Skip to main content

കൊച്ചി മണ്ഡലം തീരസദസ്സ്: വിവിധ പദ്ധതികളിലായി 72 ലക്ഷം രൂപയുടെ ധനസഹായം വിതരണം ചെയ്തു

 

തീരദേശ മേഖലയിലെ ജനങ്ങളെ ചേർത്തുപിടിച്ച് മത്സ്യത്തൊഴിലാളികളുടെ പ്രശ്നത്തിന് പരിഹാരവുമായി കൊച്ചി മണ്ഡലത്തിലെ തീര സദസ്സ്. ഈ സർക്കാരിന്റെ കാലാവധിക്കുള്ളിൽ തീരദേശത്തിന്റെ കണ്ണീരൊപ്പും എന്ന വാഗ്ദാനത്തിന്റെ ഫലമായി വിവിധ പദ്ധതികളിൽ ഉൾപ്പെടുത്തി 72,17,492 രൂപയുടെ ധനസഹായങ്ങളാണ് കൊച്ചി മണ്ഡലത്തിൽ വിതരണം ചെയ്തത്. ഫോർട്ട്കൊച്ചി വെളി ഗ്രൗണ്ടിൽ നടന്ന തീര സദസിൽ ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാൻ ധനസഹായങ്ങൾ വിതരണം ചെയ്തു.

അപകടത്തിൽ മരണപ്പെട്ട കുമ്പളങ്ങി പെരുമ്പള്ളി വീട്ടിൽ അഗസ്ത്യന് അപകട ഇൻഷുറൻസ് പദ്ധതി വഴി അനുവദിച്ച 10 ലക്ഷം രൂപയുടെ ധനസഹായം  ഭാര്യ മെറിൻ അഗസ്ത്യന് മന്ത്രി കൈമാറി.

തീരസദസിന്റെ ഭാഗമായി ലഭിച്ച വിവിധ അപേക്ഷകൾ പരിശോധിച്ച് വിവാഹ ധനസഹായമായി 80 ഗുണഭോക്താക്കൾക്ക് 10,000 രൂപ വീതം 8,00,000 രൂപ വിതരണം ചെയ്തു.  മരണാനന്തര ധനസഹായമായി 21 പേരുടെ കുടുംബങ്ങൾക്ക് 15,000 രൂപ വീതം 3,15,000 രൂപയും വിതരണം ചെയ്തു. സാഫ് വനിതാ സൂക്ഷ്മ തൊഴിൽ സംരംഭങ്ങൾക്ക് വർക്കിംഗ് ക്യാപിറ്റൽ ആയി 18,72,492 രൂപയും നൽകി.  മത്സ്യഫെഡിൽ രജിസ്റ്റർ ചെയ്ത നാല് സഹകരണ സംഘങ്ങൾക്ക്  32,30,000 രൂപയുടെ പലിശരഹിത വായ്പയും അനുവദിച്ചു.

മത്സ്യത്തൊഴിലാളികളുടെ സുരക്ഷ മുൻ നിർത്തി മത്സ്യത്തൊഴിലാളികൾക്കായി കോസ്റ്റ് ഗാർഡ് നൽകുന്ന 100 ലൈഫ് ജാക്കറ്റുകളും വിതരണം ചെയ്തു. 

മത്സ്യത്തൊഴിലാളി മേഖലയിൽനിന്നും വിവിധ മേഖലകളിൽ പ്രാവീണ്യം തെളിയിച്ച ആറ് പേരെയും കലാകായിക, വിദ്യാഭ്യാസ മേഖലകളിൽ പ്രാവീണ്യം തെളിയിച്ച് 18 പേരെയും ചടങ്ങിൽ ആദരിച്ചു.

date