Skip to main content

ആലപ്പുഴ കളക്ടറേറ്റിൽ ഡ്രൈ ഡേ ആചരിച്ചു

 നവകേരളം വൃത്തിയുള്ള കേരളം പ്രചാരണത്തിൻറെ ഭാഗമായി കളക്ടറേറ്റിലെ വിവിധ സർക്കാർ ഓഫീസുകളിൽ ഡ്രൈ ഡേ ആചരിച്ചു. 
ജില്ല ഭരണ കേന്ദ്രം, ശുചിത്വ മിഷൻ, വിവിധ വകുപ്പുകളുടെ ജില്ലാതല മേധാവികൾ എന്നിവരുടെ നേതൃത്വത്തിലാണ് ഡ്രൈ ഡേ ആചരിച്ചത്. ജില്ല കളക്ടർ ഹരിത വി.കുമാറിൻറെ  അധ്യക്ഷതയിൽ നേരത്തെ കൂടിയ യോഗത്തിന്റെ അടിസ്ഥാനത്തിലാണ് എല്ലാ ശനിയാഴ്ചകളിലും കളക്ടറേറ്റിൽ ഡ്രൈ ഡേ ആചരിക്കാൻ തീരുമാനിച്ചത്.

സിവിൽ സ്റ്റേഷൻ പരിസരത്തെ കാട് വെട്ടി തെളിക്കൽ, മാലിന്യം നീക്കം ചെയ്യൽ തുടങ്ങിയ പ്രവർത്തനങ്ങളാണ് നടന്നത്. ഓഫീസ് പ്രവർത്തനത്തെ ബാധിക്കാത്ത തരത്തിലായിരുന്നു ശുചീകരണ പ്രവർത്തനങ്ങൾ. വിവിധ ഓഫീസുകളിലെ പ്ലാസ്റ്റിക് മാലിന്യങ്ങൾ, പേപ്പറുകൾ, കുപ്പികൾ, ഉപയോഗശൂന്യമായ കമ്പ്യൂട്ടർ, ഇലക്ട്രോണിക് ഉപകരണങ്ങൾ, പഴയ ഫയലുകൾ തുടങ്ങിയവ പ്രത്യേകം തരം തിരിച്ചു. ശേഖരിച്ച മാലിന്യങ്ങൾ നിർമ്മാർജനം ചെയ്യുന്നതിനായി ശുചിത്വ മിഷന്റെ നേതൃത്വത്തിൽ ക്ലീൻ കേരള കമ്പനിയെ ഏൽപ്പിക്കും. എല്ലാ ശനിയാഴ്കളിലും ഇത്തരത്തിൽ ഡ്രൈ ഡേ ആചരിക്കും. ശനിയാഴ്ചത്തെ ഡ്രൈഡേ ആചരണത്തിന് ജില്ല കളക്ടർ ഹരിത വി.കുമാർ, എ.ഡി.എം. എസ്.സന്തോഷ് കുമാർ തുടങ്ങിയവർ നേതൃത്വം നൽകി.

date