Skip to main content

ശവക്കോട്ടപ്പാലം, കൊമ്മാടിപ്പാലം എന്നിവ സ്കൂൾ തുറപ്പ് പ്രമാണിച്ച്  ജൂൺ ഒന്നിന് തുറന്നുനൽകും

ശവക്കോട്ടപ്പാലം, കൊമ്മാടിപ്പാലം എന്നിവ അദ്ധ്യയന വർഷാരംഭം പരിഗണിച്ച് ജൂൺ ഒന്നിന് തന്നെ പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കാൻ നിർവ്വഹണ ഉദ്യോഗസ്ഥന് ജില്ലാ കളക്ടർ ഹരിത വി. കുമാർ നിർദേശം നൽകി. ജില്ലാ വികസന സമിതി യോഗത്തിലായിരുന്നു നിർദേശം. 

അടുത്ത അദ്ധ്യയനവർഷം ആരംഭിക്കുന്നതിനോടനുബന്ധിച്ചുള്ള പ്രവേശനോത്സവങ്ങൾക്ക് ആവശ്യമായ തയ്യാറെടുപ്പുകൾ സ്വീകരിക്കണമെന്ന് വിദ്യാഭ്യാസ വകുപ്പിനും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്കും കളക്ടർ നിർദ്ദേശം നൽകി. ജില്ലാ വികസന സമിതിയിൽ ചർച്ച ചെയ്യുന്ന വികസന പ്രശ്നങ്ങൾക്ക് സമയബന്ധിതമായി നടപടികൾ സ്വീകരിച്ച് റിപ്പോർട്ട് ചെയ്യുവാൻ എല്ലാ ജില്ലാതല ഉദ്യോഗസ്ഥരും ശ്രദ്ധിക്കണമെന്നും കളക്ടർ പറഞ്ഞു.

കുട്ടനാട് കുടിവെള്ള പദ്ധതിയുടെ നിർവ്വഹണ പുരോഗതി തോമസ് കെ. തോമസ് എം.എൽ.എ. വിലയിരുത്തി. ഗോവേന്ദ പാലം, ആയിരവേലി പാലം, സൊസൈറ്റി പാലം എന്നിവയുടെ നിർവ്വഹണ പുരോഗതിയും എം.എൽ.എ. വിലയിരുത്തി. മഴക്കാല പൂർവ്വ ശുചീകരണത്തിനായി ജലസേചന വകുപ്പ് കുട്ടനാടൻ പ്രദേശത്ത് സ്വീകരിച്ച നടപടികളും ചോദിച്ചറിഞ്ഞു. 

അന്ധകാരനഴി ഷട്ടർ അടിയന്തിരമായി തുറക്കണമെന്ന് ദലീമ ജോജോ എം.എൽ.എ. ആവശ്യപ്പെട്ടു. അരൂരിന്റെ തീരപ്രദേശങ്ങളിൽ കുടിവെള്ള ക്ഷാമം രൂക്ഷമാണെന്നും വരുന്ന മഴക്കാലം കൂടി പരിഗണിച്ച് കുടിവെള്ള ലഭ്യത ഉറപ്പാക്കണമെന്നും എം.എൽ.എ. ആവശ്യപ്പെട്ടു.

ഹരിപ്പാട് മെഡിക്കൽ കോളേജിനായി ഏറ്റെടുത്ത സ്ഥലം സംരക്ഷിക്കുന്നതിനും ചുറ്റുമതിലിൻറെ നിർമ്മാണ പ്രവർത്തനത്തിനുമുള്ള നടപടി സ്വീകരിക്കണമെന്നും ഹരിപ്പാട് എം.എൽ.എ. രമേശ് ചെന്നിത്തലയുടെ പ്രതിനിധി യോഗത്തിൽ ആവശ്യപ്പെട്ടു. 

ജില്ല പ്ലാനിംഗ് ഓഫീസർ സത്യപ്രകാശ്, ജില്ലാതല ഉദ്യോഗസ്ഥർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.

date