Skip to main content
മാലിന്യമുക്ത ശുചിത്വ സ്‌കൂളുകള്‍

മാലിന്യമുക്ത ശുചിത്വ സ്‌കൂളുകള്‍:  നാദാപുരത്ത് പ്രധാനാധ്യാപകരുടെ യോഗം ചേര്‍ന്നു

 

സ്‌കൂളുകള്‍ മാലിന്യമുക്തമായി സംരക്ഷിക്കുന്നതുമായി ബന്ധപ്പെട്ട് നാദാപുരം ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ സ്‌കൂളുകളിലെ പ്രധാനാധ്യാപകരുടെ യോഗം ചേര്‍ന്നു. സംസ്ഥാന സര്‍ക്കാരിന്റെ നിര്‍ദ്ദേശപ്രകാരം പഞ്ചായത്ത്  എജുക്കേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പ്രധാനാധ്യാപകരുടെയും ജനപ്രതിനിധികളുടെയും യോഗം ചേര്‍ന്നത്.

സ്‌കൂള്‍ തുറക്കുന്നതിന് മുന്നോടിയായി പഞ്ചായത്തിന്റെ നേതൃത്വത്തില്‍ പ്രത്യേക സ്‌ക്വാഡ് എല്ലാ സ്‌കൂളുകളും പരിശോധിച്ച് പരിസരം വൃത്തിയാക്കിയെന്നും സമ്പൂര്‍ണ്ണ ശുചീകരണം നടപ്പിലാക്കിയെന്നും ഉറപ്പുവരുത്തണമെന്ന് യോഗം തീരുമാനിച്ചു. സ്‌കൂളുകളില്‍ ഇഴ ജന്തുക്കള്‍ കയറാതിരിക്കാനുള്ള മുന്‍ കരുതല്‍ സ്വീകരിക്കണം. 

കുടിവെള്ള ടാങ്കുകള്‍, കിണറുകള്‍ മറ്റു ജലസ്രോതസ്സുകള്‍ എന്നിവ നിര്‍ബന്ധമായി ശുദ്ധീകരിച്ച് അണുവിമുക്തമാക്കിയെന്ന് ഉറപ്പുവരുത്തണം. കൂടാതെ കുടിവെള്ളം പരിശോധന നടത്തിയതിന്റെ റിസള്‍ട്ട് ആരോഗ്യവകുപ്പിന് സമര്‍പ്പിക്കണം. എല്ലാ സ്‌കൂളുകളും ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമായും വാങ്ങിച്ചിരിക്കേണ്ടതാണെന്നും യോഗം തീരുമാനിച്ചു. 

സ്‌കൂള്‍ പരിസരത്ത് കൊടി തോരണങ്ങള്‍ ,ബോര്‍ഡുകള്‍, അപകടകരമായ നിലയില്‍ മരങ്ങളോ മര ചില്ലകളോ ഉണ്ടെങ്കില്‍ പഞ്ചായത്തിനെ അറിയിക്കേണ്ടതും ട്രീ കമ്മിറ്റി ചേര്‍ന്ന് തുടര്‍ നടപടി സ്വീകരിക്കുമെന്നും കമ്മിറ്റി അറിയിച്ചു. സ്‌കൂള്‍ പരിസരത്ത് കടകളില്‍ കൃത്യമായി പരിശോധന നടത്തി നിരോധിത വസ്തുക്കള്‍ ,ലഹരി വസ്തുക്കള്‍ ,കുട്ടികളുടെ ആരോഗ്യത്തിന് ഹാനികരമായ ഭക്ഷണവിഭവങ്ങള്‍ വില്‍ക്കുന്നില്ല എന്ന് ഉറപ്പുവരുത്തും. ഇതിനായി പോലീസ് ,എക്‌സൈസ് വകുപ്പുകളുടെ സഹായവും തേടു. സ്‌കൂള്‍ തുറക്കുന്നതിന്റെ മുന്നൊരുക്ക പ്രവര്‍ത്തനത്തിന്റെ ഭാഗമായി പിടിഎ യോഗം വിളിച്ചു ചേര്‍ത്ത്  ബോധവല്‍ക്കരണം നടത്താനും യോഗത്തില്‍ തീരുമാനിച്ചു. നാദാപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്  വി വി മുഹമ്മദലി അധ്യക്ഷത വഹിച്ചു.  യോഗത്തില്‍ പഞ്ചായത്ത് സെക്രട്ടറി ടി ഷാഹുല്‍ ഹമീദ് സംസ്ഥാന സര്‍ക്കാറിന്റെ നിര്‍ദ്ദേശങ്ങള്‍ അവതരിപ്പിച്ചു. പി ഇ സി കണ്‍വീനര്‍ സി എച്ച് പ്രദീപ്കുമാര്‍ ,ബിആര്‍സി ട്രെയിനര്‍ കെ ഫാത്തിമ,  വാര്‍ഡ് മെമ്പര്‍മാരായ സി ടി കെ സെമിറ ,പി സുമയ്യ ,അബ്ദുല്‍ ജലീല്‍  ,ആയിഷ ഗഫൂര്‍ എന്നിവര്‍ സംസാരിച്ചു.

date