്നങ്ങളിൽ ചർച്ച ചെയ്ത് നടപടികൾ സ്വീകരിക്കാൻ കളക്ടറെ ചുമതലപ്പെടുത്തി. തീരദേശ സംരക്ഷണ നിയമം സംബന്ധമായ പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ ജൂൺ 12 യോഗം നടത്താൻ കളക്ടറെ ചുമതലപ്പെടുത്തി. ആറുമാസത്തിനകം എല്ലാ പരാതികൾക്കും പരിഹാരം ഉണ്ടാകുമെന്നും മന്ത്രി അറിയിച്ചു.

കെ ജെ മാക്സി എം.എൽ.എ, ജില്ലാ കളക്ടർ എൻ.എസ്.കെ ഉമേഷ്,ഫിഷറീസ് ഡയറക്ടർ അദീലാ അബ്ദുള്ള, കൊച്ചി നഗരസഭ  പ്രതിപക്ഷ നേതാവ് ആന്റണി കൂരിത്തറ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഷീബാ ലാൽ, പള്ളുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബേബി തമ്പി, ചെല്ലാനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ഡി പ്രസാദ്, കുമ്പളങ്ങി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലിജ തോമസ്,  ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ എസ്. ജയശ്രീ,  ജന പ്രതിനിധികൾ, പൗരപ്രമുഖർ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു.

date