Skip to main content

സാമൂഹികമായും സാമ്പത്തികമായും മത്സ്യത്തൊഴിലാളികളെ ഉന്നതിയിലെത്തിക്കും: മന്ത്രി സജി ചെറിയാന്‍ 

 

കൊച്ചി നിയോജക മണ്ഡലത്തിൽ തീരസദസ് സംഘടിപ്പിച്ചു

സാമൂഹികമായും സാമ്പത്തികമായും മത്സ്യത്തൊഴിലാളികളെ ഉന്നതിയിലെത്തിക്കുമെന്ന് മത്സ്യബന്ധന വകുപ്പ് മന്ത്രി സജി ചെറിയാന്‍ പറഞ്ഞു. കൊച്ചി നിയോജക  മണ്ഡലതല തീരസദസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. തീരദേശത്തെ ജനങ്ങളുടെ പ്രശ്‌നങ്ങള്‍ പഠിക്കുക എന്ന ലക്ഷ്യത്തോടെയാണ് സംസ്ഥാന സര്‍ക്കാര്‍ ഇത്തരമൊരു ഉദ്യമം നടത്തുന്നത്. വലിയ അനുഭവമാണ് ഓരോ തീര സദസുകളും സമ്മാനിക്കുന്നത്. ഈ അനുഭവങ്ങള്‍ തുടര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് മുതല്‍ക്കൂട്ടാകും.

കഴിഞ്ഞ ഏഴ് വര്‍ഷത്തില്‍ തീരദേശത്ത് മുന്‍കാലങ്ങളിലെങ്ങുമില്ലാത്ത മുന്നേറ്റമാണ് സാധ്യമായത്. ഫിഷറീസ് വകുപ്പ് മാത്രം 11,000 കോടി രൂപയാണ് തീര മേഖലയില്‍ ചെലവഴിച്ചത്. മറ്റു വകുപ്പുകള്‍ വഴിയും നിരവധി പദ്ധതികള്‍ യഥാര്‍ഥ്യമാക്കി. അതില്‍ ചെല്ലാനം തീരസംരക്ഷണ  പദ്ധതി  എടുത്തു പറയേണ്ടതാണ്. 350 കോടി രൂപ ചെലവില്‍ ഏഴര കിലോമീറ്റര്‍ ദൂരത്തില്‍ ടെട്രാപോഡുകള്‍ സ്ഥാപിക്കുന്ന പദ്ധതി അന്തിമ ഘട്ടത്തിലാണ്. ചെല്ലാനത്തുകാര്‍ക്കിപ്പോള്‍ കടല്‍പേടിയില്ലാതെ ഉറങ്ങാം.

തീരമേഖയിലെ ജനങ്ങള്‍ക്ക് സുരക്ഷിത ഭവനങ്ങള്‍ ഒരുക്കുക  എന്ന ലക്ഷ്യത്തോടെ 2450 കോടി രൂപയാണ് പുനര്‍ ഗേഹം പദ്ധതിക്കായി സര്‍ക്കാര്‍ നീക്കി വച്ചത്. പദ്ധതിവഴി ഇതുവരെ അയ്യായിരത്തില്‍ പരം  പേര്‍ക്ക് വീട് നല്‍കി. ലൈഫ് മിഷനില്‍ കൂടി  ഉള്‍പ്പെടുത്തി മേഖലയില്‍ സമ്പൂര്‍ണ പാര്‍പ്പിട പദ്ധതി യാഥാര്‍ഥ്യമാക്കുമെന്നും അദ്ദേഹം പറഞ്ഞു.

പല പ്രദേശങ്ങളിലും  തീര ദേശ പരിപാലന നിയമം സംബന്ധിച്ച പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. അതിന് പരിഹാരം കാണുന്നതിനുള്ള  ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്. തീരദേശ  പരിപാലന  പദ്ധതിയുടെ  കരട്  രേഖ തയ്യാറായിട്ടുണ്ട്. അതുമായി  ബന്ധപ്പെട്ട് ഓരോ ജില്ലകളിലും  കളക്ടറേറ്റുകള്‍ കേന്ദ്രീകരിച്ച് വിശദമായ ചര്‍ച്ചകള്‍  നടത്തി അഭിപ്രായം സ്വരൂപിക്കും. ജൂണ്‍ 12 നാണ് എറണാകുളം കളക്ടറേറ്റില്‍ ചര്‍ച്ച  നടക്കുക. ഇങ്ങനെ സ്വരൂപിക്കുന്ന അഭിപ്രായങ്ങള്‍ കൂടി  ചേര്‍ത്ത് കേന്ദ്രത്തിന് സമര്‍പ്പിക്കും. അതുവഴി  തീരദേശ സംരക്ഷണ നിയമവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ക്ക് ശാശ്വത പരിഹാരം കാണുകയാണ്  ലക്ഷ്യം. 

വിദ്യാഭ്യാസ മേഖലയിലും സമാനതകളില്ലാത്ത വികസനമാണ് സാധ്യമായത്. തീരമേഖലയില്‍ 136 കോടിയാണ് സര്‍ക്കാര്‍ ചെലവഴിച്ചത്. സ്‌കൂളുകള്‍ ഹൈ ടെക് നിലവാരത്തിലേക്ക് ഉയര്‍ത്തി. ഈ  സൗകര്യങ്ങള്‍  കുട്ടികള്‍ പരമാവധി  പ്രയോജനപെടുത്തണം. മാതാപിതാക്കള്‍ അക്കാര്യത്തില്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്തണം. കുട്ടികള്‍ക്ക് താല്‍പര്യമുള്ളത് പഠിക്കാനുള്ള എല്ലാ സഹായങ്ങളും  സര്‍ക്കാര്‍ ഒരുക്കുമെന്നും മന്ത്രി പറഞ്ഞു.

തൊഴിലവസരങ്ങളും  മേഖലയില്‍ സൃഷ്ടിക്കേണ്ടതുണ്ട്. അതിനായി ജോബ് ഫെയറുകള്‍ നടത്തും. സംരംഭങ്ങളും  പ്രോത്സാഹിപ്പിക്കും. അങ്ങനെ വിദ്യാഭ്യാസ രംഗത്തും തൊഴില്‍ രംഗത്തും  മാറ്റങ്ങള്‍ വരുമ്പോള്‍ അതുവഴി  മേഖലയുടെ  സമഗ്ര  മുന്നേറ്റം സാധ്യമാകും.

മത്സ്യത്തൊഴിലാളികള്‍ നേരിടുന്ന പ്രധാന  പ്രശ്‌നമാണ് ഇടനിലക്കാരുടെ ചൂഷണം. അത് തടയുന്നതിനായി  സര്‍ക്കാര്‍ ഇടപെടല്‍ നടത്തും. തീരദേശത്തെ എല്ലാ വീടുകളിലും  നേരിട്ടെത്തി ബോധവല്‍ക്കരണ പരിപാടി നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്. ശുചിത്വ സാഗരം സുന്ദര തീരം എന്ന പദ്ധതിയെക്കുറിച്ചും വിവിധ സര്‍ക്കാര്‍ പദ്ധതികളെ കുറിച്ചും അവബോധം നല്‍കുക, മയക്കുമരുന്ന് ഉപയോഗം തടയുന്നതിനുള്ള സന്ദേശമെത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ബോധവല്‍ക്കരണ പരിപാടി നടത്തുക. കടലിനെയും തീരത്തെയും പ്ലാസ്റ്റിക് മുക്തമാക്കുക എന്നതാണ് ശുചിത്വ സാഗരം സുന്ദര തീരം പദ്ധതിയുടെ  ഉദ്ദേശമെന്നും മന്ത്രി പറഞ്ഞു. 

സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് 47 തീരദേശ മണ്ഡലങ്ങളിലാണ് തീരസദസ്   സംഘടിപ്പിച്ചുവരുന്നത്. തീരമേഖലയിലെ ജനങ്ങളുടെ പ്രശ്‌നങ്ങള്‍ നേരിട്ടു മനസിലാക്കി പരിഹരിക്കുന്നതിനും വികസന, ക്ഷേമ പ്രവര്‍ത്തനങ്ങള്‍ അവരിലേക്ക് എത്തിക്കുന്നതിനുമായാണ് സംസ്ഥാന ഫിഷറീസ് വകുപ്പിന്റെ നേതൃത്വത്തില്‍  തീരസദസ്സ് നടത്തുന്നത്.

ഫോര്‍ട്ട് കൊച്ചി വെളി ഗ്രൗണ്ടില്‍ നടന്ന കൊച്ചി നിയോജക മണ്ഡലതല തീരസദസില്‍ കെ.ജെ. മാക്‌സി എം.എല്‍.എ അധ്യക്ഷത വഹിച്ചു. ഫിഷറീസ് ഡയറക്ടര്‍ ഡോ. അദീല അബ്ദുള്ള റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കോസ്റ്റ് ഗാര്‍ഡ് ഡി.ഐ.ജി എന്‍. രവി മുഖ്യാതിഥിയായി. ചെല്ലാനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ഡി. പ്രസാദ്, മത്സ്യഫെഡ് ഡയറക്ടര്‍ ബോര്‍ഡ് അംഗം പി.ബി. ദാളോ, കൊച്ചി നഗരസഭ ടാക്‌സ് അപ്പീല്‍ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ അഡ്വ. പ്രിയ പ്രശാന്ത്, ജി.സി.ഡി.എ ഡയറക്ടര്‍ ബോര്‍ഡ് അംഗം പി.എ പീറ്റര്‍, കൗണ്‍സിലര്‍ ഷൈല തദേവൂസ്, സാഫ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ആശ അഗസ്റ്റിന്‍, സംസ്ഥാന തീരദേശ വികസന കോര്‍പ്പറേഷന്‍ റീജയണല്‍ മാനേജര്‍ വി.പ്രശാന്ത്, മത്സ്യഫെഡ് മാനേജര്‍ ടി.ഡി സുധ, മത്സ്യ ബോര്‍ഡ് റീജിയണല്‍ എക്‌സിക്യൂട്ടീവ് കെ.ബി രമേഷ്, ഫിഷറീസ് അഡീഷണൽ ഡയറക്ടർ എൻ. എസ് ശ്രീലു, ഫിഷറീസ് ജോയിന്റ് ഡയറക്ടറും തീരസദസ് ജില്ലാ നോഡല്‍ ഓഫീസറുമായ എസ്.മഹേഷ്, ഫിഷറീസ് മേഖല ഡെപ്യൂട്ടി ഡയറക്ടർ എസ്. ജയശ്രീ, മറ്റ് ജനപ്രതിനിധികള്‍, ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date