Skip to main content

തീരദേശത്തെ ചേർത്ത് പിടിച്ച് വൈപ്പിൻ തീര സദസ്സ്: പ്രശ്നങ്ങൾ നേരിട്ട് കേട്ട് മന്ത്രി സജി ചെറിയാൻ

 

കാളമുക്ക് ഫിഷ്ലാന്റിങ് സെന്റർ നിമ്മാണത്തിന് പ്രഥമ പരിഗണന നൽകും

വൈപ്പിൻ നിയോജകമണ്ഡലത്തിൽ തീര സദസ്സിന്റെ ഭാഗമായി തീരദേശ ജനതയുടെ പ്രശനങ്ങൾ നേരിട്ടറിഞ്ഞ് ചർച്ച ചെയ്ത് മന്ത്രി സജി ചെറിയാൻ. തീര സദസ്സിന്റെ ആദ്യ ഘട്ടമായി ഞാറക്കൽ ഐലൻഡ് ക്ലബ്ബിൽ   പ്രാദേശികമായ വിഷയങ്ങൾ, വികസന പ്രവർത്തനങ്ങൾ, വികസന സാധ്യതകൾ തുടങ്ങിയവ ചർച്ച ചെയ്യുന്നതിന് നടന്ന ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടേയും, ട്രേഡ് യൂണിയൻ പ്രതിനിധികളുടെയും യോഗത്തിലാണ് മന്ത്രി നേരിട്ട് ചർച്ചയിൽ പങ്കെടുത്തത്. മുൻ വർഷം ചെയ്ത പ്രവർത്തനങ്ങളുടെ  അവലോകനം, പുതിയതായി നടപ്പാക്കേണ്ട പദ്ധതികൾ എന്നിവ ചർച്ച ചെയ്യുന്നതിനാണ് യോഗം നടന്നത്. കടലാക്രമണം ഭവന നിർമ്മാണം, നഷ്ട്ട പരിഹാരം, അടിസ്ഥാന സൗകര്യ വികസനം, ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവർത്തനം, തീര ദേശ റോഡുകളുടെ നവീകരണം, കുടിവെള്ളം, ട്രെഡ്ജിങ്ങ് തുടങ്ങിയ വിഷയങ്ങൾ യോഗത്തിൽ ചർച്ചചെയ്തു.

കാളമുക്ക് ഫിഷ്ലാന്റിങ് സെന്റർ നിമ്മാണത്തിന് പ്രഥമ പരിഗണന നൽകുമെന്ന് മന്ത്രി പറഞ്ഞു. ഫിഷ് ലാന്റിങ് സെന്ററിന്റെ നിർമ്മാണത്തിനായി 251 ലക്ഷം രൂപ അനുവദിച്ചിരുന്നു. നിർമ്മാണം പൂർത്തിയാക്കുന്നതിന് സ്ഥലം ഏറ്റെടുക്കുന്നതിന് കൂടുതൽ  തുക ആവശ്യമായി വരുന്നുണ്ട്.  ഈ സാഹചര്യത്തിൽ പദ്ധതിക്ക് പ്രഥമ പരിഗണന നൽകി  പദ്ധതി പൂർത്തിയാക്കാനുള്ള നടപടി സ്വീകരിക്കുമെന്ന് മന്ത്രി പറഞ്ഞു.

എടവനക്കാട് - ബീച്ച് റോഡ് സഞ്ചാരയോഗ്യമാക്കും

സുനാമിയെ തുടർന്ന് വർഷങ്ങളായി തകർന്ന് കടൽ മണൽ കയറി  സഞ്ചാര യോഗ്യമല്ലാതെ കിടക്കുന്ന എടവനക്കാട് - ബീച്ച് റോഡ് എത്രയും വേഗം സഞ്ചാരയോഗ്യമാക്കാൻ  ഉദ്യോഗസ്ഥർക്ക് മന്ത്രി സജി ചെറിയാൻ നിർദ്ദേശം നൽകി. വൈപ്പിൻ മണ്ഡലം തീര സദസ്സിലാണ് മന്ത്രിയുടെ നിർദ്ദേശം. രണ്ടര കിലോമീറ്റർ റോഡിലെ മണൽ കയറികിടക്കുന്നത് ഉടൻ മാറ്റണം.  സീ വാൾ നിർമ്മിക്കാനുള്ള എസ്റ്റിമേറ്റ് തയ്യാറാക്കാനും മേജർ ഇറിഗേഷൻ വകുപ്പിന്  മന്ത്രി നിർദേശം നൽകി. റോഡിന്റെ നിർമ്മാണം ഉടൻ ആരംഭിക്കുന്നതിന് നടപടി സ്വീകരിക്കാൻ പൊതുമരാമത്ത് വകുപ്പിനോടും നിർദ്ദേശിച്ചു. കെ.എൻ ഉണ്ണികൃഷ്ണൻ എം.എൽ.എയും ജില്ലാ കലക്ടറും ചേർന്ന് ദേശവാസികളും ജനപ്രതിനിധികളുമായി  റോഡിന്റെ നിർമ്മാണവുമായി ബന്ധപ്പെട്ട ചർച്ച നടത്തണം.

പള്ളിപ്പുറം  പഞ്ചായത്ത് പതിനേഴാം വാർഡിൽ 50 കുടുംബങ്ങൾക്ക് പട്ടയം ലഭിക്കാത്ത വിഷയത്തിൽ എത്രയും വേഗം പരിശോധന നടത്തി നടപടി സ്വീകരിക്കാൻ താഹസീൽദാരെ ചുമതലപ്പെടുത്തി. പള്ളിപ്പുറം പഞ്ചായത്ത് ഒന്നാം വാർഡിൽ വഖഫ് ബോർഡുമായുള്ള ഭൂമി തർക്കത്തിൽ കൃത്യമായ പരിശോധന നടത്താൻ കെ.എൻ ഉണ്ണിക്കൃഷ്ണൻ എം.എൽ. എയെ ചുമതലപ്പെടുത്തി.

വീരൻ പുഴ അടക്കമുള്ള പുഴകളിലും തോടുകളിലും വെള്ളം കയറുന്ന അവസ്ഥ ഒഴിവാക്കാൻ മണ്ഡലങ്ങളിലെ ചെറുതോടുകളുടെ നവീകരണത്തിന് സമഗ്ര പദ്ധതി ആവിഷ്കരിച്ച്  എം.എൽ.എ  വഴി സർക്കാരിലേക്ക് സമർപ്പിക്കണം. ഘട്ടംഘട്ടമായി പദ്ധതി നടപ്പിലാക്കും. ഉപ്പ് വെള്ളം ജലാശയങ്ങളിലേക്ക് കയറി ശുദ്ധജല ക്ഷാമം ഉണ്ടാവുന്ന സാഹചര്യം ഒഴിവാക്കാൻ സ്ലുയിസ് കം ബ്രിഡ്ജ് നിർമ്മിക്കാൻ നിർദേശം നൽകി.

പ്രളയത്തിൽ നാശനഷ്ട്ടം സംഭവിച്ച കടമക്കുടി ഗ്രാമപഞ്ചായത്തിലെ പുതിശ്ശേരി പാലത്തിന്റെ അപ്രോച്ച് റോഡ് നവീകരണത്തിന്  ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക്‌ നിർദേശം നൽകി. ചാത്തങ്ങാട് കടപ്പുറം റോഡ് നിർമ്മാണവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ചർച്ച നടത്താൻ എം.എൽ.എയെ ചുമതലപ്പെടുത്തി.

ഞാറയ്ക്കൽ താലൂക്ക് ആശുപത്രിയിൽ കിടത്തി ചികിത്സയും 24 മണിക്കൂറും ഡോക്ടറുടെ സേവനം ഉറപ്പ് വരുത്തുന്നതിന്റെ സാങ്കേതിക തടസങ്ങൾ ഒഴിവാക്കാൻ ആരോഗ്യവകുപ്പ് മന്ത്രിയുമായി ചർച്ച നടത്തി നടപടി സ്വീകരിക്കുമെന്ന് മന്ത്രി പറഞ്ഞു.

 എടവനക്കാട് പഞ്ചായത്തിലെ കുടിവെള്ളപ്രശ്നത്തിന് പരിഹാരം കാണാനും  ബന്ധപ്പെട്ട ഉദ്യോഗസ്ഥര ചുമതലപ്പെടുത്തി. അഴീക്കോട്‌  മുനമ്പം മേഖലയിൽ സംരക്ഷണ ഭിത്തി നിർമ്മാണം, കുഴിപ്പിള്ളി പഞ്ചായത്തിൽ പുലിമുട്ട് നിർമ്മാണം തുടങ്ങിയ വിഷയങ്ങളിൽ പരിശോധന നടത്താൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക്‌ നിർദേശം നൽകി. തീരദേശ സംരക്ഷണ നിയമവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ചർച്ച ചെയ്യുന്നതിന് ജൂൺ 12ന് കളക്ടറുടെ നേതൃത്വത്തിൽ യോഗം നടക്കുമെന്നും മന്ത്രി പറഞ്ഞു. 

യോഗത്തിൽ കെ.എൻ ഉണ്ണികൃഷ്ണൻ എം.എൽ.എ,  വൈപ്പിൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് തുളസി സോമൻ, ഞാറക്കൽ പഞ്ചായത്ത് പ്രസിഡന്റ് ടി. ടി ഫ്രാൻസിസ്, ഫിഷറീസ് വകുപ്പ് അസിസ്റ്റന്റ് ഡയറക്ടർ എൻ. എസ്  ഷീലു, ഫിഷറീസ് ജോയിന്റ് ഡയറക്ടർ എസ്. മഹേഷ്‌ , ഫിഷറീസ് മേഖല ഡെപ്യൂട്ടി ഡയറക്ടർ എസ്. ജയശ്രീ, തദ്ദേശസ്ഥാപനങ്ങളിലെ ജനപ്രതിനിധികൾ, മത്സ്യ മേഖലയിലെ പ്രതിനിധികൾ, പൗര പ്രമുഖർ,  ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

date