Skip to main content

മാലിന്യ മുക്തം നവകേരളം: പൊതുസ്ഥലത്ത് മാലിന്യം കണ്ടാൽ പൊതുജനങ്ങൾക്ക് അറിയിക്കാം 

 

മാലിന്യ മുക്തം നവകേരളം പദ്ധതിയുടെ ഭാഗമായി റോഡരികുകളിലോ പൊതുസ്ഥലത്തോ മാലിന്യം കണ്ടാൽ പൊതുജനങ്ങൾക്ക്  അധികാരികളെ ഓൺലൈനായി വേ​ഗത്തിൽ അറിയിക്കാം. കലക്ട്രേറ്റ് വാർ റൂമിലെ https://warroom.lsgkerala.gov.in/garbage എന്ന വെബ്സൈറ്റിലേക്ക് ഫോട്ടോ എടുത്ത് പൊതുജനങ്ങൾക്ക് നേരിട്ട് അപ്‌ലോഡ് ചെയ്യാം. ജില്ല, തദ്ദേശ സ്വയംഭരണ സ്ഥാപനം, പ്രദേശത്തിന്റെ പേര്,   മൊബൈൽ നമ്പർ, മാലിന്യം സ്ഥിതി ചെയ്യുന്നതിന് അടുത്തുള്ള ലാൻഡ് മാർക്ക്, ചിത്രം തുടങ്ങിയ വിവരങ്ങളാണ് നൽകേണ്ടത്. മൊബൈൽ നമ്പർ രഹസ്യമാക്കി വെക്കുന്നതിനാൽ വിവരം നൽകിയതാരെന്ന് പുറത്തറിയില്ല. പ്രസ്തുത പ്രദേശത്ത് നിന്ന് ഏഴ് ദിവസത്തിനുള്ളിൽ മാലിന്യങ്ങൾ നീക്കം ചെയ്തില്ലെങ്കിൽ ബന്ധപ്പെട്ട തദ്ദേശ ഭരണ സ്ഥാപനത്തിനെതിരെ നടപടി സ്വീകരിക്കും. 

കൗൺസിലർമാർ, വാർഡ് മെമ്പർമാർ, ഹരിത കർമ്മ സേനാംഗങ്ങൾ, റിസോഴ്‌സ് പേഴ്സന്മാർ, സന്നദ്ധപ്രവർത്തകർ തുടങ്ങി എല്ലാവരും ഈ സൗകര്യം പ്രയോജനപ്പെടുത്തണമെന്ന് ജില്ലാ കലക്ടർ എ ഗീത അറിയിച്ചു. മാലിന്യങ്ങൾ നീക്കം ചെയ്ത ശേഷം വീണ്ടും വലിച്ചെറിയൽ തുടരുന്ന സ്ഥലങ്ങളിൽ പോർട്ടബിൾ സി സി ടി വി സ്ഥാപിച്ച് നടപടി സ്വീകരിക്കണമെന്നും ജില്ലയിലെ തദ്ദേശ സ്വയം ഭരണ അധ്യക്ഷൻമാരുടെയും സെക്രട്ടറിമാരുടെയും സാന്നിധ്യത്തിൽ ചേർന്ന വലിച്ചെറിയൽ മുക്ത ജില്ലാതല അവലോകന യോഗത്തിൽ തീരുമാനിച്ചു. തദ്ദേശവകുപ്പ് ജോയിന്റ് ഡയറക്ടർ പി ടി പ്രസാദ്, സൂപ്രണ്ട് പ്രകാശ് കെ എം, മാലിന്യമുക്ത നവകേരള കോഡിനേറ്റർ മണലിൽ മോഹനൻ എന്നിവർ സംസാരിച്ചു.

date