Skip to main content
,

സഹകരണ മേഖലയുടെ പുരോഗതി ഉറപ്പാക്കാന്‍ സമഗ്ര നിയമഭേദഗതി കൊണ്ടുവരും: മന്ത്രി വി എന്‍ വാസവന്‍

 

സഹകരണ മേഖലയുടെ പുരോഗതി ഉറപ്പാക്കാന്‍ സമഗ്ര നിയമഭേദഗതി കൊണ്ടുവരുന്നതിനുള്ള തയ്യാറെടുപ്പിലാണ് വകുപ്പെന്ന് സഹകരണ, രജിസ്ട്രേഷന്‍ വകുപ്പ് മന്ത്രി വി എന്‍ വാസവന്‍. സംസ്ഥാനത്തെ പ്രാഥമിക കാര്‍ഷിക വായ്പാ സംഘങ്ങളെ സമഗ്ര പുരോഗതിയിലേക്ക് നയിക്കുക എന്ന ലക്ഷ്യത്തോടെ കേരള ബാങ്ക് നടപ്പാക്കുന്ന പാക്‌സ് (പ്രൈമറി അഗ്രികള്‍ച്ചറല്‍ ക്രെഡിറ്റ് സൊസൈറ്റീസ്) പുനരുദ്ധാരണ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നെടുങ്കണ്ടത്ത് നിര്‍വഹിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു മന്ത്രി. നാടിന്റെ അത്താണികളായി പ്രവര്‍ത്തിക്കുന്ന സംസ്ഥാനത്തെ പ്രാഥമിക സംഘങ്ങളെ സംരക്ഷിക്കുന്നത്തിനുള്ള ചുമതല കേരള ബാങ്കിനുണ്ടെന്നും മന്ത്രി പറഞ്ഞു. നെടുങ്കണ്ടം കിഴക്കേകവലയിലെ പഞ്ചായത്ത് ഓഡിറ്റോറിയത്തില്‍ ശനിയാഴ്ച്ച രാവിലെ 11 ന് നടന്ന ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലേഖ ത്യാഗരാജ് അധ്യക്ഷത വഹിച്ചു.
ഗ്രാമീണ വികസനത്തിനാവശ്യമായ വിഭവങ്ങള്‍ ഗ്രാമങ്ങളില്‍നിന്ന് തന്നെ സമാഹരിച്ച് രാജ്യത്തിന് മാതൃകയായ സംസ്ഥാനത്തെ പ്രാഥമിക കാര്‍ഷിക വായ്പാ സംഘങ്ങളെ ശക്തിപ്പെടുത്തുന്നതിനായാണ് കേരള ബാങ്ക് ഇത്തരമൊരു പുനരുദ്ധാരണ നടപടി സ്വീകരിച്ചതെന്ന് കേരള ബാങ്ക് സിഇഒ പി എസ് രാജന്‍ വിശദീകരിച്ചു. കേരളത്തിലെ പ്രാഥമിക കര്‍ഷക സംഘങ്ങള്‍ക്ക് അടിസ്ഥാന സൗകര്യവികസനത്തിനായി തയ്യാറാക്കിയ 'അഗ്രി ഇന്‍ഫ്രാ ഫണ്ട്', സ്വന്തമായി കൃഷിചെയ്തും കൃഷി അനുബന്ധ വ്യവസായങ്ങള്‍ ചെയ്തും ജീവിക്കാം എന്ന് ഉറപ്പുള്ളവര്‍ക്ക് സംരംഭങ്ങള്‍ ആരംഭിക്കുന്നതിനുള്ള 'ഫാര്‍മര്‍ പ്രൊഡ്യൂസേഴ്സ് കമ്പനി' എന്നിങ്ങനെ രണ്ട് പദ്ധതികള്‍ പാക്സിലുണ്ട്.
കാര്‍ഷിക മേഖലയിലെ സമഗ്ര സംഭാവനയ്ക്ക് അന്താരാഷ്ട്ര പുരസ്‌കാരം നേടിയ അടിമാലി സ്വദേശി സി എം ഗോപി ചെറുകുന്നേലിനെ മന്ത്രി വി എന്‍ വാസവന്‍ ചടങ്ങില്‍ ആദരിച്ചു. ഇടുക്കി ജില്ലയിലെ സംഘങ്ങള്‍ക്കുള്ള വായ്പാ വിതരണം കേരള ബാങ്ക് മാനേജ്മെന്റ് ബോര്‍ഡ് അംഗം ബി പി പിള്ള ഉദ്ഘാടനം ചെയ്തു. കേരള ബാങ്ക് ചീഫ് ജനറല്‍ മാനേജര്‍ കെ സി സഹദേവന്‍ സംഘങ്ങളുടെ അംഗതല വായ്പ വിതരണം നടത്തി.
കേരള ബാങ്ക് ഡയറക്ടര്‍ കെ വി ശശി, സംസ്ഥാന കാര്‍ഷിക കടാശ്വാസ കമ്മീഷന്‍ അംഗം ജോസ് പാലത്തിനാല്‍, ജില്ലാ സഹകരണ ബാങ്ക് മുന്‍ പ്രസിഡന്റ് പി എന്‍ വിജയന്‍, പാക്‌സ് അസോ. പ്രസിഡന്റ് കെ ദീപക്, ഉടുമ്പന്‍ചോല സര്‍ക്കിള്‍ സഹകരണ യൂണിയന്‍ ചെയര്‍മാന്‍ കെ ആര്‍ സോദരന്‍, ജില്ലാ സഹകരണ സംഘം ഡെ. രജിസ്ട്രാര്‍ റെയ്നു തോമസ്, കേരള ബാങ്ക് സിജിഎം എ ആര്‍ രാജേഷ്, കോട്ടയം കേരള ബാങ്ക് റീജ്യണല്‍ ജനറല്‍ മാനേജര്‍ ലത പിള്ള, വിവിധ പഞ്ചായത്ത് പ്രസിഡന്റുമാര്‍, കേരള ബാങ്ക് ജീവനക്കാര്‍ എന്നിവര്‍ പങ്കെടുത്തു.

ചിത്രം :
1. കേരള ബാങ്ക് പാക്സ് പുനരുദ്ധാരണ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം സഹകരണ, രജിസ്ട്രേഷന്‍ വകുപ്പ് മന്ത്രി വി എന്‍ വാസവന്‍ നെടുങ്കണ്ടത്ത് നിര്‍വഹിക്കുന്നു

 

date