Skip to main content

മെഡിക്കല്‍ കോളേജില്‍ പുതിയ ഫുഡ്കോര്‍ട്ട് ഉദ്ഘാടനം ചെയ്തു 

മെഡിക്കല്‍ കോളേജിലെ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ബ്ലോക്ക്
ഈ വര്‍ഷം നാടിന് സമര്‍പ്പിക്കും: മന്ത്രി പി. രാജീവ്

 

 

കളമശ്ശേരിയിലെ എറണാകുളം ഗവ. മെഡിക്കല്‍ കോളേജിലെ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ബ്ലോക്ക് ഈ വര്‍ഷം നാടിന് സമര്‍പ്പിക്കുമെന്ന്  വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് പറഞ്ഞു. മെഡിക്കല്‍ കോളേജില്‍ പുതുതായി പണി കഴിപ്പിച്ച ഫുഡ്കോര്‍ട്ടിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

 

ഫുഡ് കോര്‍ട്ടിലിരുന്ന് ഭക്ഷണം കഴിക്കുന്നവര്‍ ഭക്ഷണാവശിഷ്ടങ്ങള്‍ വലിച്ചെറിയാതെ പ്രത്യേക സ്ഥലങ്ങളില്‍ നിക്ഷേപിക്കണം. അതിനായി വേസ്റ്റ് ബിന്നുകള്‍ സ്ഥാപിക്കണം. മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട് കളമശേരി മണ്ഡലത്തില്‍ വിപുലമായ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ട്. മെഡിക്കല്‍ കോളേജില്‍ ഉള്‍പ്പെടെ എല്ലായിടത്തും ശുചിത്വത്തിനൊപ്പം കളമശ്ശേരി ക്യാംപയിന്‍  കാര്യക്ഷമമായി നടക്കുന്നുണ്ടെന്നും രണ്ട് വര്‍ഷത്തിനുള്ളില്‍ ഏറ്റവും മികച്ച മെഡിക്കല്‍ കോളേജ് ആക്കി മാറ്റുമെന്നും മന്ത്രി പറഞ്ഞു. 

 

ഫുഡ് കോര്‍ട്ട് യാഥാര്‍ത്ഥ്യമായതോടെ മെഡിക്കല്‍ കോളേജില്‍  നിന്നും സൗജന്യ ഭക്ഷണം ലഭിക്കുന്ന രോഗികള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ഭക്ഷണം ഇരുന്നു കഴിക്കുന്നതിനുള്ള സൗകര്യമാണ് ലഭ്യമാകുന്നത്. മന്ത്രി പി. രാജീവിന്റെ എം.എല്‍.എ ഫണ്ടില്‍ നിന്നും 20 ലക്ഷം രൂപ ചെലവഴിച്ചാണ് ഫുഡ് കോര്‍ട്ട് നിര്‍മ്മിച്ചത്. 663 ചതുരശ്ര അടി, 415 ചതുരശ്ര അടി എന്നിങ്ങനെ രണ്ട് ഫുഡ്കോര്‍ട്ടുകള്‍ അഞ്ച് മാസം കൊണ്ട് പി.ഡബ്ല്യു.ഡിയാണ് നിര്‍മാണം പൂര്‍ത്തീകരിച്ചത്. ഒരേസമയം 100 പേര്‍ക്ക് ഇരുന്ന് ഭക്ഷണം കഴിക്കാനാകുന്ന കെട്ടിടത്തിന് ആവശ്യമായ വൈദ്യുതി, ജല സൗകര്യങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

 

നഗരസഭ ചെയര്‍പേഴ്‌സണ്‍ സീമ കണ്ണന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ മെഡിക്കല്‍ സൂപ്രണ്ട് ഡോ. ഗണേഷ് മോഹന്‍, മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. രശ്മി രാജന്‍, വാര്‍ഡ് കൗണ്‍സിലര്‍ കെ.കെ ശശി തുടങ്ങിയവര്‍ പങ്കെടുത്തു.

date