Skip to main content

വൈപ്പിൻ മണ്ഡലം തീരസദസ്സ്: 464 അപേക്ഷകളിൽ 147 എണ്ണം തീർപ്പാക്കി

 

സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികാഘോഷത്തിന്റെ ഭാഗമായി ഫിഷറീസ് വകുപ്പ് വൈപ്പിൻ നിയോജക മണ്ഡലത്തിൽ  സംഘടിപ്പിച്ച തീരസദസ്സിൽ 147 അപേക്ഷകൾ തീർപ്പാക്കി. വിവിധ വിഭാഗങ്ങളിലായി  ഓൺലൈനായി ലഭിച്ച 423 അപേക്ഷകൾ ഉൾപ്പെടെ 464  അപേക്ഷകളാണ്  ലഭിച്ചത്. ഫിഷറീസ് വകുപ്പ്  മന്ത്രി സജി ചെറിയാന്റെ അധ്യക്ഷതയിൽ ഞാറക്കൽ മാഞ്ഞൂരാൻ ഹാളിലാണ് തീരസദസ്സ് സംഘടിപ്പിച്ചത്.

പട്ടയം ലഭിക്കുന്നതിനു ലഭിച്ച 14 അപേക്ഷകളിലും ഭൂമി പോക്കു വരവ് ചെയ്യാൻ സാധിക്കുന്നില്ലെന്ന പരാതിയിലും  റവന്യൂ വകുപ്പുമായി ആലോചിച്ച് അടിയന്തരമായി നടപടി സ്വീകരിക്കും.
ലൈഫ് ഭവന പദ്ധതിയിൽ നേരിടുന്ന കാലതാമസവും ഉന്നയിച്ച് ലഭിച്ച 22 പരാതികളിൽ പ്രത്യേക പരിഗണന നൽകി പരിഗണിക്കും.

വള്ളം, വല, എൻജിൻ എന്നിവ നഷ്ടപ്പെട്ടവർക്ക് നഷ്ടപരിഹാരം ലഭ്യമാക്കണമെന്ന അപേക്ഷ പരിഗണിച്ച് ഉചിതമായ നടപടി സ്വീകരിക്കും. മണ്ണെണ്ണ പെർമിറ്റുമായി ബന്ധപ്പെട്ടു ലഭിച്ച മൂന്ന് അപേക്ഷകൾ മത്സ്യഫെഡ് പരിശോധിച്ച് നടപടി സ്വീകരിക്കും.

സാമ്പത്തിക സഹായം ലഭ്യമാക്കുന്നതിനായി ലഭിച്ച 12 അപേക്ഷകളും കെട്ടിട നമ്പർ ലഭ്യമാക്കുന്നതിനായി ലഭിച്ച അപേക്ഷയും അടിയന്തരമായി പരിഗണിക്കും. എളങ്കുന്നപ്പുഴയുടെ നവീകരണ പദ്ധതി നടപ്പിലാക്കാൻ നടപടി സ്വീകരിക്കും. ഭവന നവീകരണം, സാനിറ്റേഷൻ, കുടിവെള്ളം, ഡ്രൈനേജ് തുടങ്ങിയവയും പദ്ധതിയുടെ ഭാഗമായി നടത്തും. തൊഴിൽ ലഭ്യമാക്കണമെന്ന ആവശ്യമുന്നയിച്ച് സമർപ്പിച്ച മൂന്ന് അപേക്ഷകളിൽ തൊഴിൽ തീരം പദ്ധതിയിൽ രജിസ്റ്റർ ചെയ്ത് അനുകൂല നടപടി സ്വീകരിക്കും.

 ലാപ്ടോപ്പ് ലഭ്യമാക്കുക, തടി വള്ളത്തിന്റെ എണ്ണം കൂട്ടുക, തടി വള്ളത്തിന്റെ ഗുണനിലവാരം ഉറപ്പുവരുത്തുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് ലഭിച്ച ഏഴ് അപേക്ഷകൾ പഞ്ചായത്ത്‌ ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി പരിഹരിക്കാനാകുമോ എന്ന് പരിശോധിക്കാൻ വകുപ്പ് ഉദ്യോഗസ്ഥക്ക് നിർദ്ദേശം നൽകി.

വീടുകളിൽ വെള്ളം കയറുന്നതു മൂലം ഉണ്ടാകുന്ന നാശനഷ്ടം പരിഹരിക്കുന്നതുമായി ബന്ധപ്പെട്ട് ലഭിച്ച 23 അപേക്ഷകളിൽ വീരൻപുഴയുടെ ആഴം കൂട്ടുന്നതിനും കായലിലെയും റോഡുകളിലെയും മണലും ചളിയും നീക്കം ചെയ്യുന്നതിനും നടപടി സ്വീകരിക്കാൻ ഇറിഗേഷൻ വകുപ്പിന് നിർദ്ദേശം നൽകി.

 ക്ഷേമനിധി അംഗത്വം, ക്ഷേമനിധി പെൻഷൻ, ചികിത്സ സഹായം, മത്സ്യ തൊഴിലാളികൾക്കുള്ള അപകട ഇൻഷുറൻസ് തുടങ്ങി മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡുമായി ബന്ധപ്പെട്ട് 48  ലഭിച്ച പരാതികളിൽ ഉചിതമായ നടപടി സ്വീകരിക്കും. ജാഗ്രത സമിതിയുടെ പ്രവർത്തനവുമായി ബന്ധപ്പെട്ട് ലഭിച്ച  നാലു പരാതിയിൽ പോലീസ് സ്റ്റേഷനുമായി കൂടിയാലോചിച്ചു നടപടി സ്വീകരിക്കും.

കടൽ ഭിത്തി, തീര്‍ദേശ ഹൈവേ, പാലം നിർമ്മാണം, ഫിഷ് ലാൻഡിങ് സെന്റർ നിർമ്മാണം തുടങ്ങിയവയുമായി ബന്ധപ്പെട്ട് 20 പരാതി ലഭിച്ചു. വൈപ്പിൻ ഫിഷ് ലാൻഡിങ് സെന്റർ നിർമ്മാണത്തിന്റെ ഭാഗമായി ലേലപ്പുര, വാർഫ്, അപ്രോച്ച് ജെട്ടി എന്നിവയുടെ നിർമ്മാണം പൂർത്തീകരിച്ചു. ഫിഷ് ലാൻഡിങ് സെന്ററിലേക്കുള്ള വഴിയും അടിസ്ഥാന സൗകര്യത്തിനുമായി റവന്യൂ വകുപ്പിൽ നിന്നും സ്ഥലം ഏറ്റെടുത്ത് ലഭ്യമായാൽ ഉടൻ വഴി, പാർക്കിംഗ് ഏരിയ എന്നിവയുടെ നിർമ്മാണത്തിനുള്ള ഭരണാനുമതി ലഭ്യമാക്കി നിർമ്മാണ പ്രവർത്തങ്ങൾ ആരംഭിക്കാൻ ഹാർബർ എൻജിനീയറിങ് വകുപ്പിനെ അറിയിയിച്ചു.

കടൽഭിത്തി നിർമ്മാണം, തീരദേശ സംരക്ഷണം, പുലിമുട്ട് സ്ഥാപിക്കൽ, തുടങ്ങിയ വിഷയങ്ങളിൽ ലഭിച്ച 54 അപേക്ഷകളിൽ മേജർ ഇറിഗേഷൻ വകുപ്പുമായി കൂടിയാലോചന നടത്തി തീരുമാനമെടുക്കും.

തീരദേശ ഹൈവേ നിർമ്മാണം അലൈൻമെന്റ് മാറ്റുന്നതിന് 19 നിവേദനം ലഭിച്ചു. സർക്കാർ തലത്തിൽ തുടർ നടപടി സ്വീകരിക്കും. പുഴയിൽ അടിഞ്ഞുകൂടിയ മണ്ണ് നീക്കം ചെയ്ത് ആഴം കൂട്ടുന്നതിന് മണൽത്തിട്ട നീക്കംചെയ്യാൻ ലഭിച്ച 10 അപേക്ഷകളിൽ  പരിഹാരം കാണാൻ ഇറിഗേഷൻ വകുപ്പിന് നിർദ്ദേശം നൽകി.
മുൻഗണന കാർഡിനായി ലഭിച്ച അപേക്ഷയിൽ മൂന്ന് പേർക്ക് റേഷൻ കാർഡ് ഉടൻ ലഭ്യമാക്കും.

ഫിഷറീസ് അനുമതിയില്ലാതെ നെൽപ്പാടം ചെമ്മീൻ കെട്ടാക്കി മാറ്റിയ വിഷയം ഉന്നയിച്ച് ലഭിച്ച പരാതിയിൽ അന്വേഷണം നടത്തി കളക്ടർക്ക് റിപ്പോർട്ട്‌ സമർപ്പിക്കണം. വലയുടെ വിലയും ജി.എസ്.ടി.യും കുറക്കാൻ ആവശ്യപ്പെട്ട പരാതിയിൽ സർക്കാർ തലത്തിൽ തീരുമാനം എടുക്കും.
കുടിവെള്ള ക്ഷാമം പരിഹരിക്കാൻ ലഭിച്ച നാല് അപേക്ഷകൾ പരിശോധിച്ച് പരിഹരിക്കാൻ വാട്ടർ അതോറിറ്റിക്ക് നിർദ്ദേശം നൽകി.

 ഫിഷറീസ് വകുപ്പിലെ 113 അപേക്ഷകൾ പരിഹരിക്കുകയും വകുപ്പിൽ റീ-രജിസ്ട്രേഷനമായി ബന്ധപ്പെട്ട് പരാതിയിൽ ഉടൻ പരിഹാരം കാണാനും നിർദ്ദേശിച്ചു. വി.എച്ച്.എഫുമായി ബന്ധപ്പെട്ട ഒൻപതു പരാതികളിൽ മൂന്ന് മാസത്തിനകം ലൈസൻസ് ലഭ്യമാക്കി ഉപകരണം വിതരണം ചെയ്യാൻ ടെൻഡർ ക്ഷണിച്ചു തുടർനടപടികൾ സ്വീകരിക്കും.

മത്സ്യഫെഡിലെ പ്രൊജക്റ്റ്‌ ഓഫീസർ തസ്തികയുമായി ബന്ധപ്പെട്ട ഡിപെൻഡൻസി സർട്ടിഫിക്കറ്റിലെ തിരുത്ത് ആവശ്യപ്പെട്ടു നൽകിയ പരാതിയിൽ സർക്കാർ തലത്തിൽ തീരുമാനം എടുക്കും.

പ്രാഥമിക മത്സ്യത്തൊഴിലാളി സംഘങ്ങളിലെ ജീവനക്കാർ ശമ്പളപരിഷ്കരണം, പെൻഷൻ പ്രായം തുടങ്ങിയവയുമായി  ബന്ധപ്പെട്ടു നൽകിയ അപേക്ഷയിൽ സർക്കാർ ഉചിതമായ തീരുമാനം എടുക്കും.
ആർ. എം. പി. തോടിനു സമീപം ഫിഷ് ലാൻഡിങ് സെന്റർ ആരംഭിക്കുന്ന നടപടി വൈകുന്നതിൽ മതിയായ നഷ്ടപരിഹാരം നൽകി പ്രശ്നം പരിഹരിക്കണമെന്ന് പുതുവൈപ്പ് തീരദേശ മത്സ്യത്തൊഴിലാളികൾ ആവശ്യപ്പെട്ടു. പരാതിയിൽ ഉചിതമായ തീരുമാനമെടുക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി.

date