Skip to main content

കേരള വനിതാ കമ്മിഷന്‍ സിറ്റിംഗ്: 45 പരാതികള്‍ തീര്‍പ്പാക്കി

 

കേരള വനിതാ കമ്മിഷന്‍ എറണാകുളം ജില്ലയില്‍ സംഘടിപ്പിച്ച സിറ്റിങ്ങില്‍ 45 പരാതികള്‍ തീര്‍പ്പാക്കി. 10 പരാതികള്‍ വിശദമായ പൊലീസ് റിപ്പോര്‍ട്ടിനായി അയച്ചു.

100 പവനും അഞ്ച് ലക്ഷം രൂപയും നല്‍കി വിവാഹം കഴിഞ്ഞ് മൂന്ന് മാസം പ്രായമായ കുഞ്ഞിനെയും ഉപേക്ഷിച്ച് സ്വര്‍ണവും പണവും ഉള്‍പ്പെടെ വിദേശത്തേക്ക് കടന്ന ഭര്‍ത്താവിനെതിരേ യുവതി നല്‍കിയ പരാതിയില്‍ ഭര്‍ത്താവിന്റെ പാസ്പോര്‍ട്ട് കണ്ടുകെട്ടുന്നതുള്‍പ്പെടെയുള്ള നിയമനടപടികള്‍ രാമമംഗലം പൊലീസ് സ്വീകരിക്കും. ഇതുസംബന്ധിച്ച് യുവതി രാമമംഗംലം പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കും.

വയോജന സംരക്ഷണ നിയമം നിലവിലുണ്ടായിട്ടും, ആര്‍ഡിഒ ഉത്തരവ് നല്‍കിയാലും സാമ്പത്തികശേഷിയുള്ള മക്കള്‍പോലും രക്ഷിതാക്കളെ സംരക്ഷിക്കുന്നില്ല എന്നത് അത്യന്തം ഗൗരവമേറിയകാര്യമാണെന്ന് കേരള വനിതാ കമ്മിഷന്‍ അധ്യക്ഷ അഡ്വ. പി. സതീദേവി പറഞ്ഞു. എഴുന്നേറ്റുനടക്കാന്‍പോലുമാകാത്ത അവസ്ഥയില്‍ പരിസരവാസികളുടെ സഹായത്തോടെ പ്രായമായ രക്ഷകര്‍ത്താക്കാള്‍ കമ്മിഷനു മുമ്പാകെ എത്തേണ്ട സാഹചര്യമുണ്ടാകുന്നത് അത്യധികം ദുഃഖകരമായ കാര്യമാണ്. വയോജനങ്ങളുടെ സംരക്ഷണത്തിന് സമൂഹത്തിന്റെ മനസാക്ഷി ഉണരണമെന്നും അഡ്വ. പി.സതീദേവി പറഞ്ഞു.

എറണാകുളം ജില്ലാ പഞ്ചായത്ത് ഹാളില്‍ രണ്ട് ദിവസമായി നടന്ന സിറ്റിങ്ങില്‍ പരിഗണിച്ച കേസുകളില്‍ കൂടുതലും വൃദ്ധരായ മാതാപിതാക്കളെ മക്കള്‍ സംരക്ഷിക്കുന്നില്ല എന്നത് സംബന്ധിച്ചാണെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് അഡ്വ. പി.സതീദേവിയുടെ അഭിപ്രായപ്രകടനം.

സിറ്റിങ്ങില്‍ കമ്മിഷന്‍ ചെയര്‍പേഴ്സണ്‍ അഡ്വ. പി.സതീദേവി, അംഗങ്ങളായ അഡ്വ. ഇന്ദിരാ രവീന്ദ്രന്‍, വി.ആര്‍.മഹിളാമണി, അഡ്വ. എലിസബത്ത് മാമ്മന്‍ മത്തായി, ഡയറക്ടര്‍ പി.ബി.രാജീവ്  എന്നിവര്‍ പരാതികള്‍ കേട്ടു.

date